ആത്മീയാചാര്യന്‍മാര്‍ ആത്മീയ പ്രഭാഷണങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുന്ന കാലമാണിത്. സന്യാസമെന്നാല്‍ സമ്യക്കായ ന്യാസം, സമ്പൂര്‍ണ്ണമായ ഉപേക്ഷിക്കല്‍ ആണ്. ലൗകികതയെ ഉപേക്ഷിച്ച് ആത്മീയതയെ തെരഞ്ഞെടുത്ത നിരവധി ആചാര്യന്മാര്‍ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍മാരും, രാഷ്ട്രീയ നേതാക്കന്‍മാരുമായി മാറിയിരിക്കുകയാണ് സമകാലീന ഭാരതത്തില്‍. അധികാരം പിടിച്ചെടുക്കാനും, ഇലക്ഷനില്‍ വിജയിക്കാനും പണവും അംഗീകാരങ്ങളും നേടാനും സാധ്വിമാരും യോഗിമാരും ഇതര ആചാര്യന്മാരും നെട്ടോട്ടമോടുമ്പോള്‍ അവരുടെ പ്രസംഗങ്ങള്‍ വിലകുറഞ്ഞ ചിന്തകളാല്‍ നിറയുക സ്വാഭാവികം. ജനങ്ങള്‍ക്ക് ധര്‍മ്മമോതേണ്ടവര്‍ തന്നെ അധര്‍മ്മത്തിന്റെ ഉപദേശകരായി മാറുമ്പോള്‍, ഇതാ ഒരു രാഷ്ട്രീയക്കാരന്‍ ആത്മീയ പ്രബോധകനായി മാറുന്നു. അത് മറ്റാരുമല്ല, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയ നിരവധി പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകഴിഞ്ഞും മനസുകളെ ചലിപ്പിക്കാന്‍ പര്യാപ്തമാണ്.

പൂനയില്‍ വിദ്യാര്‍ത്ഥികളുമായി സംവേദിക്കുന്നതിനിടയില്‍ ഇപ്രകാരം ഒരു ചോദ്യം ഉയര്‍ന്നിരുന്നു. ‘താങ്കളുടെ ആത്മധൈര്യത്തിന്റെ രഹസ്യം എന്താണ്?’ വയനാട് മണ്ഡലത്തിലെ ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ പ്രിയങ്ക ഗാന്ധി സഹോദരന്‍ രാഹുലിനെപ്പറ്റി ഇങ്ങനെ പറയുകയുണ്ടായിരുന്നു, ‘എനിക്കറിയാവുന്നതില്‍ ഏറ്റവും ധൈര്യശാലിയായ പുരുഷനാണ് രാഹുല്‍.’ ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം.
രാഹുലിന്റെ മറുപടി ഒരു രാഷ്ട്രീയക്കാരന്റേതുപോലെ ആയിരുന്നില്ല. അദ്ദേഹം പറഞ്ഞു, ‘സത്യമാണ് ആത്മധൈര്യത്തിന്റെ അടിസ്ഥാനം. നാം സത്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ഉറപ്പുണ്ടെങ്കില്‍ അത് നമുക്ക് കരുത്ത് പകരും. എന്നാല്‍, നമ്മുടെ നിലപാടുകളുടെ അടിസ്ഥാനം സത്യമല്ലെങ്കില്‍ അത് നമ്മെ ദുര്‍ബ്ബലരാക്കും. പക്ഷെ, സത്യത്തെ അംഗീകരിക്കണമെങ്കില്‍ നമുക്ക് വേണ്ടത് എളിമയാണ്. എളിമയില്ലാതെ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക വിഷമകരമായിരിക്കും.’
ചെന്നൈ സ്റ്റെല്ലാ മാരിസ് കോളേജിലെ സംവാദത്തിനിടയില്‍ ഒരു വിദ്യാര്‍ത്ഥിനി ചോദിച്ചു, പ്രധാനമന്ത്രി മോദിയെ രാഹുല്‍ ആലിംഗനം ചെയ്തത് എന്തിനുവേണ്ടിയാണെന്ന്. രാഹുലിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘പ്രധാനമന്ത്രി എന്നെയും കോണ്‍ഗ്രസിനെയും പരുഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അമ്മയെയും അച്ഛനെയും മുത്തശിയെയും ഹീനമായി അധിക്ഷേപിക്കുന്നത് കേട്ടുകൊണ്ടിരുന്നപ്പോള്‍ പോലും എനിക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നിയില്ല. പകരം സഹതാപമാണ് തോന്നിയത്. കാരണം, സ്‌നേഹം കിട്ടാത്ത ഒരു ഹൃദയത്തില്‍ നിന്ന് മാത്രമേ ഇത്ര കഠിനമായ വാക്കുകള്‍ പുറത്തുവരികയുള്ളു എന്നെനിക്ക് ബോധ്യമായിരുന്നു. അതുകൊണ്ട്, വിദ്വേഷം പ്രകടിപ്പിക്കുന്ന മറുപടിക്ക് പകരം, സ്‌നേഹത്തോടെയുള്ള ഒരു ആലിംഗനം അദ്ദേഹത്തിന് കൊടുത്താല്‍ നന്മയാകും എന്ന് ഞാന്‍ കരുതി.’ തുടര്‍ന്ന് രാഹുല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു, ‘നിങ്ങളെ ഉപദ്രവിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ നിങ്ങളുടെ ശത്രുക്കളല്ല. മറിച്ച്, ഗുരുക്കന്മാരാണ്. അവരില്‍നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പഠിക്കുവാന്‍ കഴിയും. പക്ഷെ, അതിന് കഴിയണമെങ്കില്‍ നാം അവരോട് ക്ഷമിക്കണം. വെറുപ്പോടെ തിരിച്ചടിച്ചാല്‍,നമ്മുടെ വളര്‍ച്ചയ്ക്കായുള്ള ആ പാഠങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിയുകയില്ല.’ രാഷ്ട്രീയത്തിനതീതമായ ആത്മീയസത്യങ്ങളെ വെളിപ്പെടുത്തുന്ന രാഹുല്‍ഗാന്ധി, ആത്മീയത മറന്ന് രാഷ്ട്രീയം കളിക്കുന്ന ആത്മീയാചാര്യന്‍മാര്‍ക്ക് ഒരു മാതൃക തന്നെ.