ന്യൂഡൽഹി: ഇന്നലെയും ഒരു കർഷക ആത്മഹത്യ നടന്ന തന്റെ നിയോജകമണ്ഡലത്തിലെ കർഷകർക്കുവേണ്ടി ആവേശത്തോടെ ഇന്ന് പാർലമെന്റിൽ സംസാരിച്ച് രാഹുൽഗാന്ധി. അവിടെ അരങ്ങേറുന്ന ആത്മഹത്യകൾക്ക് പിന്നിലെ വിഷയങ്ങളും, മൊറട്ടോറിയം നീട്ടിനൽകാത്തതുമാണ് സഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.
രാജ്യത്തിലെ കർഷകർ ഒന്നടങ്കം ദുരിതത്തിലാണെന്നും, ബജറ്റിൽ അവരെ ആശ്വസിപ്പിക്കുന്ന യാതൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ, എണ്ണായിരത്തോളം കർഷകർക്ക് ഇതിനകം ജപ്തിനോട്ടീസ് ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാർഷിക വായ്പ്പയുടെ മോറട്ടോറിയം നീട്ടിനൽകുവാൻ സർക്കാർ റിസർവ് ബാങ്കിനോട് നിർദ്ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ രാജ്യത്തെ വ്യവസായികൾക്ക് സർക്കാർ 4.3 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകുകയും, 5.5 ലക്ഷം കോടി രൂപ എഴുതിത്തള്ളുകയും ചെയ്തപ്പോൾ, കർഷകരോട് ലജ്‌ജാകരമായ വിവേചനമാണ് സർക്കാർ കാണിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മോദി ആദ്യവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ കർഷകർക്ക് വാഗ്ദാനങ്ങളും നൽകിയിരുന്നു. അവയിൽ ഏതെങ്കിലും ഒന്നെങ്കിലും നടപ്പാക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു.