സര്‍ക്കാരിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും തെരുവിലിറങ്ങുന്ന പശ്ചാത്തലത്തിൽ മൊബൈൽ, ഇന്റർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങി 12 ജില്ലകളിലാണ് ഒരു ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിറുത്തിവച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മറവില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കലാപം നടത്തിയ 1,113 പേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങള്‍ നടത്തിയ 327 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,558 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളാണ് നടന്നത്. ഡിസംബര്‍ 10 മുതല്‍ നടന്ന അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 288 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പോലീസ് വൃത്തങ്ങൾ പറയുന്നു.
ഗൊരഖ്‍പൂര്‍ ഉള്‍പ്പെടെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. പാരാമിലിറ്ററി സേനയെയും പോലീസിനെയും സുരക്ഷ ഉറപ്പിക്കാൻ സംസ്ഥാനത്ത് വിന്യസിച്ചുവെന്ന് ഡിഎമ്മായ വിജയേന്ദ്ര പാണ്ഡിയൻ അറിയിച്ചു. അതേസമയം പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. വിവിധ ജില്ലകളിലെ 372 പേര്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. ലഖ്നൗ, സാമ്പാൽ, മീററ്റ്, രാംപൂർ, മുസാഫർപൂർ, ഫിറോസാബാദ്, കാൻപൂർ നഗർ, മാവു,ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ച 498 പേരെ തിരിച്ചറിഞ്ഞുവെന്ന് യുപി വാർത്താ വിതരണ വകുപ്പ് അറിയിച്ചു.
ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജാമിയ വിദ്യാർത്ഥികൾ ഡൽഹിയിൽ ചാണക്യ പുരിയിലെ യു.പി ഭവൻ ഇന്ന് ഉപരോധിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഉപരോധത്തിന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സമരത്തിന് പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂര്‍, ജഫ്രാബാദ്, യുപി ഭവൻ എന്നീ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.