കഴിഞ്ഞ ചില മാസങ്ങളിലായി എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ ലഭ്യമല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നിരുന്നു. അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുമുണ്ട്. ഇതിനിടെയാണ് രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.
നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതിലേക്ക് റിസർവ് ബാങ്ക് എത്തിച്ചേർന്നത്. ആദ്യഘട്ടത്തിൽ രണ്ടായിരത്തിന്റെ നോട്ട് അച്ചടിക്കുന്നതിന്റെ അളവ് കുറച്ചുകൊണ്ടുവരികയും, തുടർന്ന് നോട്ട് പൂർണമായി നിർത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.