Voice of Truth

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അടുത്ത ചീഫ് ജസ്റ്റിസായേക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസായി സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ പേര് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശിപാര്‍ശ ചെയ്തു.

വിരമിക്കാന്‍ ഒരു മാസം ശേഷിക്കേ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിച്ചത്. ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നവംബര്‍ 18-ന് ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

പരമ്പരാഗത കീഴ്‌വഴക്കമെന്ന നിലയിലാണ് സീനിയോരിറ്റിയില്‍ രണ്ടാമനായ ജഡ്ജിയെന്ന നിലയില്‍ ജസ്റ്റിസ് ബോബ്‌ഡെയുടെ പേര് ശിപാര്‍ശ ചെയ്തത്. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി.

നാഗ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി ബിരുദം നേടിയ ജസ്റ്റിസ് ബോബ്‌ഡെ, 1978-ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്. 1998-ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്.

Leave A Reply

Your email address will not be published.