Voice of Truth

കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നു, വാഹനാപകടങ്ങളും. പ്രതിദിനം റോഡില്‍ പൊലിയുന്നത് ശരാശരി പതിനൊന്ന് ജീവനുകള്‍.

തിരുവനന്തപുരം: കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ നിരത്തുകളില്‍ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 12392 ആണ് എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ നിലവില്‍ ഓടുന്ന വാഹനങ്ങളുടെ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാര്‍ച്ച് മുപ്പത്തൊന്നുവരെ 1.33 കോടി വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും, നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 1.16 കൊടിയും വരും. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കേരളത്തില്‍ ഓടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അമിതവേഗം മൂലം ഇതിനകം റദ്ദാക്കപ്പെട്ടിട്ടുള്ള ലൈസന്‍സുകള്‍ 2192 ആണ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഓടുന്ന 614681 സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹന ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഗതാഗത സംവിധാനം അടിയന്തിരമായ പരിഷ്കരണങ്ങള്‍ ആവശ്യപ്പെടുന്നു എന്ന സൂചനയാണ് ഗതാഗതമന്ത്രി വെളിപ്പെടുത്തിയ കണക്കുകള്‍ നല്‍കുന്നത്. വര്‍ദ്ധിക്കുന്ന വാഹനങ്ങള്‍ക്കനുസരിച്ച് റോഡ്‌ സൗകര്യങ്ങള്‍ ക്രമീകരിക്കപ്പെടാത്തത് ആധുനികകേരളത്തിന്റെ ഒരു പ്രധാന വെല്ലുവിളിയാണ്. അതോടൊപ്പം, നിയമ ലംഘനങ്ങളും, അശ്രദ്ധയും സര്‍വ്വസാധാരണമാകുമ്പോള്‍ റോഡില്‍ രക്തമൊഴുകുന്നത് പതിവാകുന്നു. ഇനിയുള്ളകാലം ശരിയായ ഗതാഗത പോളിസി രൂപപ്പെടുത്തിക്കൊണ്ട്‌ വ്യക്തമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകാത്ത പക്ഷം നാം ഭാവിയില്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടുമെന്ന് തീര്‍ച്ച.

Leave A Reply

Your email address will not be published.