Voice of Truth

ഒരു മഹത്തായ അതിജീവനത്തിന്റെ ചരിത്രം സിനിമയായപ്പോൾ…

2002ല്‍ പുറത്തിറങ്ങിയ ഓസ്‌ട്രേലിയന്‍ ചലച്ചിത്രം ‘റാബിറ്റ് പ്രൂഫ് ഫെന്‍സ്’ വ്യത്യസ്ഥമായൊരു അതിജീവനത്തിന്റെ കഥ പറയുന്നു. ഡോറിസ് പില്‍കിംഗ്ടണ്‍ ഗരിമാര തന്റെ അമ്മ മോളിയുടെ ജീവിതാനുഭവം മുന്‍നിര്‍ത്തി രചിച്ച, ‘ഫോളോ ദി റാബിറ്റ് പ്രൂഫ് ഫെന്‍സ്’ എന്ന ഗ്രന്ഥമായിരുന്നു, ഫിലിപ്പ് നോയ്‌സ് സംവിധാനം ചെയ്ത പ്രസ്തുത ചലച്ചിത്രത്തിന് ആധാരം.

ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഒരു പ്രത്യേക തീരുമാനവും, അതേത്തുടര്‍ന്ന് ഒരു വിഭാഗം മനുഷ്യര്‍ നേരിട്ട ഭീകരമായ പ്രതിസന്ധികളുമായിരുന്നു ഈ ഗ്രന്ഥത്തിന്റെയും, ചലച്ചിത്രത്തിന്റെയും ചരിത്രപശ്ചാത്തലം. ഓസ്‌ട്രേലിയയിലെ കറുത്തവരായ ആദിവാസി വംശജരും വെള്ളക്കാരും കൂടിച്ചേര്‍ന്ന് മുന്‍കാലങ്ങള്‍ മുതല്‍ രൂപപ്പെട്ടിരുന്ന, ‘ഹാഫ് കാസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട സങ്കരവര്‍ഗ്ഗം പെരുകുന്നതിനെ നിയന്ത്രിക്കുകയും, ക്രമേണ ഇല്ലാതാക്കുകയും ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അര്‍ദ്ധവര്‍ഗ്ഗത്തില്‍ പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി മാറ്റി പാര്‍പ്പിക്കുന്ന പതിവ് 1905 മുതല്‍ 1971 വരെ അവിടെ നിലനിന്നിരുന്നു.

അത്തരത്തിലുള്ള പെണ്‍കുട്ടികളെ മുഴുവന്‍ കണ്ടെത്തി അവരുടെ ജന്മദേശത്തുനിന്ന് വിദൂരമായ ഒരു പ്രത്യേക ക്യാമ്പില്‍ സംരക്ഷിക്കുകയും പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വെള്ളക്കാരുടെ കുടുംബങ്ങളില്‍ ജോലിക്കായോ, ഫാക്ടറി ജോലിയ്ക്കായോ അയയ്ക്കുകയുമായിരുന്നു ചെയ്തിരുന്നത്. അവര്‍ വിവാഹിതരാവുന്നെങ്കില്‍ അത് വെള്ളക്കാരെ ആയിരിക്കുമെന്നത് അവര്‍ ഉറപ്പുവരുത്തിയിരുന്നു. അത്തരത്തില്‍ ചില തലമുറകള്‍ കഴിയുന്നതോടെ ‘അര്‍ദ്ധവര്‍ഗ്ഗം’ പൂര്‍ണ്ണമായി ഇല്ലാതായി തീരും എന്നതായിരുന്നു ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഈ കാലയളവില്‍, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ജിഗലോംഗ് എന്ന ദേശത്ത് താമസമാക്കിയിരുന്ന ഓസ്‌ട്രേലിയന്‍ ആദിവാസി വിഭാഗത്തില്‍ പെട്ട മൂന്ന് പെണ്‍കുട്ടികളെ പിടികൂടുവാന്‍ അധികൃതര്‍ പദ്ധതിയിടുന്നത് മുതലാണ് ചലച്ചിത്രം ആരംഭിക്കുന്നത്. പിതാക്കന്മാര്‍ വെള്ളക്കാര്‍ ആയിരുന്ന പതിനാല് വയസുകാരിയായ മോളി ക്രെയ്ഗും, അവളുടെ എട്ടുവയസുകാരിയായ സഹോദരി ഡെയ്‌സിയും, അവരുടെ കസിനായ ഗ്രെയ്‌സിയുമായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍. തങ്ങളുടെ കുട്ടികള്‍ പിടിക്കപ്പെട്ടേക്കും എന്ന ഭയം ഉണ്ടായിരുന്നതിനാല്‍, അവരുടെ രക്ഷിതാക്കള്‍ അപരിചിതരുടെ മുന്നില്‍നിന്നും ഈ കുട്ടികളെ മറയ്ക്കുവാന്‍ ശ്രദ്ധിച്ചിരുന്നു. ആ കാലത്ത് അര്‍ദ്ധവര്‍ഗ്ഗ നിയന്ത്രണനിയമം നടപ്പിലാക്കുവാന്‍ നിയമിക്കപ്പെട്ടിരുന്ന ഉന്നതഉദ്യോഗസ്ഥന്‍, എ ഒ നെവില്‍ രഹസ്യമായി ആ മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം അറിഞ്ഞതുമുതല്‍ എത്രയും വേഗം അവരെ പിടികൂടുവാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കുന്നു.

1907ഓടെ, ഓസ്‌ട്രേലിയയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ എത്തി നില്‍ക്കത്തക്ക രീതിയില്‍ പണിതീര്‍ത്തിരുന്ന ഒരു പ്രത്യേകതരം വേലിയുടെ സമീപത്തായിരുന്നു ഈ ആദിവാസി കുടുംബങ്ങള്‍ ജീവിച്ചു പോന്നിരുന്നത്. മുയലുകള്‍ മുതലായ, കൃഷികള്‍ നശിപ്പിക്കുന്ന ജീവികളില്‍ നിന്ന് കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച, മൂവായിരത്തില്‍പരം കിലോമീറ്ററുകള്‍ നീളുന്ന ആ കമ്പിവേലി, ലോകത്തിലെതന്നെ ഇത്തരത്തിലുള്ള വേലികളില്‍ ഏറ്റവും വലുതായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. റാബിറ്റ് പ്രൂഫ് ഫെന്‍സ്… അത് തന്നെയാണ് സിനിമയുടെ പേരും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ വേലിയുടെ പശ്ചാത്തലത്തില്‍ വച്ചുതന്നെ, പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഭയന്നതുപോലെ അവര്‍ പിടിക്കപ്പെടുകയാണ്. അര്‍ദ്ധവര്‍ഗ്ഗ നിയന്ത്രണ നിയമപ്രകാരം പിടിക്കപ്പെട്ട ആ പെണ്‍കുട്ടികളെ ജിഗലോംഗില്‍ നിന്ന് ആയിരത്തിഅറുനൂറിലേറെ കിലോമീറ്ററുകള്‍ ദൂരെയുള്ള ‘മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റി’ലേയ്ക്കാണ് കൊണ്ടുപോകുന്നത്. ട്രെയിനിലും പിന്നീട് ട്രക്കിലുമായി ദിവസങ്ങള്‍ യാത്രചെയ്ത് അവര്‍ എത്തിച്ചേരുന്നത് തികച്ചും അപരിചിതവും, എന്നാല്‍ തങ്ങളെപ്പോലെയുള്ള കുറെ പെണ്‍കുട്ടികള്‍ പാര്‍ക്കുന്നതുമായ ഒരു ക്യാമ്പിലേയ്ക്കാണ്. സുസ്‌മേരവദനരായി അവരെ ശുശ്രൂഷിക്കാനെത്തുന്ന വെള്ള വസ്ത്രധാരിണികളായ സന്യാസിനിമാര്‍ മുതല്‍, ഭീകരമായ മുഖഭാവത്തോടെ കുട്ടികളെ തുറിച്ചുനോക്കുകയും, രക്ഷപെടാന്‍ ശ്രമിക്കുന്നവരെ നിര്‍ദാക്ഷിണ്യം തിരികെ പിടിച്ചുകൊണ്ടുവരികയും ചെയ്യുന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ മൂഡോ വരെയുള്ള എല്ലാവരും ആ പിഞ്ചുമനസ്സുകളില്‍ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.

ബലം പ്രയോഗിച്ച് അവരെ ക്യാമ്പില്‍ എത്തിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെങ്കിലും, ഏതുവിധേനയും ആ കുട്ടികള്‍, പ്രത്യേകിച്ച് മോളി നാട്ടില്‍ തിരികെ എത്തണമെന്ന് നിശ്ചയിച്ചിരുന്നു. തങ്ങള്‍ക്ക് മുമ്പേ അവിടെ എത്തിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതും, എന്നാല്‍ പിടിക്കപ്പെടുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നതുമെല്ലാം ആശങ്കയോടെ വീക്ഷിച്ചിരുന്നുവെങ്കിലും, മഴക്കാറുകള്‍ മൂടിയ ഒരു ദിവസം മോളി തന്റെ സഹോദരിമാരെയും കൂട്ടി തിരികെ പോകുവാന്‍ തീരുമാനമെടുക്കുകയാണ്. ചലച്ചിത്രത്തിന്റെ ആരംഭത്തില്‍, ചെറുമൃഗങ്ങളെ വേട്ടയാടുന്നതിലും, ലക്ഷണങ്ങളിലൂടെ കാടിനെ മനസിലാക്കുന്നതിലും വിദഗ്ദയായി അവതരിപ്പിച്ചിരുന്ന മോളിക്ക്, മഴയ്ക്ക് തങ്ങളെ ശത്രുക്കളില്‍ നിന്ന് മറയ്ക്കാനാവുമെന്ന് അറിയാമായിരുന്നു.

കേവലം പതിനാല് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള ആ പെണ്‍കുട്ടികള്‍, തികച്ചും അപ്രായോഗികം എന്ന് തോന്നുമാറ്, ആയിരത്തിഅഞ്ഞൂറ് മൈലുകള്‍ കാല്‍നടയായി സഞ്ചരിക്കുവാന്‍ തീരുമാനമെടുക്കുന്നു! ചലച്ചിത്രത്തിനായി സൃഷ്ടിച്ച ഒരു കഥയുടെ ഭാഗം മാത്രമായിരുന്നു ഇതെങ്കില്‍, പ്രേക്ഷകര്‍ തീര്‍ച്ചയായും അത് സ്വീകരിക്കുമായിരുന്നില്ല. എന്നാല്‍, ചിലപ്പോഴെങ്കിലും മനുഷ്യചരിത്രത്തില്‍ ചില യഥാര്‍ത്ഥ്യങ്ങള്‍ കെട്ടുകഥകളെക്കാള്‍ അവിശ്വസനീയമായി മാറുന്നു എന്ന വസ്തുത, ഈ ആഖ്യാനത്തെ ബലവത്താക്കുന്നു. അതെ, തുടര്‍ന്നുള്ള രണ്ടു മാസങ്ങളിലേറെയുള്ള ദിനരാത്രങ്ങള്‍കൊണ്ട് ആ പെണ്‍കുട്ടികള്‍ നടന്നുതീര്‍ത്തത് അത്രയും ദൂരമാണ്.

അതീവ ബുദ്ധിമതിയായ മോളി ക്രെയ്ഗ് എന്ന പതിനാല് വയസ്സുകാരിയുടെ ഇച്ഛാശക്തിയോടെയുള്ള നേതൃത്വം സിനിമയിലുടനീളം നമുക്ക് കാണാവുന്നതാണ്. അവരുടെ ദേശം വരെ നീളുന്ന റാബിറ്റ് പ്രൂഫ് ഫെന്‍സ് കണ്ടെത്തുവാന്‍ കഴിഞ്ഞതാണ് ആ യാത്രയില്‍ വഴിത്തിരിവായി മാറുന്നത്. എങ്കിലും, രണ്ട് ഫെന്‍സുകള്‍ ഉണ്ടെന്നറിയാതെ കുറേ ദിവസം അവര്‍ തെറ്റായ ദിശയില്‍ യാത്ര ചെയ്യുന്നു. ആവേശജനകമാണ് മോളി തെരഞ്ഞെടുത്ത വഴികളും, അവരെ വിജയത്തിലേയ്ക്ക് എത്തിച്ച അവളുടെ തീരുമാനങ്ങളും. ഈ മൂന്ന് കുട്ടികള്‍ അപ്രത്യക്ഷരായിരുന്ന ഒമ്പത് ആഴ്ചക്കാലവും, ഒരു വലിയ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ അവരെ തെരയുന്നതിനായി അവര്‍ കടന്നുപോകുവാന്‍ ഇടയുള്ള വഴികളിലൂടെ പരക്കം പാഞ്ഞ് നടന്നിരുന്നു. കുതിരപ്പുറത്തും, വാഹനങ്ങളിലും സഞ്ചരിച്ച് ദിനരാത്രങ്ങളോളം തേടിയിട്ടും കണ്ടെത്താനാവാത്തവിധത്തില്‍ അബലകളായ മൂന്ന് പെണ്‍കുട്ടികളെ ആ ഊഷരഭൂവില്‍ ഒളിപ്പിച്ചത് അവരുടെ ലക്ഷ്യബോധം തന്നെയാണ് എന്ന സന്ദേശവും ഈ സിനിമ കാഴ്ചക്കാര്‍ക്ക് നല്‍കുന്നുണ്ട്.

വൈകാരികമായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ ഈ സിനിമ കടന്നുപോകുന്നുണ്ട്. യാത്രാമദ്ധ്യേ, ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു വ്യക്തിയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വഴിമാറി സഞ്ചരിക്കുന്ന ഗ്രെയ്‌സി ഒറ്റപ്പെട്ട ഒരു റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് വച്ച് പിടിക്കപ്പെടുന്നുണ്ട്. അവളെ അധികൃതര്‍ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍, മറഞ്ഞിരുന്ന് അത് വീക്ഷിക്കുന്ന മോളി, തന്റെ അനുജത്തിയോട് പറയുന്നു, ‘അവള്‍ പോയി. ഇനി ഒരിക്കലും വരില്ല’. ആ വാക്കുകളും, അകന്നുപോകുന്ന വാഹനത്തില്‍നിന്ന് നിസ്സഹായാവസ്ഥയില്‍ പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന ഗ്രെയ്‌സിയുടെ കണ്ണുകളും പ്രേക്ഷകന്റെ മനസ്സില്‍ മുറിവുകളാകുന്നു. കുടുംബബന്ധത്തിന്റെ ആഴത്തില്‍നിന്ന് പറഞ്ഞുതുടങ്ങി, ആ തീവ്രത ഊര്‍ജ്ജം പകരുന്ന ഈ കഥയില്‍, അപ്രതീക്ഷിതമായ ഈ പിഴുതുമാറ്റല്‍ മറക്കാനാവാത്തതാണ്.

സാന്ദര്‍ഭികമായി ഏറെ കഥാപാത്രങ്ങള്‍ രംഗത്ത് വരുന്നുണ്ട്, എല്ലാവരുംതന്നെ യഥാര്‍ത്ഥ കഥയിലും ഉണ്ടായിരുന്നവരാണ് എന്നതാണ് വാസ്തവം. കുട്ടികളുടെ ഒമ്പത് ആഴ്ചകള്‍ നീണ്ട യാത്രയ്ക്കിടെ അവരെ മനസ്സറിഞ്ഞ് സഹായിക്കുന്നവരും, പിടിച്ചുകൊടുക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്. അവരെ പിടികൂടുവാനുള്ള ശ്രമം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. അപ്രകാരം ഒരു കെണിയിലാണ് ഗ്രെയ്‌സി അകപ്പെടുന്നത്. ഒരവസരത്തില്‍ വിശന്നുവലഞ്ഞ കുട്ടികള്‍ക്കായി ഭക്ഷണം തേടി ഒരു ഫാമില്‍ കടന്ന മോളിയെ, മോഷ്ടാവ് എന്ന നിലയിലാണ് ഉടമസ്ഥയായ വെള്ളക്കാരി സ്ത്രീ പിടികൂടുന്നതെങ്കിലും അനുഭാവത്തോടെ അവരെ സ്വീകരിക്കുവാന്‍ മനസ്സാകുന്നു. ഭക്ഷണത്തിന് പുറമേ, മൂന്നുപേര്‍ക്കുമുള്ള പുറംകുപ്പായംകൂടി നല്‍കിയാണ് അവര്‍ കുട്ടികളെ യാത്രയാക്കുന്നത്. മറ്റൊരിക്കല്‍, വനപ്രദേശത്ത് വച്ച്, ഭക്ഷണത്തിനായുള്ള മാംസവും, അത് പാകം ചെയ്യുവാനുള്ള തീപ്പെട്ടിയും, ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഒരു തദ്ദേശവാസിയുമുണ്ട്. വേറൊരാള്‍ അവര്‍ക്ക് വഴി തെറ്റിയപ്പോള്‍ ക്ഷമയോടെ യഥാര്‍ത്ഥ വഴി അവരെ പഠിപ്പിക്കുന്നു.

പണത്തിനായി പെണ്‍കുട്ടികളെ ഒറ്റിക്കൊടുക്കുവാന്‍ തയ്യാറായ ഒരു ആദിവാസി യുവാവ് പല മഹത്തായ ഉദ്യമങ്ങളെയും, കണ്ണീരിനെയും തിരിച്ചറിയാതെ പോകുന്ന വലിയ സമൂഹത്തിന്റെ പ്രതിനിധിയാണ്.

തദ്ദേശീയരായ ആദിവാസിസമൂഹത്തിന്റെ വംശശുദ്ധി നിലനിര്‍ത്തുക എന്നത് ഒരു വലിയ ലക്ഷ്യമായി എടുത്തുപറഞ്ഞുകൊണ്ട്, നെവില്‍ എന്ന പ്രധാന ഓഫീസര്‍ തന്റെയും, സര്‍ക്കാരിന്റെയും നയം പ്രഖ്യാപിക്കുമ്പോള്‍, സാധാരണക്കാരായ അനേകര്‍ ആ ആശയത്തെ സ്വീകരിക്കുന്നുണ്ട്. ഒരുപക്ഷേ, ആ കാരണത്താല്‍ തന്നെ, ചരിത്രപരമായ ഒരു വലിയ ക്രൂരതയെ തുറന്നുസമ്മതിക്കുവാന്‍ ഇന്നും ഭരണാധികാരികള്‍ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍, വെള്ളക്കാരുടെ വരേണ്യരക്തം കറുത്തവര്‍ഗ്ഗക്കാരില്‍ കലരുകയും, ക്രമേണ സാമൂഹികമായി ഉയര്‍ന്നുചിന്തിക്കുകയും, അവകാശങ്ങള്‍ ചോദിച്ചുവാങ്ങും വിധം ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നവരായി മാറ്റപ്പെടുകയും ചെയ്യും എന്ന ഭീതിയുടെ സ്വാധീനം ഇത്തരമൊരു നിയമനിര്‍മ്മാണത്തിനുപിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിനിമയുടെ തുടക്കവും ഒടുക്കവും ഓസ്‌ട്രേലിയന്‍ ആദിവാസികളുടെ ഭാഷയിലാണ്. അത് യഥാര്‍ത്ഥ മോളി ക്രെയ്ഗിന്റെ സ്വരം തന്നെയാണ് എന്നത് സിനിമയുടെ ചരിത്രപരമായ പ്രാധാന്യത്തെ ഉയര്‍ത്തിക്കാണിക്കുന്നു. ‘ഇത് ഒരു യഥാര്‍ത്ഥ സംഭവമാണ്’ എന്ന വാക്കുകളോടെ മോളി തന്നെ കഥ പറഞ്ഞുതുടങ്ങുന്നു. വെള്ളക്കാര്‍ എപ്രകാരമാണ് തങ്ങള്‍ക്കിടയിലേയ്ക്ക് കടന്നെത്തിയത് എന്ന് തന്റെ അമ്മ പറഞ്ഞുകേട്ട അറിവും അവള്‍ ആമുഖമായി പറഞ്ഞുവയ്ക്കുന്നു.

മൂന്നുമാസക്കാലം നീണ്ടുനിന്ന ഒരു വ്യത്യസ്ഥമായ യാത്രയുടെ കഥ പറഞ്ഞവസാനിപ്പിച്ചതിനു ശേഷം സംവിധായകനായ ഫിലിപ്പ് നോയ്‌സ് ക്യാമറ ആദ്യമായി യഥാര്‍ത്ഥ മോളിയിലേയ്ക്ക് തിരിക്കുന്നു. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന മോളി ക്രെയ്ഗും, ഡെയ്‌സിയും എണ്‍പത്തഞ്ചിനും, തൊണ്ണൂറിനും ഇടയില്‍ പ്രായം തോന്നിക്കും വിധം വൃദ്ധരാണ്. തുടര്‍ന്ന് തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചവ മോളി തന്നെയാണ് വിവരിക്കുന്നത്. തിരിച്ചെത്തിയ അവര്‍ ഇരുവരും പിന്നീട് വിവാഹിതരാവുകയും മോളിക്ക് രണ്ടു മക്കള്‍ ജനിക്കുകയും ചെയ്തു. എന്നാല്‍, ഇളയ മകള്‍ അന്നബെല്ല കൈക്കുഞ്ഞ് ആയിരിക്കെ, വീണ്ടും ഒരിക്കല്‍ക്കൂടി മോളി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പിടിക്കപ്പെടുകയും, പഴയ ക്യാമ്പിലേയ്ക്ക് തന്നെ അയയ്ക്കപ്പെടുകയും ഉണ്ടായി. മുമ്പ് താന്‍ യാത്ര ചെയ്ത വഴികളിലൂടെ തന്നെ, കൈക്കുഞ്ഞിനെയും എടുത്തുകൊണ്ട് അവള്‍ വീണ്ടും നടന്ന് ജിഗലോംഗില്‍ തിരികെയെത്തി. പക്ഷേ, മൂന്ന് വയസുള്ളപ്പോള്‍ അവര്‍ വീണ്ടും തട്ടിക്കൊണ്ടുപോയ അന്നബെല്ലയെ തനിക്ക് പിന്നീട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോളി പറയുന്നു. ആദ്യയാത്രയ്ക്കിടെ പിടിക്കപ്പെട്ട ഗ്രെയ്‌സി പിന്നീട് അവളുടെ മരണം വരെയും തിരികെ വന്നിട്ടില്ല.

ആ കാലത്ത് സ്വന്തം ദേശത്തുനിന്നും നിര്‍ബ്ബന്ധിതമായി പറഞ്ഞയയ്ക്കപ്പെട്ട തലമുറകള്‍ ‘സ്‌റ്റോളന്‍ ജനറേഷന്‍സ്’ എന്നാണ് ഇന്നും അറിയപ്പെടുന്നത്. ഇത്തരമൊരു നിയമനിര്‍മ്മാണവും, അതിന്റെ അടിച്ചേല്‍പ്പിക്കലും സൃഷ്ടിച്ച ആഘാതം ഇന്നും അവിടെ അവശേഷിക്കുകയാണ്. ആധുനിക മനുഷ്യന്റെ സ്വാര്‍ത്ഥപൂര്‍ണ്ണമായ അധിനിവേശം ചവിട്ടിമെതിയ്ക്കുന്ന അനവധി നിഷ്‌കളങ്കജീവിതങ്ങള്‍ക്കുവേണ്ടി, വിശിഷ്യാ, ഇരുപതാംനൂറ്റാണ്ടിലെ ആദ്യ ഏഴ് പതിറ്റാണ്ടുകളില്‍ കണ്ണീരിലാഴ്ന്ന ഒട്ടേറെ കുടുംബങ്ങള്‍ക്കുവേണ്ടി കാലാതിവര്‍ത്തിയായി ലോകത്തോട് സംസാരിക്കുന്ന ഒരു സംഭവകഥയാണ്, റാബിറ്റ് പ്രൂഫ് ഫെന്‍സ്.

ചരിത്രത്തിന് ചിറകുകള്‍ നല്‍കിയ ഈ ചലച്ചിത്രത്തില്‍, മോളി ക്രെയ്ഗിന് ജീവന്‍ പകര്‍ന്നത്, എവര്‍ലിന്‍ സാംപിയാണ്. ഡെയ്‌സി ക്രെയ്ഗിനെ ടിയാന സാന്‍സ്ബറിയും, ഗ്രെയ്‌സി ഫീല്‍ഡ്‌സിനെ ലോറ മോനഗനും അവതരിപ്പിച്ചിരിക്കുന്നു. ഡെവിള്‍ എന്ന് കുട്ടികള്‍ വിശേഷിപ്പിച്ചിരുന്ന നെവിലിനെ അനശ്വരനാക്കിയത് കെന്നെത്ത് ബ്രനഗ് ആണ്.

Leave A Reply

Your email address will not be published.