Voice of Truth

“കേരളത്തിന്റെ സൈന്യം” എന്ന് ലോകം വിശേഷിപ്പിച്ചവരെ കേരളം കൈവിടുന്നുവോ? ചെല്ലാനം, വലിയതുറ തീരങ്ങളിൽ സംഭവിക്കുന്നതെന്ത്? പ്രത്യേക റിപ്പോർട്ട്

കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മ്മക്കാലമാണ് കഴിഞ്ഞ മഴക്കാലം. ആ നാളുകളില്‍ പ്രളയവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെ കടന്നുപോയവര്‍ അനവധിയാണ്. ആ ഓര്‍മ്മകള്‍ ഇന്നും ഒരു പേടിസ്വപ്നമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നവരുണ്ട്. അന്നത്തെ പ്രളയത്തില്‍ കുടുങ്ങി മരണത്തെ മുഖാഭിമുഖം കണ്ട അനേകായിരങ്ങള്‍ക്ക് രക്ഷകരായി പാഞ്ഞെത്തിയ ഒരു ചെറുസമൂഹം ഇന്നും നമ്മുടെ മനസ്സില്‍ വീരാരാധനകള്‍ ഏറ്റുവാങ്ങി ജീവിക്കുന്നുണ്ട്… മുക്കുവര്‍. തങ്ങളുടെ ജീവന്‍ പണയം വച്ചും, ഒരായുഷ്കാലത്തെ സമ്പാദ്യങ്ങളായ ബോട്ടുകളും വള്ളങ്ങളും നഷ്ടപ്പെടുത്തി അവര്‍ ചെയ്ത സേവനമാണ് പ്രളയത്തിലെ മരണസംഖ്യയെ പിടിച്ചുനിര്‍ത്തിയത്. ആ ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേ അടുത്ത മഴക്കാലം വന്നെത്തുന്നു. ഈ കാലവര്‍ഷകാലത്ത് കരകടന്ന് കടലില്‍ ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍, കഴിഞ്ഞ വര്‍ഷത്തെ രക്ഷകരുടെ കണ്ണീരിന്റെ ഉപ്പുരസം കൂടി അടങ്ങിയിട്ടുണ്ട് എന്ന വാസ്തവത്തെ നാം മലയാളികള്‍ എത്രമാത്രം ലജ്ജയോടെ നോക്കിക്കാണണം?

തീരദേശവാസികള്‍ക്ക് കാലവര്‍ഷക്കാലം എന്നും ഒരു ദുരിതക്കാലമാണ്. മുക്കുവരും അവരുടെ ആശ്രിതര്‍ക്കും വരുമാനങ്ങളില്ലാത്ത ഒരു കാലം എന്നത് മാത്രമല്ല, കടല്‍ ക്ഷോഭത്തെക്കുറിച്ചുള്ള ആശങ്കകളും വലുതാണ്‌. കേരളത്തിന്റെ തീരപ്രദേശങ്ങള്‍ ഉടനീളവും ഏറെക്കുറെ അങ്ങനെ തന്നെയെങ്കിലും, ഇത്തവണത്തെ കാലവര്‍ഷത്തോടനുബന്ധിച്ച് കേരളത്തില്‍ രണ്ടിടങ്ങളിലെ ഗുരുതരമായ പ്രശ്നങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്തുള്ള വലിയതുറയും, ഫോര്‍ട്ട്‌കൊച്ചിക്ക് അടുത്തുള്ള ചെല്ലാനവുമാണ് അത്. ഈ രണ്ട് പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതരമായ അശ്രദ്ധയും, കെടുകാര്യസ്ഥതയുമാണ്‌ എന്നതാണ് നീതീകരണമർഹിക്കാത്ത യാഥാർത്ഥ്യം. വര്‍ഷങ്ങളായി പലപ്പോഴും വാഗ്ദാനങ്ങളും, ഉറപ്പുകളും നല്‍കിയിട്ടും അത് പാലിക്കുവാന്‍ മനസാകാതിരുന്നതിന്റെ ഫലമായ ദുരന്തമാണ് ഇന്ന് അവര്‍ നേരിടുന്നത്.

2017 ഡിസംബര്‍ ആരംഭത്തില്‍ ഓഖി കൊടുങ്കാറ്റിന്റെ രൂപത്തില്‍ രുരന്തം വിതച്ച രണ്ട് പ്രദേശങ്ങളാണ് ചെല്ലാനവും, വലിയതുറയും. ഒരുപരിധിവരെ അതിന്റെ ബാക്കിപത്രമാണ് ഇന്നും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രളയകാലത്ത് അവര്‍ ചെയ്ത സേവനങ്ങളുടെ പേരിലെങ്കിലും അവരുടെ പ്രശ്നങ്ങള്‍ അല്‍പ്പംകൂടി ആത്മാര്‍ത്ഥതയോടെ പരിഗണിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ടുനില്‍ക്കുന്ന അനേകായിരങ്ങളില്‍ ഭൂരിപക്ഷത്തിനും സമാധാനമായി സ്വഭവനത്തില്‍ അന്തിയുറങ്ങാന്‍ കഴിയുമായിരുന്നു. ഇക്കാലയളവിനുള്ളിൽ തങ്ങള്‍ നേരിട്ട അവഗണനകള്‍ക്കെതിരെ കാറ്റിനെയും മഴയെയും വകവയ്ക്കാതെ തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഫലമായി, എല്ലാം നഷ്ടപ്പെട്ടതിന് ശേഷം ഈ ദിവസങ്ങളില്‍ മാത്രമാണ് അവരുടെ പ്രശ്നങ്ങള്‍ ശ്രവിക്കാനെങ്കിലും അധികൃതര്‍ മനസായത്. എങ്കിലും തങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം വളരെ വിദൂരമാണ് എന്ന് അവര്‍ വേദനയോടെ മനസിലാക്കുന്നു. ഒരേ മനസോടെ കേരള സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി അവര്‍ക്കൊപ്പം നിന്നാല്‍ മാത്രമേ, സകലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവരില്‍ അനേകര്‍ക്ക് ഇനിയുള്ള ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ.

ചെല്ലാനത്ത് സംഭവിച്ചതെന്ത്?

ചെല്ലാനം തീരം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏകദേശം പതിനേഴു കിലോമീറ്റര്‍ നീളമുള്ള കടൽതീരമാണ്. 1980 കാലഘട്ടത്തിലാണ് ഇവിടെ കടല്‍ഭിത്തി നിര്‍മ്മാണം നടന്നത്. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങള്‍ക്കിടെ അതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികളൊന്നും തന്നെ നടന്നിട്ടില്ല. പലസ്ഥലങ്ങളിലും കടല്‍ഭിത്തി പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. അതില്‍ അഞ്ചിടങ്ങളില്‍ വളരെ അപകടകരമായ രീതിയില്‍ കടല്‍ഭിത്തി നശിച്ചിരിക്കുന്നു. വാച്ചാട്ട്, കമ്പനിപ്പടി, ബസാര്‍, വേളാങ്കണ്ണി, ചെറിയകടവ് തുടങ്ങിയ ഭാഗങ്ങളാണ് അവ. പൂര്‍ണമായി തകര്‍ന്ന കടല്‍ഭിത്തിയുടെ നീളം ഏകദേശം ആയിരത്തി ഒരുനൂറ് മീറ്റര്‍ വരും.

ഓഖി സമയത്ത് ശക്തമായ കടല്‍ക്ഷോഭമുണ്ടാവുകയും, ചെല്ലാനത്ത് രണ്ടുപേര്‍ മരണമടയുകയും ചെയ്തപ്പോള്‍ കുറേപേര്‍ ക്യാമ്പുകളില്‍ പ്രതിഷേധവും നിരാഹാരസമരവും ആരംഭിക്കുകയുണ്ടായി. പതിമൂന്നു ദിവസം നീണ്ടുനിന്ന സമരത്തിനിടയില്‍ മൂന്നു തവണ ഒത്തുതീർപ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍, കളക്ടര്‍ നല്‍കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കളക്ടര്‍ ചെല്ലാനംകാര്‍ക്ക് നല്‍കിയ പ്രധാന ഉറപ്പ്, 2018 ഏപ്രില്‍ മുപ്പതിന് മുമ്പ് തകര്‍ന്നുകിടക്കുന്ന അഞ്ചു സ്ഥലങ്ങളിലും കടല്‍ഭിത്തി പുനര്‍നിര്‍മ്മിച്ചുനല്‍കും എന്നുള്ളതായിരുന്നു. അതോടൊപ്പം മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി, ഫോര്‍ട്ടുകൊച്ചി മുതലുള്ള കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍, ഐഐടി നിര്‍ദ്ദേശിച്ച രണ്ട് പുലിമുട്ടുകളുടെ പണി, കടല്‍ കയറുമ്പോള്‍ വെള്ളം ഒഴുകിപ്പോകുവാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചില ഓവുചാലുകളും തോടുകളും മണ്ണ് കയറി ബ്ലോക്ക് ആയി കിടക്കുന്നത് പ്രവര്‍ത്തനക്ഷമമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഉറപ്പുകളും കളക്ടര്‍ അവര്‍ക്ക് നല്‍കിയിരുന്നു.

‘ഓഖി’യുടെ കാലത്ത് സംഭവിച്ചത്

എന്നാല്‍, ആ സമയത്തിനുള്ളില്‍ ഒന്നും നടന്നില്ല. 2018 ജൂലായ്‌ മാസത്തില്‍ കടല്‍ഭിത്തിക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എഗ്രിമെന്റ് വച്ചു. മേല്‍പ്പറഞ്ഞ ആയിരത്തി ഒരുനൂറ് മീറ്റര്‍ നീളത്തില്‍ അഞ്ചിടങ്ങളില്‍ ജിയോട്യൂബുകൊണ്ടുള്ള കടല്‍ഭിത്തിയാണ് നിർദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇറിഗേഷന്‍ വകുപ്പ് ഇതിനായി ടെണ്ടര്‍ വിളിച്ചതില്‍ ഗുരുതരമായ പിഴവ് പറ്റി. പ്രീക്വാളിഫിക്കേഷന്‍ ഉള്ളവരെയല്ല അവര്‍ ക്ഷണിച്ചത്. അതിനാൽ, ക്വാളിഫിക്കേഷനോ, ആവശ്യമായ യന്ത്രസംവിധാനങ്ങളോ, സാങ്കേതിക പരിചയമോ ഇല്ലാത്ത ഒരു പിഡബ്ല്യുഡി ‘ബി ക്ലാസ് കോൺട്രാക്ടര്‍’ കരാര്‍ ഏറ്റെടുക്കുകയുണ്ടായി. എന്നാൽ, അദ്ദേഹത്തിന് ആ ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം, അതും പാതിവഴിയില്‍ മുടങ്ങി.

വ്യാസം അഞ്ച് മീറ്ററും, നീളം ഇരുപത്തഞ്ച് മീറ്ററുമുള്ള ഏകദേശം നൂറ്റിനാല്‍പ്പത്തഞ്ച്‌ ജിയോട്യൂബുകളാണ് ചെല്ലാനം തീരത്തു സ്ഥാപിക്കപ്പെടേണ്ടിയിരുന്നത്. രണ്ടു ട്യൂബുകള്‍ അടിയിലും ഒരു ട്യൂബ് മുകളില്‍ മധ്യത്തിലുമായാണ് നിരത്തിവച്ച് സുരക്ഷാസംവിധാനം ക്രമീകരിക്കേണ്ടിയിരുന്നത്. അപ്രകാരം ക്രമീകരിച്ചു കഴിയുമ്പോള്‍ അതിന് ആകെ അഞ്ച് മീറ്റര്‍ ആകെ ഉയരം വരും. കടലില്‍നിന്നെടുക്കുന്ന മണല്‍ ഉപയോഗിച്ചാണ് ട്യൂബുകള്‍ നിറയ്ക്കേണ്ടിയിരുന്നത്. എന്നാല്‍, കരാറുകാരന് ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത് നടന്നില്ല. 2018 ജനുവരിയില്‍ പണികള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും, ഉപകരണങ്ങളും അവര്‍ക്കില്ല എന്ന് മനസിലാക്കിയതിനാൽ, പണി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് ചെല്ലാനം വാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, യാതൊരു നടപടികളും സ്വീകരിക്കപ്പെടുകയുണ്ടായില്ല.

ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി

ജൂലായ്‌ മാസത്തിൽ വച്ച കരാര്‍ അനുസരിച്ച് നാല് മാസങ്ങൾ കൊണ്ട്, അതായത്, 2018 നവംബറില്‍ പണികള്‍ കരാറുകാരൻ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണ്. എന്നാല്‍, പലപ്പോഴായി ഉദ്യോഗസ്ഥര്‍ കരാറുകാരന് കരാര്‍ പുതുക്കി നല്‍കുകയാണ് ഉണ്ടായത്. ചെല്ലണം സ്വദേശികൾ പരാതി നൽകിയിട്ടും നാല് തവണ അയാള്‍ക്ക് അപ്രകാരം കരാര്‍ പുതുക്കി നല്‍കി. ഒടുവില്‍, കാലവര്‍ഷം വളരെ അടുത്തെത്തിയ സമയത്ത്, അതായത് മെയ് മാസം അവസാനത്തോടെ കരാര്‍ റദ്ദാക്കപ്പെട്ടു.

സുരക്ഷയ്ക്ക് യാതൊന്നുമില്ലാത്ത, ആശങ്കകൾ നിറഞ്ഞ ഒരു കാലവർഷക്കാലം

കാലവർഷത്തിന് അകമ്പടിയായി ‘വായു’ ചുഴലിക്കാറ്റ് കൂടി എത്തിയതോടെ കാലവർഷത്തിന്റെ ആരംഭ ദിനങ്ങളിൽ തന്നെ കടല്‍ കയറിത്തുടങ്ങി. ചുഴലിക്കാറ്റ് തീരം വിട്ടുവെങ്കിലും ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഏകദേശം മുന്നൂറ്റമ്പതോളം വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിലായിക്കഴിഞ്ഞു. ഇപ്പോള്‍ അടിയന്തിരമായ ചില നടപടിക്രമങ്ങളുടെ ഭാഗമായി, തീരദേശ സുരക്ഷയ്ക്കായി താൽക്കാലികമായ ജിയോ ബാഗുകള്‍ നിറച്ചു വയ്ക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. അപകടകരമായ അവസ്ഥ തുടരുന്ന അഞ്ചു ഭാഗങ്ങളില്‍ ഒരിടത്ത് മാത്രമാണ് ഇതിനകം ജിയോ ബാഗുകള്‍ നിറച്ചുവയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ള സ്ഥലങ്ങളിലെല്ലാം അതിനുള്ള പണികള്‍ പുരോഗമിക്കുന്നു. ഏഴു ദിവസത്തിനകം ജിയോ ബാഗുകള്‍ നിറച്ച് താല്‍ക്കാലിക സുരക്ഷാ സംവിധാനം ഒരുക്കാമെന്ന് ചെല്ലാനം സ്വദേശികള്‍ക്ക് ജലസേചന മന്ത്രിയും, കളക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ചെല്ലാനത്തെ വെള്ളംകയറിയ വീടുകളിൽ ഒന്ന്

കാലവർഷത്തിന്റെ ആരംഭത്തിൽ രൂപപ്പെട്ട ആശങ്കകളെയും, ഉയർന്നുവന്ന പ്രതിഷേധങ്ങളെയും തുടർന്ന് പല ഘട്ടങ്ങളിലായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഒടുവിൽ, കഴിഞ്ഞ ദിവസം (ജൂണ്‍ പതിനെട്ട്, ചൊവ്വാഴ്ച) തിരുവനന്തപുരത്തുവച്ച് നടന്ന യോഗത്തില്‍, പ്രീക്വാളിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കിക്കൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി ടെണ്ടര്‍ വിളിക്കാമെന്നും, അടുത്ത ആഗസ്റ്റ് മാസത്തോടെ പണികള്‍ ആരംഭിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് ജിയോ ട്യൂബുകള്‍ നിറയ്ക്കുന്നതിനുള്ള മണല്‍ കടല്‍തീരത്തുനിന്നും എടുക്കാന്‍ വിലക്കുള്ളതിനാലാണ് ആഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടി വരുന്നത്. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്പ് ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍, ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യം, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്ജ്, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍, ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, സര്‍ക്കാര്‍ സെക്രട്ടറിമാര്‍, വിവിധ ഉദ്യോഗസ്ഥര്‍, ചെല്ലാനത്ത് നിന്നും വലിയ തുറയില്‍ നിന്നും, രൂക്ഷമായ കടലാക്രമണം നടക്കുന്ന ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ നിന്നുമുള്ള ചില പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി.

ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തിനിര്‍മ്മാണം കടല്‍ക്ഷോഭത്തിനുള്ള ശാശ്വത പരിഹാരമല്ല. ഇന്ത്യയിൽ പലയിടങ്ങളിലും ജിയോട്യൂബ് പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണ വിജയകരമല്ല എന്ന് നിരീക്ഷകര്‍ പറയുന്നു. ഇപ്പോഴും കേരളത്തിലെ സാഹചര്യത്തിൽ പ്രായോഗികമായി നിര്‍ദ്ദേശിക്കപ്പെടുന്നത് ഒരു മീറ്റര്‍ നീളവും വീതിയും ഉയരവുമുള്ള കരിങ്കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയാണ്. എന്നാല്‍, കരിങ്കല്ലിന്റെ ക്ഷാമവും വലിയ ബാധ്യതയും അധികൃതരെ കുഴക്കുന്നുണ്ട്. കല്ലുകൊണ്ടുവന്ന് കടൽഭിത്തി നിർമ്മിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ല എന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

എന്നാൽ, ഇന്ത്യയിലെ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായി ചില വിദേശ രാജ്യങ്ങളില്‍ ശരിയായ പഠനങ്ങളുടെ വെളിച്ചത്തില്‍ ഫലപ്രദമായി ജിയോട്യൂബുകള്‍ ഉപയോഗിച്ച് കരയെ സംരക്ഷിക്കുന്നുണ്ട്. അതുപോലെ, വിദഗ്ദ പഠനങ്ങളുടെ പിന്‍ബലത്തില്‍ കൂടുതല്‍ മികച്ച രീതിയില്‍ നമുക്കും ജിയോട്യൂബുകള്‍ ഉപയോഗിച്ച് കടല്‍ക്ഷോഭത്തെ നേരിടാന്‍ കഴിയും എന്ന അഭിപ്രായങ്ങളുമുയരുന്നു.

ചെല്ലാനത്തെ കടലാക്രമണം

ചെല്ലാനംകാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി കല്ലുകൊണ്ടുള്ള കടല്‍ഭിത്തിതന്നെ നിര്‍മ്മിക്കുക എന്നുള്ളതാണ്. ഫോര്‍ട്ട്‌ കൊച്ചിയില്‍ ദ്രോണാചാര്യ എന്ന പേരിലുള്ള ഇന്ത്യന്‍നേവിയുടെ നേവല്‍ ബേസിനായി ചെയ്തിട്ടുള്ളതുപോലെ ശക്തമായ നിര്‍മ്മിതി വേണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. അത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടാല്‍ ഒരുവിധ കടല്‍ക്ഷോഭങ്ങളെയും ഭാവിയിലും ഭയക്കേണ്ടതുണ്ടാവില്ല എന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഐഐടി പോലുള്ള ഏജന്‍സികളുടെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിൽ അത് പരിഗണിക്കാം എന്നാണ് അധികാരികള്‍ വാക്ക് നല്‍കിയിട്ടുള്ളത്.

എന്നാൽ, ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഒരുക്കുന്നതിനാവശ്യമായ ഫണ്ട് നിലവില്‍ കേരള സര്‍ക്കാരിന് ഇല്ലാത്തതിനാല്‍, കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ഫണ്ടിന്റെ (KIIFB) പരിഗണനയിലേയ്ക്ക് റിപ്പോട്ടുകളും പ്രോജക്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി വിശദീകരിക്കുന്നു. അത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട പ്രോജക്ടുകളില്‍ അടിയന്തിരമായി തീരുമാനങ്ങള്‍ എടുക്കാം എന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ലഭിച്ചത്.

സെന്‍ട്രല്‍ ഗവണ്മെന്‍റിന്‍റെ മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് നേരിട്ട് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ കടല്‍ഭിത്തി നിര്‍മ്മാണം നടന്നത്. എന്നാല്‍, ഇന്ന് അത്തരത്തില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് ഇല്ല എന്നതിനാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യത്തിനായി നേരിട്ട് ഫണ്ട് നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ലഭിക്കുന്ന ഫണ്ട് സംസ്ഥാനം തന്നെയാണ് ചെലവഴിക്കേണ്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഈ വിഷയം അവതരിപ്പിക്കാം എന്ന ഉറപ്പും ചര്‍ച്ചയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നു.

പലപ്പോഴും സംസ്ഥാനസര്‍ക്കാരുകള്‍, കേന്ദ്രസര്‍ക്കാർ നമ്മെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന വാദം മുന്നോട്ടുവച്ചുകൊണ്ട് സ്വയം ന്യായീകരിക്കുകയാണ് സംഭവിക്കാറുള്ളത്. എന്നാല്‍, ഓഖിയുടെ സമയം മുതല്‍ തീരദേശ സംരക്ഷണത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ള തുകയുടെ മുപ്പത് ശതമാനം പോലും ചെലവഴിക്കപ്പെട്ടിട്ടില്ല എന്ന ആരോപണം കണക്കുകളുടെ വെളിച്ചത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍, എക്കാലവും മാറിവരുന്ന വിവിധ സര്‍ക്കാരുകള്‍ക്ക് ഇത്രമാത്രം പ്രധാനമായ ഒരു വിഷയത്തില്‍ പോലും കടുത്ത ഉദാസീനതയാണ് ഉള്ളത് എന്ന് ചെല്ലാനം നിവാസികള്‍ ആരോപിക്കുന്നു.

ഫോര്‍ട്ട്‌ കൊച്ചി, ചെല്ലാനം ഭാഗങ്ങളിലെ വര്‍ദ്ധിച്ച കടലാക്രമണത്തിന് കാരണമെന്ത്?

കടലിലോ, കടല്‍ തീരത്തോ, വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വ്യക്തമായ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തി, ആവശ്യമായ മുന്‍കരുതലുകളും, സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഇന്ന് കേരളത്തില്‍ ഉയര്‍ന്നുകാണുന്ന വലിയ കടല്‍തീര, കടല്‍ അനുബന്ധ നിര്‍മ്മിതികളുടെ ഭാഗമായി ശരിയായ പഠനങ്ങളോ, ആവശ്യമായ സുരക്ഷാനടപടികളോ നടന്നിട്ടില്ല എന്നതാണ് ഇന്ന് തീരദേശവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ക്കുള്ള അടിസ്ഥാന കാരണം എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിന്റെ ആരംഭം മുതലാണ്‌ ഫോര്‍ട്ട്‌ കൊച്ചിയുടെ തീരഭാഗങ്ങളില്‍ കടലാക്രമണം വര്‍ദ്ധിച്ചുതുടങ്ങിയത്. അതിനുശേഷം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, മിനി ഫിഷിംഗ് ഹാര്‍ബര്‍ തുടങ്ങിയവയും സമീപകാലത്ത് പണികഴിക്കപ്പെട്ടു. കടലിലേയ്ക്ക് ഇറങ്ങിയുള്ള നിര്‍മ്മാണപ്രവൃത്തികള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആവശ്യമായ അധിക മുന്‍കരുതലുകളും, തീര സംരക്ഷണത്തിന് ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമായിരുന്നു. പഠനങ്ങള്‍ പലപ്പോഴും നടക്കുന്നുണ്ടെങ്കിലും, അതനുസരിച്ചുള്ള പ്രതിവിധികള്‍ നടപ്പാക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത് അതാണ്‌.

LNG Terminal, Kochi

വൈപ്പിന്‍ ചെറുദ്വീപ് സമൂഹങ്ങളില്‍ പെടുന്ന പുതുവൈപ്പ്, ചെല്ലാനം മേഖലയില്‍നിന്നുള്ള കടല്‍തീരമണ്ണ് ചെന്നുചേര്‍ന്ന് രൂപപ്പെട്ടതാണ് എന്ന് പറയപ്പെടുന്നു. ഇന്ന് ആ പ്രദേശം ഒരു വലിയ ഇന്‍ഡസ്ട്രിയല്‍ ഹബ് ആയി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥിതിചെയ്യുന്നത് അവിടെയാണ്. അത്തരത്തില്‍ അവിടെ വളർന്നുകൊണ്ടിരിക്കുന്ന വ്യവസായങ്ങള്‍ക്കായി വലിയ നിര്‍മ്മിതികള്‍ നടത്തുകയും ഭീമമായ ലാഭം സര്‍ക്കാര്‍ നേടുകയും ചെയ്തിട്ടും മറുകരയില്‍ കടലാക്രമണം നേരിടുന്ന അനേകായിരങ്ങളെ അവഗണിക്കുന്നതില്‍ ചെല്ലാനം നിവാസികള്‍ക്ക് വലിയ അമര്‍ഷമുണ്ട്.

ഭാരതത്തിന്റെ കടല്‍തീരങ്ങള്‍ രാജ്യാതിര്‍ത്തികള്‍ തന്നെയാണ്. സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്തത്തില്‍ പെടുന്നതാണ് കടല്‍തീരങ്ങളുടെ സംരക്ഷണവും. അത്തരത്തിലുള്ള ഒരു പരിഗണനയും അടിയന്തിരമായി കടലാക്രമണ ഭീഷണി നേരിടുന്ന ഈ ഭാഗങ്ങള്‍ക്ക് ലഭിക്കണം എന്ന് തന്നെയാണ് ഇവരുടെ ആവശ്യം. പ്രത്യേകിച്ച്, സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായാണ് ഇവിടെ ഇത്തരത്തില്‍ കടലാക്രമണഭീഷണി നേരിടുന്നത് എന്നതിനാല്‍ സംരക്ഷണം ഒരുക്കേണ്ടത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തമാണ് എന്ന് പ്രദേശവാസികള്‍ പറയുന്നു.

അവഗണനകളുടെ തുടര്‍ക്കഥ

ചെല്ലാനത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനവും മത്സ്യ തൊഴിലാളികളാണ്. പാവപ്പെട്ടവരായ ഈ തീരദേശവാസികള്‍ക്ക് വേണ്ടി സംസാരിക്കാനും, രാഷ്ട്രീയമായോ ഉദ്യോഗസ്ഥ തലങ്ങളിലോ അവര്‍ക്കുവേണ്ടി ഇടപെടുവാനോ കാര്യമായി ആരുംതന്നെ ഉണ്ടാവാറില്ല. നാളിതുവരെയും അവരുടെ പ്രശ്നങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുവാന്‍ ലത്തീന്‍ കത്തോലിക്കാസഭാനേതൃത്വവും, കെആര്‍എല്‍സിസി പോലുള്ള ചില സംഘടനകളും മാത്രമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ പ്രളയത്തിന്റെ കാലത്ത് കേരളത്തിന്റെ സൈന്യം എന്നാണ് ഈ ദേശവാസികളായ മുക്കുവരടക്കം വിശേഷിപ്പിക്കപ്പെട്ടത്. വിദേശ മാധ്യമങ്ങള്‍ പോലും അവരെ പുകഴ്ത്തി ലേഖനങ്ങള്‍ എഴുതി. എന്നാല്‍, ഇന്ന് ഈ സൈന്യം നേരിടുന്ന പ്രധാന ദുരവസ്ഥ അപമാനകരമായ അവഗണനയാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മൽസ്യത്തൊഴിലാളികൾ

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ മുക്കുവര്‍ ഉപയോഗിച്ച വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പലതിനും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിനെല്ലാം ഉടനടി പരിഹാരം നല്‍കുമെന്ന് ഉറപ്പുപറഞ്ഞ സര്‍ക്കാരിന് ആ വാക്ക് പാലിക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല എന്ന സത്യം കൂടി നാം മനസിലാക്കണം. തകര്‍ന്നുപോയ ബോട്ടുകള്‍ക്കും, അതിന്റെ എന്‍ജിനുകള്‍ക്കും, മറ്റു യന്ത്രസംവിധാനങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള അപേക്ഷയുമായി അവര്‍ നടക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുന്നു. തെളിവുകളുടെയും, സര്‍ട്ടിഫിക്കേഷനുകളുടെയും പേരില്‍ ഇന്നും നഷ്ടപരിഹാര നടപടികള്‍ മുടങ്ങിക്കിടക്കുകയാണ് എന്ന് അനുഭവസ്ഥര്‍ നിരാശയോടെ വെളിപ്പെടുത്തുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാനായി മുന്നിട്ടിറങ്ങിയ അവര്‍ യാതൊന്നും പ്രതിഫലമായി പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും, അവര്‍ക്ക് നഷ്ടപ്പെട്ടത് പോലും അനുവദിച്ചുനല്‍കുവാന്‍ തയ്യാറാകാത്ത ദുരനുഭവം നേരിടുന്നതിനിടെയാണ് മറ്റൊരു ദുരന്തം അവരെ തേടിയെത്തിയിരിക്കുന്നത്. പ്രളയം പോലെ തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്നത്ര തീവ്രമാണ് തങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ അവഗണനയുമെന്ന് അവര്‍ തിരിച്ചറിയുന്നു.

വലിയതുറയിലേത് കൂടുതല്‍ വലിയ പ്രശ്നങ്ങള്‍!

വലിയതുറയിലെ കടലാക്രമണത്തിന്റെ ഒരു ദൃശ്യം

മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അനീതിയാണ് പ്രകൃതിക്ഷോഭങ്ങളുടെയും, പ്രകൃതിദുരന്തങ്ങളുടെയും രൂപത്തില്‍ തിരിച്ചടികളായി നാം അനുഭവിക്കുന്നത് എന്നുള്ള വാദം ശക്തമാണ്. സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാന്‍ പ്രകൃതിക്ക് പ്രകൃതിയുടെതായ രീതികളും, മാര്‍ഗ്ഗങ്ങളും ഉണ്ട്. എനാല്‍, ചിലപ്പോഴുള്ള മനുഷ്യന്റെ വഴിവിട്ട ഇടപെടലുകള്‍ ഗുരുതരമായ രീതിയില്‍ കരയുടെയും കടലിന്റെയും, കാലവസ്ഥയുടെയും, സന്തുലിതാവസ്ഥ തകരുവാന്‍ കാരണമായി മാറുന്നു. ഓരോ പദ്ധതികളും നടപ്പാക്കുന്നതിന് മുമ്പ് ശരിയായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തി ആവശ്യമായ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കണം എന്ന അന്തര്‍ദ്ദേശീയ നിലപാടിന് കാരണം മേല്‍പ്പറഞ്ഞത്‌ തന്നെയാണ്.

അനുബന്ധ മേഖലകളില്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അതിൽ എടുത്തുപറയത്തക്കതായ ഒന്നാണ് വലിയതുറയിലെ സംഭവങ്ങൾ. അശാസ്ത്രീയമായി നടപ്പാക്കപ്പെടുന്ന പദ്ധതികൾ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന ദോഷങ്ങളെക്കുറിച്ചു പഠിക്കുവാൻ ഭാവിയിൽ ലോകം വലിയതുറയെ തെരഞ്ഞെടുത്തേക്കാം.

കഴിഞ്ഞ ചില വർഷങ്ങളായി വലിയതുറയിലെ തീരപ്രദേശങ്ങൾ ഗുരുതരമായ കടലാക്രമണത്തെ തുടർച്ചയായി നേരിടുകയാണ്. ഓരോ വർഷവും ഭവനരഹിതരാവുന്നവരുടെ എണ്ണം ഘട്ടംഘട്ടമായി വർദ്ധിക്കുന്നു. ഈ കാലവര്‍ഷക്കാലം ആരംഭിച്ചപ്പോഴുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറ തീരത്തെ ഏഴാമത്തെ നിര വീടുകളാണ് കടല്‍ കയ്യേറിക്കഴിഞ്ഞിരിക്കുന്നത് എന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം മാത്രം തീരത്തോട് അടുത്തു സ്ഥിതിചെയ്തിരുന്ന രണ്ട് നിരകളിലുള്ള തൊണ്ണൂറോളം വീടുകള്‍ കടലാക്രമണത്തില്‍ പൂർണ്ണമായോ ഭാഗികമായോ തകര്‍ന്നു. കടലിനോട് ഏറ്റവുമടുത്ത ചെറുകുടിലുകള്‍, തുടര്‍ന്ന് അല്‍പ്പംകൂടി ഭേദപ്പെട്ടവ, അങ്ങനെയങ്ങനെ ഇപ്പോള്‍ കടലാക്രമണത്തിന് നേരിട്ട് ഇരയായിരിക്കുന്നത് ഒരിക്കലും അത്തരമൊരു ഭീഷണി തങ്ങള്‍ക്ക് ഉണ്ടാവില്ല എന്നുറപ്പിച്ച് പണികഴിച്ച വലിയ വീടുകളാണ്. അത്തരത്തിൽ ഭവനരഹിതരായവരെല്ലാം അപര്യാപ്തമായ സാഹചര്യങ്ങളിൽ പുനരധിവാസ ക്യാംപുകളിൽ കഴിയുന്നു.

ഓരോ വർഷം കഴിയുംതോറും കരയെ കടൽ കീഴടക്കുന്നു. പരിഹാരമില്ലെന്ന് വിദഗ്ദർ. ഈ ദുർവിധിക്ക് കാരണമെന്ത്?

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഒന്നര കിലോമീറ്ററോളം കടല്‍ മനുഷ്യന്‍ കയ്യേറിയതിന്റെയും അവിടെ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെയും പാര്‍ശ്വഫലമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തിയ ഒരു വിദേശ കമ്പനി, പോര്‍ട്ട്‌ പണിയുന്നതിന് മുമ്പ് തന്നെ, സമീപ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അല്ലാത്തപക്ഷം, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രസ്തുത കമ്പനിക്ക് കരാര്‍ ലഭിക്കുകയുണ്ടായില്ല.

മുമ്പ് മനുഷ്യന് ഉപദ്രവമില്ലാതെ കയറിയിറങ്ങി പോകുമായിരുന്ന തിരമാലകള്‍ ഇന്ന് മണ്ണിന്റെ അടിത്തട്ട് ഇളക്കിക്കൊണ്ടാണ് പിന്‍വാങ്ങുന്നത്‌. അതിനാല്‍, ചെല്ലാനം പോലുള്ള തീരങ്ങളിൽ സംഭവിക്കുന്നതില്‍നിന്ന് വ്യത്യസ്ഥമായി, വെള്ളം കരയിലേയ്ക്ക് കയറാതെ തന്നെ കരയിലെ മണ്ണ് അടിയിൽനിന്നും വലിച്ചിളക്കി കൊണ്ടുപോകുന്നു. അങ്ങനെ എന്നെന്നേയ്ക്കുമായി ചില കരഭാഗങ്ങള്‍ തന്നെ ഇല്ലാതാകുന്നു. ഇത് ഇനിയുള്ള വർഷങ്ങളിലും തുടരും.

വലിയതുറ ബീച്ച്, ഫയൽ ചിത്രം

വലിയതുറ തീരത്ത് കടല്‍ഭിത്തി കെട്ടാന്‍ പലപ്പോഴും ശ്രമിച്ചിട്ടും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കടൽഭിത്തിയ്ക്കായി ഇറക്കിയ വലിയ കരിങ്കല്ലുകളും മണലില്‍ താഴ്ന്നുപോയിട്ടുള്ളതായി വാര്‍ത്തകള്‍ വന്നു. കടല്‍ഭിത്തിയുടെയും കീഴിലെ മണ്ണ് തിരമാലകളുടെ പ്രഹരത്താല്‍ ഇളകി ഒഴുകിപ്പോവുകയാണ് അവിടെ സംഭവിക്കുന്നത്. ഇത്തരത്തില്‍, കടല്‍ഭിത്തികളെയും, റോഡുകളെയും, ഉറച്ച കരയെയും പോലും കടല്‍ കീഴ്പെടുത്തുന്ന കാഴ്ച്ചകളാണ് വലിയതുറ നിവാസികളെ ഭയപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ ആക്രമണത്തിന്റെ പ്രഹരശേഷി വര്‍ദ്ധിക്കുകയും ഇപ്പോള്‍ പോലും സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളും കടലാക്രമണത്തിന്റെ ഭീഷണിയില്‍ ഉള്‍പ്പെടുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

പ്രതിവിധികൾ വ്യർത്ഥം, ഒരിടത്ത് കടലാക്രമണം ചെറുക്കുമ്പോൾ അടുത്തയിടത്ത് തിരമാലകൾ ആഞ്ഞടിക്കുന്നു!

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗങ്ങളില്‍ കടലാക്രമണങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന കരുതലുകള്‍ നടപടികള്‍ മൂലം അവിടെ കടല്‍ക്ഷോഭത്തിന്‍റെതായ ലക്ഷണങ്ങള്‍ തീരെയും പ്രകടമല്ല. എന്നാല്‍, അവിടെ പിന്‍വാങ്ങിയ കടല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ രൂക്ഷതയോടെ ആഞ്ഞടിക്കുകയും അനേകായിരങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഭാഗം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനടുത്ത ഭാഗം ആക്രമിക്കപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന വിഴിഞ്ഞം പോർട്ട്

വലിയതുറ പാലം സംരക്ഷിക്കാനായി സമീപനാളുകളില്‍ ഓരോ ടണ്‍ വലിപ്പമുള്ള വലിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നിരത്തിയത് പ്രദേശവാസികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അപ്രകാരം ചെയ്തതിനുശേഷം പാലം അപകടാവസ്ഥയില്‍നിന്ന് കരകയറിയെങ്കിലും അതിന്റെ വലതുഭാഗത്ത് കൂടുതല്‍ ശക്തിയില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന ഒരു മൈതാനം കടലാക്രമണത്തില്‍ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമത്തിലെ ചിലയിടങ്ങളില്‍ ഒരുപാട് കല്ലുകള്‍ നിക്ഷേപിച്ച് കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടും അവയ്ക്ക് മീതെ തിരമാല അടിച്ചുകയറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃക്സാക്ഷികള്‍ വിവരിക്കുന്നത്. കാലവര്‍ഷത്തിന്റെ രൂക്ഷമായ ഘട്ടം ഇനി ആഴ്ചകളോളം അവശേഷിക്കുകയാണ് എന്നുള്ളതാണ് പ്രദേശവാസികളെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം.

വലിയതുറയിൽ നിന്ന്

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, കടലിനോട് ചേര്‍ന്ന് ചെറുകുടിലുകള്‍ പണിത് താമസിക്കുന്ന പാവപ്പെട്ടവര്‍ മഴക്കാലം കഴിഞ്ഞാല്‍ തിരികെ അവിടെ ചെന്ന് താമസം തുടരുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍കൊണ്ടും നിയമപരമായും അതിന് കഴിയില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നാമതായി, ഓരോ വര്ഷം കഴിയുംതോറും കരഭാഗം കൂടുതല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റൊന്ന്, ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നിന്ന്, തിരിച്ച് അവിടേയ്ക്ക് പോകില്ല എന്ന് എഴുതി വാങ്ങുന്നുണ്ട്. അതിനാല്‍തന്നെ, കടലാക്രമണത്തിന് ഇരയാകുന്നവര്‍ വീണ്ടും തിരികെ അവിടെയെത്തുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു.

ഭീതിജനകമായ സാഹചര്യം, പ്രതിവിധിയെന്ത്?

വിഴിഞ്ഞം തുറമുഖത്തിന്റെ പണികള്‍ ആരംഭിച്ച കാലത്ത് ആദ്യനിര ഭവനങ്ങള്‍ കടലെടുത്തപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നവര്‍ പോലും ഭാവിയില്‍ തങ്ങള്‍ക്കും ഇതേഗതി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. പിന്നീട് ചില വര്‍ഷങ്ങൾകൂടി കഴിഞ്ഞപ്പോൾ ഇപ്പോള്‍ ഭവനം നഷ്ടമായവരുടെ എണ്ണം ഭീതിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശംഖുമുഖം റോഡിന് സമീപത്ത് വരെ ഇപ്പോള്‍ കടല്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കേവലം അരകിലോമീറ്ററില്‍ താഴെ മാത്രമാണ് എയര്‍പ്പോര്‍ട്ടും കടലും തമ്മിലുള്ള ദൂരം. എന്നാല്‍, വിഴിഞ്ഞം മുതല്‍ വടക്കോട്ടുള്ള ഭാഗത്ത് കര വര്‍ദ്ധിക്കുകയാണ്. ആ ഭാഗത്തേയ്ക്കുള്ളവര്‍ക്ക് കടലാക്രമണത്തിന്റെ സാധ്യതകളും രൂക്ഷതയും ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിസ്ഥിതിയുടെ താളം തെറ്റുന്നതിന്റെ പ്രകടമായ സൂചനകളാണ് ഇത്.

ജിയോട്യൂബ് ഉപയോഗിച്ച് കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുമെന്നും, അതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നു എന്നുമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് ജിയോട്യൂബ് പരിഹാരമാവില്ല എന്ന് ചിലർ കരുതുന്നെങ്കിലും, പലരും പ്രതീക്ഷയിലാണ്. നഷ്ടപ്പെട്ടുകഴിഞ്ഞതിനപ്പുറം അവശേഷിക്കുന്നതുകൂടി കടൽ കൈവശപ്പെടുത്താനിടയാകാതെ സംരക്ഷിക്കപ്പെടണം എന്നാണ് സകലരുടെയും ആഗ്രഹം.

വലിയതുറ പ്രദേശം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് യഥാര്‍ത്ഥ പരിഹാരം എന്താണ് എന്നതിന് പ്രദേശവാസികള്‍ക്ക് വ്യക്തതയില്ല. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമഗ്രമായ പായ്ക്കേജ് സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടതായുണ്ട്. ഇനിയും കടലെടുക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടണം. അതിനായുള്ള വിശദമായ പഠനങ്ങള്‍ ഇനിയെങ്കിലും നടക്കേണ്ടതുണ്ട്.

വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ട് എവിടെ?

വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങളും പ്രാഥമിക വട്ട ചര്‍ച്ചകളും നടന്നിരുന്ന കാലം മുതല്‍ ഈ പദ്ധതി ഇവിടെ അനുയോജ്യമല്ല എന്ന ചിന്ത പ്രബലമായിരുന്നു. രാഷ്ട്രീയമായും, സാമൂഹികമായും, പാരിസ്ഥിതികമായും എതിര്‍പ്പുകള്‍ അനവധി ഉയര്‍ന്നിരുന്നു. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് പോലും പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്ന ആരോപണങ്ങളുണ്ട്. പാരിസ്ഥിതികമായി ഒട്ടേറെ വെല്ലുവിളികള്‍ ഈ പദ്ധതി ഉയര്‍ത്തുന്നുണ്ട് എന്ന ബോധ്യം അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇന്നും ഈ വിഷയത്തിന്റെ രൂക്ഷത ചര്‍ച്ച ചെയ്യാനോ, പരിഹാരം കണ്ടെത്തുവാനോ ഉള്ള ശ്രമങ്ങള്‍ വളരെ വിരളമാണ്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മാതൃക

വിഴിഞ്ഞം പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുപോലും സന്ദേഹങ്ങൾ ഒട്ടേറെ ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും, ഗൂഡാലോചനകളും ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയവരുണ്ട്. വർഷങ്ങൾ പിന്നിട്ടപ്പോൾ, ഇത്തരം വിവാദവിഷയങ്ങൾ ചർച്ചയ്‌ക്കെത്തുന്നത് ഇതുപോലുള്ള ദുരന്ത വേളകളിൽ മാത്രമാണ്. പ്രദേശവാസികളിൽ, വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിന്റെ തൊഴിൽ സാധ്യതകളും മറ്റും വിലയിരുത്തിക്കൊണ്ട് പിന്തുണയ്ക്കുന്നവരും, ദോഷഫലങ്ങൾ കൊണ്ട് എതിർക്കുന്നവരുമുണ്ട്. നിലപാടുകൾ എന്തുതന്നെയായാലും, ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ വഴിമുട്ടിച്ചുകൊണ്ടുള്ള വികസനപദ്ധതികൾ അംഗീകരിക്കാവുന്നതല്ല.

അതിനും അതീതമായി, പരിസ്ഥിതിയ്ക്കുണ്ടാകുന്ന തകർച്ചകളെയും ഗതിമാറ്റങ്ങളെയും നാം കൂടുതൽ ഗൗരവബുദ്ധിയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ചില വർഷങ്ങൾകൊണ്ട് മനുഷ്യർ തങ്ങൾക്കുണ്ടായ നഷ്ടങ്ങളെയും ദുഃഖദുരിതങ്ങളെയും അതിജീവിക്കാൻ പ്രാപ്തനായേക്കാം. എന്നാൽ, പരിസ്ഥിതിയ്ക്കുണ്ടാവുന്ന നഷ്ടം ശാശ്വതമാണ്. ആ കാഴ്ചപ്പാടിലേയ്ക്ക് ഭരണകൂടം തിരികെയെത്തിയില്ലെങ്കിൽ നമുക്ക് കൈമോശം വന്നുപോകുന്നത് തിരികെ നേടിയെടുക്കുവാൻ കഴിയുന്നവയാവില്ല.

വലിയതുറയിൽ ഇന്ന്.

അവിടെ സംഭവിക്കുന്നത് വലിയൊരു മനുഷ്യാവകാശ ലംഘനമാണ് എന്ന നിലപാടിലാണ് അവരുടെ അതിജീവനപ്രശ്നങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകർ. അനേക വർഷങ്ങളുടെ അദ്ധ്വാനം കൊണ്ട് സ്വരുക്കൂട്ടിയ ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമാണ് പലർക്കും അൽപ്പം സ്ഥലവും ഒരു ഭവനവും. എല്ലാ അർത്ഥത്തിലും നിയമപ്രകാരം സ്വന്തമായ മണ്ണിൽ ജീവിച്ചിരുന്നവരായിരുന്നു സകലരും. കഴിഞ്ഞ വർഷങ്ങളിൽ ഭവനവും മണ്ണും നഷ്ടപ്പെട്ടവർക്കൊപ്പം ഈ വർഷം ഭവനരഹിതരായ അനേകർകൂടി ചേരുമ്പോൾ ഒട്ടേറെ കുടുംബങ്ങളാണ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇനി എത്രത്തോളം പേർക്കായി ആ വിധി കാലം കാത്തിരിപ്പുണ്ടെന്നതിൽ വ്യക്തതയില്ല.

ഇതിനകം ഭവനം നഷ്ടപ്പെട്ട ചെറിയൊരു ശതമാനം കുടുംബങ്ങൾക്ക് സർക്കാർ ഫ്‌ളാറ്റുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ട്. ഏറെപ്പേരും തങ്ങളുടെ ഊഴം കാത്ത് പലയിടങ്ങളിലായി വാടകയ്ക്കും അഭയാർത്ഥികളായും കഴിയുന്നു. കേരളത്തിലെ ഏറ്റവും ദുർബ്ബലരായ അവർക്കുവേണ്ടി സംസാരിക്കുവാനും ഉന്നതതലങ്ങളിൽ സ്വാധീനം ചെലുത്തുവാനും ആരുംതന്നെയില്ല എന്നതാണ് വാസ്തവം. ഇനി അവശേഷിക്കുന്നവർ മാന്യമായ സാഹചര്യങ്ങളിൽ പുനഃരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും, അതിന് സർക്കാർ സംവിധാനങ്ങളെ പ്രേരിപ്പിക്കാനുള്ള കടമ നമുക്കുമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ദുരന്തബാധിതർക്കുവേണ്ടി രംഗത്തിറങ്ങിയതാണ് വഴിത്തിരിവുണ്ടാക്കിയത്. കഴിഞ്ഞ ദിവസം ഇറിഗേഷൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് വേദിയായത് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ്സ് ഹൗസ് ആണ്. ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ കഴിഞ്ഞ നാളുകളിലെ ഇടപെടലുകൾ ഈ പ്രശ്നത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിക്കുവാനും മാധ്യമശ്രദ്ധ നേടുവാനും സഹായകരമായിരുന്നു.

തിരുവനന്തപുരം ലത്തീൻ രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യം വലിയതുറ സന്ദർശിച്ചപ്പോൾ

പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട നൂറുകണക്കിനായ നിരാശ്രയർക്ക് സഹായവുമായി ഓടിയെത്താൻ നിരവധി സംഘടനകളും സന്മനസുള്ളവരും ഉണ്ടായിരുന്നു. പുനരധിവാസത്തിന് ഉപകരിക്കുന്ന സ്ഥലം സർക്കാർ ഒരുക്കി എന്നല്ലാതെ, അവർക്കാവശ്യമുള്ള ടോയ്‌ലറ്റ്, കിച്ചൺ തുടങ്ങിയ ഒരു സൗകര്യങ്ങളും അവിടെ ക്രമീകരിക്കപ്പെട്ടിരുന്നില്ല. സഹായത്തിനെത്തിയ സംഘടനകളും, നിരവധി നാട്ടുകാരും തിരുവനന്തപുരം അതിരൂപതാനേതൃത്വവുമാണ് അവർക്കാവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കി ഇപ്പോഴും അവർക്ക് ധൈര്യം പകർന്നുകൊണ്ട് അവർക്കൊപ്പമായിരിക്കുന്നത്.

പ്രളയകാലത്ത് കേരളത്തിന് മുഴുവൻ ധൈര്യം പകർന്നവർക്ക് ധൈര്യം പകരുവാൻ കേരളം മുഴുവൻ ഉണ്ടാവണം, അത് നമ്മുടെ കടമയാണ്.

ഇനിയും, ഇത്തരം അവഗണിക്കപ്പടുന്നവരുടെ സഹായം കേരളത്തിലെ പരിഷ്കൃത സമൂഹത്തിന് വേണ്ടിവന്നുകൂടായ്കയില്ല. അപ്പോൾ മുഖം കുനിക്കാൻ ഇടവരാതിരിക്കേണ്ടി വരുന്നതിനെങ്കിലും ഇവരുടെ പ്രശ്നങ്ങളിൽ കൈത്താങ്ങായി നമുക്ക് ഉണ്ടായിരിക്കാം. വലിയതുറയിലെ ജനങ്ങളും, ചെല്ലാനത്തെ ജനസമൂഹവും ദുരന്തക്കയത്തിൽ അകപ്പെട്ടുകിടക്കുന്ന ഈ സാഹചര്യത്തിൽ, പഴയതൊന്നും മറക്കാൻ കാലമാകാത്ത പശ്ചാത്തലത്തിൽ മനഃസാക്ഷിയും, ലോകവും നമ്മെ കുറ്റപ്പെടുത്താതിരിക്കട്ടെ.

എഡിറ്റർ, സിഗ്നൽ ന്യൂസ്

Leave A Reply

Your email address will not be published.