Voice of Truth

സുനാമിയും മത്സ്യങ്ങളും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് ജപ്പാൻകാർ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളനുസരിച്ച് ഭൂകമ്പങ്ങളും സുനാമികളും സുലഭമായ നാടാണ് ജപ്പാൻ. ഇടക്കിടെയുണ്ടാകുന്ന ചെറുതും വലുതുമായ പ്രകൃതിദുരന്തങ്ങൾ സാധാരണക്കാർക്കിടയിൽ ഭീതിയായി നിലനിൽക്കുന്നുണ്ട്. ഇത്തരം ദുരന്തങ്ങളുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി നിലനിൽക്കുന്ന ചില വിശ്വാസങ്ങളും അവർക്കിടയിലുണ്ട്. ഈ ആധുനിക കാലഘട്ടത്തിൽ ഭൂകമ്പങ്ങളെയും മറ്റും തിരിച്ചറിയാനുള്ള നൂതന സംവിധാനങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാർക്കിടയിൽ അവരുടേതായ ഭയങ്ങൾക്ക് കുറവില്ല.

അടുത്തകാലത്ത് ഒരു പ്രത്യേകയിനം മൽസ്യം പ്രത്യക്ഷപ്പെട്ടതാണ് അവർ പരിഭ്രാന്തരാക്കിയിരിക്കുന്നത്. പാമ്പിനെപോലെ നീളമുള്ള ഓർ മത്സ്യങ്ങളാണ് അവ. ഓര്‍ മത്സ്യങ്ങളും സുനാമിയുമായി ബന്ധമുണ്ടൊണ് ജപ്പാന്‍കാരുടെ വിശ്വാസം. ആഴക്കടലില്‍ ജീവിക്കുന്ന ഓര്‍ മത്സ്യങ്ങള്‍ എപ്പോഴൊക്കെ കരയ്‌ക്കെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ അവയ്ക്കു പിന്നാലെ പ്രകൃതിദുരന്തങ്ങളും എത്തിയിട്ടുണ്ടെന്നതാണ് ജപ്പാന്‍കാരെ ഭയപ്പെടുത്തുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ജപ്പാനിലെ ഓക്കിനാവ ദ്വീപില്‍ മത്സ്യബന്ധനത്തിന് പോയവരുടെ വലയിലാണ് ഓര്‍ മത്സ്യങ്ങള്‍ കുടുങ്ങിയത്. ഏതായാലും അടുത്തിടെയായി ജപ്പാനില്‍ കൂറ്റന്‍ ഓര്‍ മത്സ്യങ്ങള്‍ തുടരെത്തുടരെ കാണപ്പെടുന്നത് നല്ലതല്ലെന്നാണ് ജപ്പാന്‍കാരുടെ നിഗമനം. ഓര്‍ മത്സ്യങ്ങള്‍ക്ക് 20 അടിയിലധികം നീളം വെയ്ക്കാറുണ്ട്. കടല്‍ രാജാവിന്റെ കൊട്ടാരത്തിലെ ദൂതന്മാരാണ് ഓര്‍ മത്സ്യങ്ങളെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

സുനാമിപോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഓര്‍ മത്സ്യങ്ങള്‍ക്ക് കഴിയുമെന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. ഭൂമിയിലെ നേരിയ ചലനങ്ങള്‍ പോലും അവയ്ക്ക് വളരെവേഗം മനസ്സിലാക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. സാധാരണയായി ഭുകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങള്‍ക്ക് മുന്നോടിയായി ഇവ കരയ്ക്കടിയുന്നതുകൊണ്ടാകാം ഇവയെ ദുരന്തങ്ങളുടെ സന്ദേശവാഹകരായി കണക്കാക്കുന്നത്. പക്ഷ അതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നുമാത്രമല്ല, ഇത്തരമൊരു വാദത്തിന് ശാസ്ത്രീയമായ പിൻബലങ്ങളൊന്നുമില്ലെന്നും ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.