കോട്ടയം: ഇടുക്കി സ്വരാജ് സ്വദേശിയായ ജേക്കബ് തോമസ് എന്ന വ്യക്തിയാണ് ഇന്നലെ (ബുധന്‍) വൈകിട്ട് മെഡിക്കല്‍കോളേജിന്റെ മുന്നില്‍ ആംബുലന്‍സില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചത്. എച്ച് 1എന്‍1 സംശയിച്ച രോഗിയെ കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍കോളേജിലേയ്ക്ക് അയക്കുകയാണ് ഉണ്ടായത്. നിയന്ത്രണാതീതമായ പനിയും ശ്വാസ തടസവുമായിരുന്നു പ്രധാന രോഗലക്ഷണങ്ങള്‍ എന്നതിനാല്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് വക, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സിലായിരുന്നു കോട്ടയത്തേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍, കോട്ടയം മെഡിക്കല്‍കോളേജിലെ പിആര്‍യെ ഉള്‍പ്പെടെ കണ്ട് സംസാരിച്ചിട്ടും രോഗിയെ പരിശോധിക്കാന്‍ പോലും തയ്യാറായില്ല എന്നാണ് ഒപ്പമുണ്ടായിരുന്ന മകള്‍ ആരോപിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ എത്തി, അര മണിക്കൂറോളം മെഡിക്കല്‍കോളേജിനു മുന്നില്‍ കാത്തു കിടന്നിട്ടും, ആംബുലന്‍സിലെ ഓക്സിജന്റെ അളവ് കുറയുകയാണ് എന്ന് അറിയിച്ചിട്ടും പരിഗണിക്കാന്‍ തയ്യാറായില്ല എന്നുള്ളത് ഗുരുതരമായ ആരോപണമാണ്.
രോഗിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പിആര്‍ഒ ഡിപ്പാര്‍ട്ട്മെന്റില്‍ ആറിയിച്ചിരുന്നില്ല എന്നും, ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവാണെങ്കില്‍ പോലും ആംബുലന്‍സില്‍ പോയി രോഗിയെ പരിശോധിക്കുമായിരുന്നു എന്നും കോട്ടയം മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. രോഗിയുടെ ബന്ധുക്കളുടെയും, പിആര്‍യുടെയും ഭാഗത്തുനിന്നും ആശയവിനിമയത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ട് എന്ന തന്റെ പ്രാഥമിക നിരീക്ഷണം അദ്ദേഹം പങ്കുവയ്ക്കുകയുമുണ്ടായി. മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍ രോഗികളുടെ ആധിക്യം മൂലമുണ്ടായ സൗകര്യക്കുറവായിരിക്കാം ചികില്‍സ ലഭിക്കാതിരിക്കാന്‍ കാരണം എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ഇന്നലെ വൈകിട്ട് തന്നെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാവീഴ്ചയ്ക്കും മെഡിക്കല്‍കോളേജിനും, രണ്ട് സ്വകാര്യ ഹോസ്പിറ്റലുകള്‍ക്കും എതിരെ ഇന്ന് പോലിസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍കോളേജില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്, ഗത്യന്തരമില്ലാതെ കോട്ടയത്തുള്ള രണ്ടു സ്വകാര്യ ആശുപത്രികളില്‍ രോഗിയെ പ്രവേശിപ്പിക്കുവാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിരുന്നുവെങ്കിലും അവിടെയും ചികിത്സ ലഭിച്ചിരുന്നില്ല. ആദ്യ ഹോസ്പിറ്റലില്‍ ഇത്തരമൊരു രോഗിയെ പ്രവേശിപ്പിക്കുവാന്‍ ആവശ്യമായ സൗകര്യം നിലവിലില്ല എന്നായിരുന്നു മറുപടിയെങ്കില്‍, രണ്ടാമത്തെ ഹോസ്പിറ്റലില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു എന്ന് പരേതന്റെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ രണ്ട് ഹോസ്പിറ്റലുകളുടെ നടപടിയും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒടുവില്‍, വേറെ നിവൃത്തിയില്ലാതെ തിരിച്ച് മെഡിക്കല്‍കോളേജിന് മുന്നിലെത്തിയ രോഗിയെ പരിഗണിക്കുവാന്‍ വീണ്ടും ആശുപത്രി അധികൃതര്‍ തയാറായില്ല. അതിനിടയില്‍ രോഗിക്ക് ഒരു കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സും, രോഗിയുടെ മകളും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കുകയായിരുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. ഇത്രമാത്രം ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയ്ക്കാണ് ഏറ്റവും മികച്ചത് എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒരു മെഡിക്കല്‍കോളേജ് ഹോസ്പിറ്റലിന്റെ മുറ്റത്ത് ക്രൂരമായ അവഗണനയുണ്ടായത് എന്ന വസ്തുത ചികിത്സാ വീഴ്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു.
പ്രഥമവും പ്രധാനവുമായി, കോട്ടയം മെഡിക്കല്‍കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയെങ്കിലും, ഈ സംഭവത്തെ സമൂഹത്തിനുമുന്നില്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ നടക്കുന്ന ഗൂഡമായ രാഷ്ട്രീയ ഇടപെടലുകള്‍ അപലപനീയമാണ്. രോഗിയെ രണ്ടാമതായി ചികിത്സയ്ക്കെത്തിച്ച കോട്ടയം കാരിത്താസ് ഹോസ്പ്പിറ്റലിന് നേരെ, ഇന്ന് രാവിലെ യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനത്തിനിടെ അക്രമം അരങ്ങേറിയത് ഉദാഹരണമാണ്. പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മുമ്പേ സ്ഥലത്തെത്തിയിരുന്ന ചിലരാണ് അക്രമം അഴിച്ചുവിട്ടത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനും, വര്‍ഗ്ഗീയമായി ചിലരെ ആക്രമിക്കുവാനുമുള്ള പ്രവണതകള്‍ ഇവിടെ വ്യക്തമാണ്. കേരള സമൂഹത്തില്‍ ദ്രുവീകരണം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകള്‍ വളര്‍ത്തുകയും ചെയ്യുന്ന വര്‍ഗ്ഗീയ ശക്തികളെയും അവരുടെ അജണ്ടകളെയും തിരിച്ചറിഞ്ഞ് അകലം പാലിക്കുവാന്‍ ഈ സംഭവം മലയാളിക്ക് ഒരു പാഠമാണ്.
കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ തിരുത്തലുകളും പരിഷ്കരണങ്ങളും വേണം എന്ന് ഈ സംഭവത്തെ മുന്‍നിര്‍ത്തി നിരവധി പ്രമുഖര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റുകാരായവര്‍ ശിക്ഷിക്കപ്പെടണമെന്ന ആവശ്യത്തില്‍ നിന്ന്, ഇപ്പോള്‍ പ്രക്ഷോഭവുമായി മുന്നോട്ടു വന്നിട്ടുള്ളവര്‍ പിന്നോക്കമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കല്‍കോളേജിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതോടെ ശാന്തരായിരുന്നു. എന്നാല്‍, നിയമ നടപടികള്‍ പുരോഗമിക്കവേയാണ് യുവമോര്‍ച്ചയുടെ അതിക്രമം സ്വകാര്യ ആശുപത്രിക്ക് നേരെ നടന്നത്. മറ്റു സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.