Voice of Truth

രാഹുൽ രാജിവെച്ചാൽ കോൺഗ്രസ് പിളരും?

ലോക്സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ആരെങ്കിലും കോൺഗ്രസിന്റെ  അധ്യക്ഷനാകണം എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. എന്നാൽ അത്തരത്തിലൊരാൾ നിലവിൽ ദേശീയ രാഷ്ടീയത്തിൽ ഇല്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ദേശീയ തലത്തിൽ കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള ആരും നിലവിൽ ഇല്ലെന്ന് നേതാക്കൾ തന്നെ രാഹുൽ ഗാന്ധിയെ അറിയിച്ചുകഴിഞ്ഞു. ആരെയെങ്കിലും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ കോൺഗ്രസ് പിളരാനുള്ള സാധ്യതയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്. ഏറെക്കാലത്തിന് ശേഷം രാഹുൽ ഗാന്ധിക്ക് കീഴിലാണ് കോൺഗ്രസ് നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾ വേണ്ടെന്ന് വെച്ച് പ്രവർത്തിക്കാൻ ഇറങ്ങിയത്. രാഹുൽ മാറിയാൽ ആരെ തിരഞ്ഞെടുത്താലും അത് നേതാക്കൾക്കിടയിൽ പൊട്ടിത്തെറിയുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.

രാഹുലിന്റെ തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചിരുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള രാഹുലിന്റെ കഴിവും അംഗീകരിക്കപ്പെട്ടിരുന്നു. പാർട്ടി പിളരുമെന്നും കോൺഗ്രസിന് ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം നശിക്കുമെന്നും നേതാക്കൾ തന്നെ രാഹുലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ നേതൃത്വത്തിൽ തന്നെ താൻ ഉണ്ടാകുമെന്നും അധ്യക്ഷസ്ഥാനത്തേക്ക് മറ്റൊരാൾ വരട്ടെ എന്നുമാണ് രാഹുലിന്റെ തീരുമാനം.

ആദ്യഘട്ടത്തിൽ രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച സോണിയ ഗാന്ധിയും പ്രിയങ്ക  ഗാന്ധിയും  ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പമാണ്.  രാഹുൽ മാറിനിൽക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന നേതാക്കളുടെ അഭിപ്രായവും രാഹുൽ തള്ളി. നെഹ്രുകുടുംബത്തിന് പുറത്തുനിന്നുള്ളവരെ കണ്ടെത്താനുളള ശ്രമവും നേതൃത്വം ആരംഭിച്ചിട്ടുണ്ട്. രാഹുൽ പിൻമാറുന്നു എന്നറിഞ്ഞതോടെ  കോൺഗ്രസ് അധ്യക്ഷനാകാനുള്ള കുപ്പായവും തയാറാക്കി ചില നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്. എങ്കിലും രാഹുലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ .

Leave A Reply

Your email address will not be published.