വിദ്യാര്‍ത്ഥികള്‍ കോഴ്സുകളും തൊഴില്‍മേഖലകളും തെരഞ്ഞെടുക്കാന്‍ തലപുകയ്ക്കുന്ന ഈ നാളുകളില്‍ ചിന്താവിഷയമാവുകയാണ് മുൻ ഡിജിപി ഋഷിരാജ് സിംഗിന്റെ വാക്കുകള്‍. തന്റെ മകന് പ്ലസ് ടുവിന് ശേഷം കോളേജില്‍ ഉപരിപഠനത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞത്. പ്ലസ്ടുവിന് താരതമ്യേന കുറഞ്ഞ മാര്‍ക്കായിരുന്നു അവന് ഉണ്ടായിരുന്നത്. അതിനുശേഷം ഒരു ആനിമേഷന്‍ കോഴ്സിന് ചേര്‍ത്താല്‍ മതിയെന്ന് അവന്‍ അദ്ദേഹത്തോട് പറയുകയും അതനുസരിച്ച് ഇഷ്ടപ്പെട്ട ഒരു കോഴ്സിന് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ചെറുതും വലുതുമായ സ്റ്റുഡിയോകളില്‍ ജോലി ചെയ്ത ശേഷം, ബാംഗ്ലൂരുള്ള സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് അക്കാദമിയില്‍ പ്രവേശിക്കുകയും, മിടുക്കനായിരുന്നതിനാല്‍ അവര്‍ അവനെ ലണ്ടനില്‍ എത്തിക്കുകയും ചെയ്തു. ഇപ്പോള്‍ ചൈനയിലുള്ള ആനിമേഷന്‍ സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുന്നു.
പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് അവനുള്ളത്. തന്നെപോലെ സിവില്‍ സര്‍വീസ് നേടുവാന്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ അവന്‍ ആത്മഹത്യ ചെയ്യുകയോ വീടുവിട്ടു പോവുകയോ ചെയ്തേനെ എന്നും അദ്ദഹം പറഞ്ഞു. തന്റെ പിതാവ് തനിക്കും ഇതേ സ്വാതന്ത്ര്യം നല്‍കിയിരുന്നതായി അദ്ദേഹം ഓര്‍മ്മിക്കുകയും ചെയ്തു.
ഓരോ കാലത്തെയും മികച്ച തൊഴിലവസരങ്ങളും കോഴ്സുകളും അന്വേഷിച്ച് സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്ന അനേകം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയൊരു സന്ദേശമാണ് ഋഷിരാജ് സിംഗിന്റെ ജീവിതാനുഭവം. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി തന്നെ, ഏറിയ പങ്ക് മലയാളി കുടുംബങ്ങളും കുട്ടികള്‍ക്കായി കണ്ടെത്തുന്നത് അക്കാലത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് സുരക്ഷിതമായ തൊഴില്‍മേഖലകളാണ്. കുട്ടികളുടെ താല്‍പ്പര്യമോ, താല്‍പ്പര്യക്കുറവുകളോ പലപ്പോഴും പരിഗണനീയമല്ല. മറ്റുചില മാതാപിതാക്കളാകട്ടെ, തങ്ങളുടെ ജീവിതത്തില്‍ നേടാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ നേടുന്നതിനായി കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. വേറെ ചിലര്‍ തങ്ങളുടെ പാത പിന്തുടരുവാന്‍ അവരെ നിര്‍ബ്ബന്ധിക്കുന്നു.
ഒരു കാലഘട്ടത്തില്‍ തങ്ങളുടെ തലമുറ അനുഭവിച്ച സാമ്പത്തിക പരാധീനതയും, ഇപ്പോഴും അനുഭവിക്കുന്ന കഷ്ടപ്പാടുകളും തങ്ങളുടെ മക്കള്‍ക്ക് ഉണ്ടാവരുത് എന്ന ‘നല്ല’ ലക്ഷ്യത്തോടെയാണ് മക്കളെ സാമ്പത്തിക സുരക്ഷിതത്വത്തിലെത്തിക്കുവാന്‍ ഒരു വിഭാഗം മാതാപിതാക്കള്‍ കഠിനപ്രയത്നം നടത്തുന്നത്. എന്തുതന്നെയായാലും, കുട്ടികളുടെ ഉള്ളിലെ താല്‍പ്പര്യങ്ങള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്കും പലപ്പോഴും പരിഗണന ലഭിക്കാറില്ല എന്നതാണ് വാസ്തവം. ജീവിത വിജയം എന്നാല്‍, സാമ്പത്തിക നേട്ടങ്ങളോ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു തൊഴിലോ മാത്രമല്ല എന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിന് ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.