Voice of Truth

കമ്പനികളുടെ വിൽപ്പനയുടെ കേവലം നാലു ശതമാനം മാത്രമാണ് തൊഴിലാളികൾക്കുള്ള ശമ്പളം. വിൽപ്പനയിൽ ചെറിയ ഇടിവ് നേരിട്ടതിന്റെപേരിൽ അവരെ പിരിച്ചുവിടുന്നതിന് ന്യായീകരണമില്ല: രാജീവ് ബജാജ്

രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും മാർക്കറ്റ് ഇടിവുമാണ് മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം ഈ നാളുകളിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പ്രത്യേകമായി ചർച്ചകളിൽ നിറയുന്ന ഒരു മേഖലയാണ് ഓട്ടോമൊബൈൽ ഇൻഡസ്ട്രി. വാഹനകളുടെ വിൽപ്പനയും നിർമ്മാണവും കുറയുന്നത് മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം അവിടെ അനവധിയാണ്. ഈ പ്രത്യേകസാഹചര്യത്തിൽ, ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജിന്റെ വാക്കുകൾ ചർച്ചയാകുന്നു.

ഒരു ബിസിനസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും മറ്റു വാഹനക്കമ്പനികൾക്കുള്ള ഉപദേശരൂപേണ അദ്ദേഹം വ്യക്തമാക്കിയത്. കമ്പനികളുടെ വിൽപ്പനയുടെ കേവലം നാല് ശതമാനത്തോളം മാത്രമേ തൊഴിലാളികൾക്കുള്ള ശമ്പളം വരികയുള്ളു. അഞ്ചോ ഏഴോ ശതമാനം വിൽപ്പന കുറഞ്ഞു എന്ന കാരണത്താൽ ഏതാനും തൊഴിലാളികളെ പിരിച്ചുവിട്ടാൽ അതുകൊണ്ട് വലിയ ലാഭമൊന്നും ഒരു കമ്പനികൾക്കും ഉണ്ടാവില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മാത്രമല്ല, അത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനമെടുക്കുന്നയാളാണ് ഞാനെങ്കിൽ അവർ എങ്ങനെ എന്നെ വിശ്വസിക്കും, എന്നും അദ്ദേഹം ചോദിക്കുന്നു. ഞാൻ ഒരിക്കലും എന്റെ തൊഴിലാളികളുടെ ജീവിതങ്ങളെയും അവരുടെ കുടുംബങ്ങളെയും വച്ച് കളിക്കുവാൻ ഇഷ്ടപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വിപണി വലിയ ഇടിവാണ് നേരിടുന്നത്. അതിന്റെ ഭാഗമായി, ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുലക്ഷത്തോളം പേർക്ക് ഇതിനകം തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു. അപ്രതീക്ഷിതമായ വിൽപ്പനക്കുറവ് നേരിട്ട ഡീലർമാർ പിരിച്ചുവിട്ടവരാണ് ഏറെയും.

പിരിച്ചുവിടലുകളും, കനത്ത ബാധ്യതയും കൂടാതെ ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനായി മഹേന്ദ്ര ആൻഡ് മഹേന്ദ്ര, മാരുതി എന്നീ കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. വാഹന നിർമ്മാണ രംഗത്തെ ഈ പ്രതിസന്ധിയെ അതിജീവിക്കുവാൻ നികുതിയിളവ് പ്രഖ്യാപിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ, ഈ ഘട്ടത്തിൽ സർക്കാരിനെ സമീപിക്കുന്നതിന് മുമ്പ് കമ്പനികൾ പ്രായോഗികമായ ചില കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കണമെന്ന് രാജീവ് ബജാജ് ഓർമ്മിപ്പിച്ചു.

നികുതിയിളവ് ആവശ്യപ്പെടുന്നതിന് മുമ്പ്, തങ്ങളുടെ ഉൽപ്പന്നങ്ങൾ ലോകോത്തരമായ ഗുണനിലവാരമുള്ളവയാണോ എന്ന് ഓരോരുത്തരും ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നിർമ്മിതമായ പല പ്രൊഡക്ടുകളും ശരാശരിയിൽ മാത്രം നിൽക്കുന്നവയാണ് എന്നാണ് അദ്ദേഹം വിലയിരുത്തിയത്. അതിനാൽ തന്നെ, വാഹന വിപണിയിലെ ഇടിവ് മിക്കവാറും അത്തരക്കാരുടെ സൃഷ്ടിയാണ് എന്ന് രാജീവ് ബജാജ് കൂട്ടിച്ചേർത്തു.

“ഒട്ടേറെ കമ്പനികൾക്ക് തങ്ങളുടെ പ്രോഡക്ട്സ് കയറ്റുമതി ചെയ്യാനാവില്ല. കാരണം തുടന്നുപറഞ്ഞാൽ, ആഗോള നിലവാരം അനുസരിച്ച് അവരുടെ ഉൽപ്പന്നങ്ങൾ വലിയ മെച്ചമുള്ളവയല്ല. ഞാൻ ആരെയും പേരെടുത്ത് പറയുന്നില്ല, നിങ്ങൾ എല്ലാം നിർമ്മിക്കുന്നു, സ്‌കൂട്ടറുകൾ, ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ, എസ്‌യുവി കൾ, ട്രക്കുകൾ തുടങ്ങിയവയെല്ലാം. പക്ഷെ ഒന്നും ലോക നിലവാരത്തിലേക്ക് ഉയരുന്നില്ല.” രാജീവ് ബജാജിന്റെ വാക്കുകളാണിവ.

“ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ, അഞ്ചുമുതൽ ഏഴുവരെ ശതമാനം വിൽപ്പനക്കുറവ് ഒരു വലിയ പ്രതിസന്ധിയാണെന്ന് ഞാൻ കരുതുന്നില്ല.” ചുറ്റും പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നെങ്കിലും ഇത് ഭയപ്പെടേണ്ട സമയമല്ല എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ കമ്പനികൾ വിൽപ്പനയിൽ ഇടിവ് നേരിടുന്ന ഒരു കാലത്തും പുതിയ വിദേശ കമ്പനികളെ ആവേശത്തോടെ ഇന്ത്യക്കാർ സ്വീകരിക്കുന്ന ഈ സാഹചര്യത്തിൽ രാജീവ് ബജാജിന്റെ വാക്കുകൾക്ക് പ്രസക്തി കൂടുതലാണ്. എംജിയുടെ ഹെക്ടറിന് മികച്ച സ്വീകരണം ലഭിച്ചത് ഒരു ഉദാഹരണമാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ തകർച്ച അഭിമുഖീകരിക്കുന്നെങ്കിൽ അതിന് കാരണം അവരുടെ തന്നെ ജാഗ്രതക്കുറവാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Leave A Reply

Your email address will not be published.