Voice of Truth

ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്, നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയെത്തുടർന്ന് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉൾപ്പെടെ ചെറുതും വലുതുമായി എൺപത്തിലേറെ ഉരുൾപൊട്ടലുകൾ ഇതിനകം സംഭവിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കനത്ത മഴ പലയിടങ്ങളിലും തുടരുന്ന സാഹചര്യത്തിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ അനവധിയാണ്.

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെത്തുടർന്ന് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന  റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയിലാണ് നിര്‍ദ്ദേശം. 

ഉരുൾപൊട്ടലിനു മുമ്പ്

• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 
• കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. 
• എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 
• അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.
• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 
• വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.

ഉരുൾപൊട്ടൽ സമയത്ത്

• മരങ്ങളുടെ ചുവടെ അഭയം തേടരുത്. 
• പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. 
• വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. 
• വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക. 
• ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾപൊട്ടലിനു ശേഷം

• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക. 
• ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്. 
• ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ       ശ്രദ്ധയിൽപ്പെടുത്തുക. 
• രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.

Leave A Reply

Your email address will not be published.