Voice of Truth

മിസോറാം ഗവർണറായി പി എസ് ശ്രീധരൻപിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണർ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി

ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും അതിനു മുമ്പ് കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനുമാണ് മിസോറം ഗവർണറായിരുന്ന മലയാളികൾ. 2018 ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി കേന്ദ്ര സർക്കാർ നിയമിക്കുന്നത്. 2018 മെയ് 29 ന് ചുമതലയേറ്റ അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 മാർച്ച് എട്ടിനാണ് പദവി രാജിവെക്കുന്നത് 

2011 സെപ്റ്റംബർ 2 മുതൽ 2014 ജൂലൈ 6 വരെയായിരുന്നു കേരളത്തിലെ മുൻ മന്ത്രികൂടിയായ വക്കം പുരുഷോത്തമൻ മിസോറമിന്‍റെ ഗവർണർ സ്ഥാനത്തുണ്ടായിരുന്നത്. തന്നോട് ആലോചിക്കാതെ മോദി സർക്കാർ നാഗാലാഡിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്ന് ഇദ്ദേഹം ഗവർണർ പദവി രാജിവെക്കുകയായിരുന്നു. തുടർന്ന് മൂന്നാമനായാണ് കേരളത്തിലെ മുൻ ബിജെപി അധ്യക്ഷനായ പി എസ് ശ്രീധരൻ പിള്ള മിസോറാമിലെത്തുന്നത്.

ഇന്ന് രാവിലെ 11.30 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. മിസോറമിലെത്തിയ ശ്രീധരൻ പിള്ളയെ കഴിഞ്ഞ ദിവസം ലങ് പോയ് വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സംസ്ഥാനം സ്വീകരിച്ചത്. ഭാര്യക്കും മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ശ്രീധരൻ പിള്ള മിസോറമിലെത്തിയത്. ഐസോളിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.