Voice of Truth

ഇത്രയും റോഡപകടങ്ങള്‍ ഉണ്ടാകേണ്ടതുണ്ടോ?

റോഡ് അപകടങ്ങളും മരണങ്ങളും കേരളത്തില്‍ നിത്യസംഭവം ആണല്ലോ. 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ റോഡ് അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം അമ്പരപ്പിക്കുന്നതാണ്.
ഓരോ വര്‍ഷവും 35,000-ത്തിനും 43,000-ത്തിനും ഇടയ്ക്ക് റോഡ് അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നു.
2001 മുതല്‍ 2018 വരെ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 67,337. ഇനി ഇതേ കാലയളവില്‍ റോഡ് അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം കൂടി കേള്‍ക്കുക: 8,15,693. ഇതിന്റെ കൂടെ 2019-ലെ കണക്കുകള്‍കൂടി ചേര്‍ത്താല്‍ അപകടങ്ങളുടെ എണ്ണം ഏഴുലക്ഷത്തിലധികം വരും. മരിച്ചവരുടെ എണ്ണം 72,000-ത്തോളം വരും. പരിക്കേറ്റവരുടെ എണ്ണം 8,60,000-ല്‍ അധികമാണ്.
ഈ റോഡപകടങ്ങളുടെ ബാധ്യതകള്‍ എത്ര വലുതാണെന്ന് നമ്മള്‍ ചിന്തിക്കണം. മരിച്ചവരില്‍ അനേകര്‍ ഒരുപാട് ജീവിതം ബാക്കി കിടക്കുന്നവര്‍ ആയിരുന്നു. അവര്‍ക്ക് ജീവന്‍ പോയി. അവരുടെ കുടുംബങ്ങള്‍ക്ക് അപ്പനും ഭര്‍ത്താവും ഭാര്യയും അമ്മയും സഹോദരനും സഹോദരിയും നഷ്ടപ്പെട്ടു. കുടുംബത്തിന്റെ നെടുംതൂണ്‍ ആണ് പലപ്പോഴും നഷ്ടപ്പെട്ടത്. ഇനി, പരിക്കേറ്റവരുടെ ചികിത്സയ്ക്ക് അവരുടെ കുടുംബാംഗങ്ങള്‍ എത്ര പണം ചെലവാക്കി? ഈ പണം കണ്ടെത്താന്‍ അവര്‍ എത്ര കഷ്ടപ്പെട്ടു. അനേക കുടുംബങ്ങളുടെ വരുമാംന നിലക്കുക മാത്രമല്ല കടബാധ്യത കൂടുകകൂടിയാണ് ഉണ്ടായത്. പരിക്കേറ്റവര്‍ സഹിച്ച വേദനകള്‍ വേറെ. പലര്‍ക്കും ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് വരാനും കഴിയില്ല.
ഇത്തരുണത്തില്‍ നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്: ഇത്രമാത്രം അപകടങ്ങള്‍ കേരളത്തില്‍ സംഭവിക്കണമായിരുന്നോ? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇവയില്‍ എത്രയോ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. അമിതവേഗത, അതിരുവിട്ട ആത്മവിശ്വാസം, അശ്രദ്ധ എന്നിവയാണ് അധികം അപകടങ്ങളുടെയും കാരണങ്ങള്‍ എന്നുകൂടി നമ്മള്‍ മനസിലാക്കണം. ഇത്രയും സ്ഥിതിവിവരകണക്കുകള്‍ നമ്മുടെ മുമ്പില്‍ ഉണ്ടായിട്ടും, നമ്മള്‍ പഠിക്കുന്നില്ല എന്നതല്ലേ സത്യം?
അതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്ന എല്ലാവരോടും ഒരു അപേക്ഷയുണ്ട്. അമിത വേഗത ഒഴിവാക്കുക. അതിരുവിട്ട ആത്മവിശ്വാസം ഒഴിവാക്കുക. ശ്രദ്ധയോടെ വാഹനം ഓടിക്കുക. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുവാന്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കുക. സ്വന്തം ജീവനെപ്പറ്റി, കുടുംബത്തെപ്പറ്റി, മറ്റുള്ളവരുടെ ജീവനെപ്പറ്റി ഓര്‍ക്കുക. അപകടംമൂലം ഉണ്ടാകുന്ന പല നഷ്ടങ്ങളും നികത്തുവാന്‍ പറ്റാത്തതാണ് എന്ന് നമുക്ക് ഓര്‍ക്കാം.
റോഡ് സുരക്ഷ നമ്മുടെ ഒരു മുന്‍ഗണനാവിഷയം ആകണം.

Leave A Reply

Your email address will not be published.