പണം ലഭിക്കാനുള്ളതിനെ തുടർന്ന് പണി നിർത്തിവയ്ക്കുന്നു എന്ന് കരാറുകാരൻ അറിയിച്ചതിനെ തുടർന്ന് വിവാദത്തിലായ വൈറ്റില മേൽപ്പാലം കൂടുതൽ വിവാദങ്ങളിലേക്ക്. പാലത്തിന്റെ പണിയെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പതിനെട്ടിന്, പൊതുമരാമത്ത് ക്വാളിറ്റി കൺട്രോളറുടെ ചുമതലയുള്ള വിജിലൻസ് ഓഫീസർ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിന് പാലം പണിയെക്കുറിച്ചുള്ള റിപ്പോർട്ട് കൈമാറിയതായാണ് വിവരം.
കഴിഞ്ഞ പതിനാറാം തിയ്യതിയോടെ വൈറ്റില മേൽപ്പാലത്തിന്റെ പണി നിർത്തിവയ്ക്കുകയാണ് എന്ന് കരാർ ഏറ്റെടുത്തിരിക്കുന്ന ശ്രീധന്യ കൺസ്ട്രക്ഷൻസ് അറിയിച്ചിരുന്നുവെങ്കിലും, പണം നൽകാം എന്ന ഉറപ്പ് ബന്ധപ്പെട്ടവർ നൽകിയതിന്റെ വെളിച്ചത്തിൽ പണി പുനരാരംഭിക്കുകയായിരുന്നു. എന്നാൽ, ആ ദിവസങ്ങളിൽ തന്നെ, ക്വാളിറ്റി കൺട്രോളർ പിഡബ്ള്യുഡി വിജിലൻസ് വിഭാഗത്തിന് നൽകിയിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് കേരളം സമൂഹത്തിന് ആശങ്കകൾക്ക് വകയുണ്ട്.
പാലം പണിയുടെ ഭാഗമായ ഗർഡർ, ഡക്ക് സ്ളാബ് തുടങ്ങിയവയുടെ നിർമ്മിതിയിൽ അപാകതകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നടന്ന കോൺക്രീറ്റ് നിലവാര പരിശോധനാ ഫലവും തൃപ്തികരമല്ല. പാലം പണിയുടെ ഗുണനിലവാരം പരിശോധിക്കാനായി ഇതിനകം രണ്ട് ഘട്ടം പരിശോധനകൾ നടന്നു കഴിഞ്ഞു. രണ്ടാം ഘട്ട പരിശോധനയുടെ പൂർണ്ണമായ ഫലങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. മൂന്നാമതൊരു പരിശോധനകൂടി നടക്കേണ്ടതായുമുണ്ട്. പരിശോധനകൾ പൂർത്തിയായാൽ മാത്രമേ പാലം പണി സംബന്ധിച്ച പൂർണ്ണ ചിത്രം ലഭിക്കുകയുള്ളു. പൂർണ്ണമായ സ്ഥിരീകരണം വരുന്നതുവരെ പണി നിർത്തിവയ്ക്കുവാനും ആലോചനയുണ്ട്.
എന്നാൽ, ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ടിലെ സൂചനകൾ അനുസരിച്ച് കൂടുതൽ വീഴ്ചകൾ വിരൽ ചൂണ്ടുന്നത് ഉദ്യോഗസ്ഥരുടെ നേർക്കാണ്. നിർണ്ണായക ഘട്ടങ്ങളിൽ പോലും മേൽനോട്ടം വഹിക്കുവാൻ സർക്കാർ ശമ്പളം പറ്റുന്ന ഉത്തരവാദിത്തപ്പെട്ട എൻജിനീയർമാർ എത്തിച്ചേർന്നിരുന്നില്ല എന്നാണ് റിപ്പോർട്ട്. പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിലും ഇതേ ഉദ്യോഗസ്ഥ വീഴ്ച തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.