Voice of Truth

കേരളത്തിലും പബ്ബുകൾ വരുന്നു? മുഖ്യമന്ത്രിയുടെ നിലപാടിനോട് സമ്മിശ്ര പ്രതികരണം. എതിർപ്പുകൾ ഉയരുന്നു

കഴിഞ്ഞ ദിവസം,  ‘നാം മുന്നോട്ട്’ എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പബ്ബുകളെ കുറിച്ചുള്ള തന്റെ അനുകൂല നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

രാത്രികാലങ്ങളില്‍ വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിയ്ക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്നുള്ള തരത്തില്‍ പരാതികള്‍ ഉയരുന്നുണ്ട് എന്നതിനാൽ, പബ്ബുകൾ ആരംഭിക്കാനുള്ള കാര്യം പരിഗണനയിലുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാത്രി മുഴുവൻ തുറന്നിരിക്കുന്ന പബ്ബുകൾ കൂടി ആരംഭിച്ചാൽ മദ്യത്തിന്റെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കാൻ ഇടയാകുമെന്നതാണ് ഇതിനെതിരെയുള്ള പ്രധാന ആരോപണം.

സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷൻ ഔട്ട്ലെറ്റുകളിൽ മികച്ച സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആളുകള്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന സമ്പ്രദായം ഒഴിവാക്കി മികച്ച രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്ന് മദ്യം നോക്കി വാങ്ങുന്ന തരത്തിൽ ഔട്ട്ലെറ്റുകള്‍ സജ്ജീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മദ്യവിമുക്തിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പരിപാടിയ്ക്കിടെ വ്യക്തമാക്കുകയുണ്ടായി.

ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ മദ്യ വിൽപ്പന ഉയർന്നതും, നിരവധി പുതിയ ബീവറേജ് ഔട്ട്ലെറ്റുകളും ബാറുകളും ആരംഭിച്ചതും തുടങ്ങി മദ്യ വിൽപ്പന സംബന്ധമായി സംഭവിച്ച മാറ്റങ്ങൾ കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നതിനിടെയാണ് പബ്ബുകൾ ആരംഭിക്കാനുള്ള നീക്കം എന്നത് ശ്രദ്ധേയമാണ്. മദ്യവിമുക്തിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് അവകാശപ്പെടുമ്പോഴും മദ്യത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾ വ്യക്തമാണ്.

മദ്യ വിൽപ്പനയിൽനിന്ന് സർക്കാർ കൊള്ളലാഭമാണ് നേടുന്നതെന്ന ആരോപണങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് ചില വിവരാവകാശ രേഖകൾ കഴിഞ്ഞയിടെ പ്രചരിക്കുകയുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ നാൽപ്പത് ശതമാനത്തോളം മദ്യത്തിൽനിന്നും ആണ് എന്നുള്ളത് അമ്പരപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. ഇത് കേരളം പോലുള്ള പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ ഭരണകൂടത്തിന്റെ ശൈലികൾക്ക് ചേർന്നതല്ല. മദ്യത്തിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ മുന്നോട്ടുപോകുവാൻ സംസ്ഥാനത്തിന് കഴിയില്ല എന്നത് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ മദ്യനയം എന്നുള്ളത് മറ്റൊരു പ്രധാന ആരോപണമാണ്.

മദ്യത്തിന്റെ അമിത ഉപഭോഗത്തിനെതിരെ നിലകൊള്ളുന്നു എന്ന് പറയുമ്പോഴും, മദ്യത്തിൽനിന്നുള്ള വരുമാനത്തെ ലോകത്തിലെ മറ്റേത് ഭരണകൂടത്തെക്കാളും അധികമായി ആശ്രയിക്കുന്ന ശൈലി അപകടകരമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പ്പത്തേഴാം ആര്‍ട്ടിക്കിള്‍ അനുസരിച്ച്, മദ്യം ഉള്‍പ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങള്‍ നിയന്ത്രിക്കുവാനും, അവയുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുവാനുമുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരുകളുടേതാണ്. അങ്ങനെയിരിക്കെ, ബിബിസി അടക്കം കഴിഞ്ഞകാലങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ആകെ പൊതു വരുമാനത്തിന്റെ നാല്‍പ്പത് ശതമാനമെങ്കിലും പ്രത്യക്ഷത്തില്‍ തന്നെ മദ്യവ്യാപാരത്തിലൂടെയാണ് സര്‍ക്കാർ നേടിയെടുക്കുന്നത്. മദ്യകയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്‌കോട്ട്ലന്റിന്റെ കാര്യത്തില്‍ പോലും അവരുടെ ആകെ വരുമാനത്തില്‍ മദ്യത്തിന്റെ വിഹിതം കേവലം രണ്ട് ശതമാനമാണ്.

ഇത്തരം കണക്കുകയുടെയും വാസ്തവങ്ങളുടെയും വെളിച്ചത്തിൽ, മലയാളിയുടെ മാനസിക ദൗർബ്ബല്യത്തെ മുതലെടുത്ത് വരുമാനം വർദ്ധിപ്പിക്കുന്ന ശൈലിയാണ് മാറിവരുന്ന സർക്കാരുകൾ സ്വീകരിക്കുന്നത് എന്നുള്ളത് വ്യക്തമാണ്. ഇനിയുള്ള കാലത്തെങ്കിലും ഇത്തരമൊരു നയം ഉപേക്ഷിക്കുവാൻ സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്‌. മദ്യത്തിൽനിന്നുള്ള വരുമാനത്തെ ഒഴിവാക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന സ്ഥിതി തുടർന്നാൽ, മദ്യ വർജ്ജനം എന്നത് സർക്കാരിന്റെ ലക്ഷ്യമേയല്ല എന്ന് പറയേണ്ടിവരും.