Voice of Truth

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇരുപത്തെട്ട് വയസ്. വൈറലായി പ്രിയങ്കയുടെ ട്വീറ്റ്

ഭാരതത്തിന്‌ പ്രിയങ്കരനായിരുന്ന മഹദ് വ്യക്തിത്വം രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ വച്ച് ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 1991 മേയ് ഇരുപത്തിയൊന്നിന് ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ഥനായ ഒരു വ്യക്തിത്വമായിരുന്നു രാജീവ്. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന്, ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് ഒരുപാട് സംഭാവനകള്‍ രാജ്യത്തിന്‌ നല്‍കിയ ഒരു പ്രതിഭ. ഒരുപക്ഷെ, രാജീവ് ജീവിച്ചിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല ഇന്ത്യ.

ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേടിയ വന്‍ഭൂരിപക്ഷത്തിന്റെ പിന്തുണയില്‍ അഞ്ചു വര്‍ഷം പ്രധാനമന്ത്രിയായി രാജ്യം ഭരിച്ച രാജീവ് ഗാന്ധി ചില തിരിച്ചടികളെ നേരിട്ടിരുന്നു എങ്കിലും, ഭാവിയിലേയ്ക്ക് മികച്ച ഒരു അടിത്തറ പണിയുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. യുവ ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് പ്രത്യാശതോന്നിയ വര്‍ഷങ്ങളായിരുന്നു രാജീവ് ഗാന്ധിയുടെ ഭരണ കാലം. ആധുനിക ഇന്ത്യയിലേയ്ക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് അദ്ദേഹമല്ലാതെ മറ്റാരുമല്ല.

ഇന്ന്, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, രാജീവ് ഗാന്ധി അവശേഷിപ്പിച്ചു പോയ കുറെ സ്വപ്നങ്ങള്‍ ചിലരുടെയെങ്കിലും മനസ്സില്‍ തെളിയുന്നുണ്ട്. അന്നത്തെ യുവത്വത്തിന്റെ മുന്നില്‍ തെളിഞ്ഞ പ്രത്യാശയുടെ പ്രകാശം വീണ്ടും ജ്വലിക്കുന്നു. പിതാവ് കൊല്ലപ്പെടുമ്പോള്‍ ചെറിയ പ്രായം മാത്രമുണ്ടായിരുന്ന രാഹുലിനും പ്രിയങ്കയ്ക്കും ആ ആഘാതത്തെ അതിജീവിക്കുക എളുപ്പമായിരുന്നില്ല. അന്ന് പ്രിയങ്കയ്ക്ക് പത്തൊമ്പതും, രാഹുലിന് ഇരുപത്തൊന്നും വയസായിരുന്നു പ്രായം. ആ പിതാവിന്റെ ജീവിതവും കാഴ്ചപ്പാടുകളും ഈ മക്കളെ വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിശ്ചയം.

പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്

ഇന്ന്, രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ മകള്‍ പ്രിയങ്ക തന്റെ ഓര്‍മ്മകളും, പിതാവിനോടുള്ള വികാരവായ്പ്പും ട്വിറ്ററില്‍ പങ്കുവച്ചത് പഴയ ഒരു ഫോട്ടോയ്ക്കൊപ്പമാണ്. പിതാവിനെ ആലിംഗനം ചെയ്തു നില്‍ക്കുന്ന കൊച്ചുപ്രിയങ്കയുടെ ചിത്രമാണ് അത്. അങ്ങായിരിക്കും എക്കാലവും എന്റെ ഹീറോ എന്നാണ് തലക്കെട്ട്‌. ഹരിവംശ് റായ് ബച്ചന്റെ പ്രശസ്തമായ കവിത അഗ്നിപത് ഫോട്ടോയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. അഗ്നിപാതയിലൂടെയുള്ള സഞ്ചാരത്തിന്റെ കാവ്യാത്മക വിവരണമാണ് ആ വരികള്‍. പിതാവിന്റെ മാത്രമല്ല, തലമുറകളായി തന്റെ കുടുംബം നടന്നു നീങ്ങുന്നതും, ഇപ്പോള്‍ സഹോദരനുമൊന്നിച്ചുള്ള പ്രയാണവും ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ട്.

Leave A Reply

Your email address will not be published.