Voice of Truth

പ്രതികൂലങ്ങളെ ചിരിച്ചുകൊണ്ട് നേരിടുക…

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള തോമസ് ആല്‍വാ എഡിസന്റെ ഗവേഷണശാല കത്തി നശിച്ചത് 1914 ഡിസംബര്‍ ഒമ്പതിനായിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ എഡിസന് 62 വയസായിരുന്നു. ഒരു പുരുഷായുസ് മുഴുവന്‍ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യം ഒറ്റ രാത്രികൊണ്ട് കത്തി തീര്‍ന്നു. അന്നത്തെ ആ തീപ്പിടുത്തത്തില്‍ 20 ലക്ഷം ഡോളറായിരുന്നു നഷ്ടമെന്നത് തന്നെ എത്ര ഭീകരമായ നഷ്ടമായിരുന്നുവെന്ന് ഓര്‍ക്കുക. പരീക്ഷണശാല ആളിപ്പടരുന്നത് കണ്ട് എഡിസന്‍, എല്ലാം തകര്‍ന്നു എന്ന് നിലവിളിച്ചിരുന്നെങ്കില്‍, മരണത്തിന് സ്വയം കീഴടങ്ങിയിരുന്നെങ്കില്‍, പില്‍ക്കാലത്ത് വിശ്വപ്രസിദ്ധ കണ്ടുപിടുത്തങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുമായിരുന്നില്ല.
അംബേദ്കറെ ലോകം ഇന്ന് വാഴ്ത്തിപ്പാടുന്നു. കുപ്പത്തൊട്ടിയില്‍ നിന്നും ഉയര്‍ന്നുവന്ന് ഒടുവില്‍ ഭരണഘടനയുടെ ശില്‍പിയായി മാറിയ അംബേദ്കറിന്റെ പരിശ്രമവും കഠിനാധ്വാനവും പ്രതിബന്ധങ്ങളോടുള്ള പോരാട്ടവും നാം മാതൃകയാക്കേണ്ടതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയാകട്ടെ ദാരിദ്ര്യത്തിന്റെ മധ്യത്തിലായിരുന്നു ജീവിതം നയിച്ചത്. ബാല്യത്തില്‍ ഒരു ചെരിപ്പു വാങ്ങാന്‍ പോലും അദ്ദേഹത്തിന് സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. എന്നിട്ടും പഠിക്കണമെന്നുള്ള ആഗ്രഹവും വാശിയും അ ദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു.

നാല്‍പ്പത്താറാമത്തെ വയസില്‍ ലൂയിപാസ്റ്റര്‍ക്ക് തളര്‍വാതം പിടിപെട്ടെങ്കിലും അദ്ദേഹം തളര്‍ന്നില്ല. പിന്നെയും 27 വര്‍ഷം കൂടി അദ്ദേഹം ശാസ്ത്രലോകത്ത് പ്രവര്‍ത്തിച്ചു. രോഗക്കിടക്കയില്‍ കിടന്നും ലോകനന്മയ്ക്കായി എന്തുചെയ്യാന്‍ കഴിയുമെന്നാണ് അദ്ദേഹം ചിന്തിച്ചത്. അങ്ങനെയാണ് ക്ഷയരോഗത്തിനുള്ള പ്രതിവിധി അദ്ദേഹം കണ്ടെത്തുന്നത്.

അന്ധനാകുന്നതിനു മുമ്പുതന്നെ ജോണ്‍ മില്‍ട്ടന്‍ ഇംഗ്ലീഷിലും ലാറ്റിനിലും മികച്ച ഗദ്യകൃതികളിലൂടെ പ്രശസ്തി നേടിയിരുന്നു. അന്ധനായതിനുശേഷം മറ്റൊരു സൃഷ്ടി അദ്ദേഹത്തില്‍ നിന്നുണ്ടാകുകയില്ലെന്ന് സാഹിത്യലോകം കരുതി. എന്നാല്‍ മില്‍ട്ടന്‍ തളര്‍ന്നില്ല. ‘പാരസൈഡ് ലോസ്റ്റ്’ എന്ന വിഖ്യാതകൃതി അദ്ദേഹം രചിക്കുന്നത് തീര്‍ത്തും അന്ധനാ യതിനുശേഷമാണ്.

പ്രശസ്ത പിയാനോ വായനക്കാരനായ റോബര്‍ട്ട്ഷമാന്റെ ചൂണ്ടുവിരല്‍ അനക്കമറ്റത് അക്കാലത്ത് പ്രധാന വാര്‍ത്തയായിരുന്നു. എല്ലാ ചികിത്സകളും ആ വിരലില്‍ ചെയ്‌തെങ്കിലും അവ പൂര്‍വസ്ഥിതി പ്രാപിച്ചില്ല. ആരാധകരും ഗായകരും റോബര്‍ട്ട് രംഗം വിടുമെന്ന് വിധിയെഴുതി. എന്നാല്‍ അതിപ്രശസ്തമായ സംഗീതശില്പങ്ങള്‍ അദ്ദേഹത്തില്‍ നിന്നും രൂപപ്പെട്ടത് ഈ ദുരന്തത്തിനുശേഷമാണ്.
പ്രസിദ്ധമായ പിയാനോ വായനക്കാരനായി അറിയപ്പെടുന്ന പോള്‍ വിറ്റ് ഗെന്‍സ്റ്റെയിന്റെ ഒരു ആക്‌സിഡന്റില്‍ വലതുകൈ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, ഒരു കൈകൊണ്ടുവയലിന്‍ പഠിച്ച് ലോകത്തിന് മികച്ച സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് പിന്നീട് കഴിഞ്ഞു.

ഒരു ഫാക്ടറിത്തൊഴിലാളിയായിരുന്നു ചാള്‍സ് ഡിക്കന്‍ സ്. കഠിനജോലി കഴിഞ്ഞ് മടങ്ങി വന്നിട്ടും അദേഹം എഴുതിക്കൊണ്ടിരുന്നു. ആ കഠിനാദ്ധ്വാനം അദ്ദേഹത്തെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് നടത്തി.

കടുത്ത ക്ഷയരോഗിയായിരുന്നിട്ടും ജോണ്‍ കീറ്റ്‌സ് തളര്‍ന്നില്ല; രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് കീറ്റ്‌സ് മഹത്തായ കൃതികള്‍ രചിച്ചു. ലോര്‍ഡ് ബൈറണ്‍ തന്റെ ശാരീരികവൈകല്യങ്ങളോട് മല്ലിട്ടായിരുന്നു രചനകള്‍ നടത്തിയിരുന്നത്.
‘പരദേശി മോക്ഷയാത്ര’ എന്ന കൃതി ജോണ്‍ ബനിയന്‍ രചിച്ചതും സെര്‍വാന്റസ് ‘ഡോണ്‍ ക്വിക് സോട്ടും’, വാള്‍ട്ടര്‍ റാലി ‘ലോകത്തിന്റെ കഥ’ എഴുതുന്നതും ജയിലില്‍ കിടന്നാണ്.

ജീവിതത്തില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം തടസമേ ആകുന്നില്ല. 12 വയസുള്ളപ്പോഴാണ് സാമന്തക്രൂസ് എന്ന ബാലിക ഇംഗ്ലീഷ്ചാനല്‍ നീന്തിക്കടന്ന് ലോകറിക്കാര്‍ഡ് സൃഷ്ടിച്ചത്.

ഒമ്പതാം വയസില്‍ ഗലീലിയോ പെന്‍ഡുലത്തി ന്റെ തത്വം കണ്ടുപിടിച്ചു. 11 വയസുമുതലേ ബ്രൗണിംഗ് കവിതകള്‍ രചിച്ചുതുടങ്ങിയിരുന്നു.
മക്കോളേ, എട്ടാം വയസില്‍ ചരിത്രകാരനായി. മൊസാര്‍ട്ട് ആറുവയസു മുതല്‍ സംഗീത പരിപാടികളില്‍ അദ്വിതീയനായി മാറി. ഒരു സര്‍ക്കസുകാരന്റെ മകളായിരുന്ന ശകുന്തളാ ദേവി വിദ്യാലയം കണ്ടിട്ടേയില്ല. എന്നിട്ടും അവള്‍ കണക്കില്‍ ലോകത്തിന് അത്ഭുതമായി. ഹെലന്‍ കെല്ലറിനാകട്ടെ, ഒന്നര വയസുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ടിരുന്നു. പ്രായത്തെ വെല്ലുന്ന, പരിശ്രമത്തിലൂടെ അവര്‍ നേടിയെടുത്ത വിജയം.

വാര്‍ധക്യത്തെ നിരാശയുടെ കൂടാരമായാണ് പലരും കാണുന്നത്. എന്നാല്‍ അതിനെയും അനുഗ്രഹമായി കാണുന്നവരുണ്ട്.

കിടക്കയില്‍ തീരെ അവശനായി വിശ്രമിക്കുമ്പോഴാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ അതുല്യപ്രതിഭ ആര്‍.എല്‍.സ്റ്റീവന്‍ സണ്‍ ‘ട്രഷര്‍ ഐലന്റ്’, ബ്ലാക്ക് ആരോ എന്നിവ രചിക്കുന്നത്.

ജോര്‍ജ് ബേണ്‍സിന് ചലച്ചിത്രാഭിനയത്തിന് അവാര്‍ഡ് ലഭിക്കുന്നത് എണ്‍പതാമത്തെ വയസിലാണ്. ലിയോ ടോ ള്‍ സ്റ്റോയിയാകട്ടെ, ഇതേ പ്രായത്തില്‍ ‘ഐ കെനോട്ട് ബി സൈലന്റ്’ എന്ന ഗ്രന്ഥം രചിച്ചു.

വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ‘ഇംഗ്ലീഷ് ജനതയുടെ ചരിത്രം’ എന്ന ഗ്രന്ഥമെഴുതിയത് ഇതേ പ്രായത്തിലാണ്. 90 വയസുള്ളപ്പോഴാണ് ഡോ.ആല്‍ബര്‍ട്ട് ഷൈ്വ റ്റ്‌സര്‍ ആഫ്രിക്ക സന്ദര്‍ശിക്കുന്നത്. 91-ാം വയസില്‍ പാബ്ലോപിക്കാസോയുടെ ചിത്രങ്ങള്‍ ഖ്യാതി നേടി. ജോര്‍ജ് ബര്‍ണാഡ് ഷാ ഇതേ പ്രായത്തിലും നാടകങ്ങള്‍ രചിക്കുന്നുണ്ടായിരുന്നു. റസല്‍ ലോകസമാധാനത്തിന് തുടക്കമിട്ടത് 94-ാമത്തെ വയസിലാണ്.

പ്രതിസന്ധികളിലൂടെ തന്നെയാണ് ഇവരുടെയെല്ലാം ജീവിതം കടന്നുപോയത്. എന്നാല്‍ അവര്‍ അതിനെ എതിര്‍ത്തു പരാജയപ്പെടുത്തി. ഉത്സാഹവും അധ്വാനശീലവും പരിശ്രമവുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും നേരിട്ട് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയും. മനസില്‍ നിന്നും നിഷേധചിന്തകള്‍ ഒഴിവാക്കുക അതാണ് ഏറ്റവും പ്രാഥമികമായ പടി. എന്തു കാര്യവും അസംതൃപ്തിയോടെ ചെയ്യുന്നര്‍ക്കാകട്ടെ, പ്രതിസന്ധികളില്‍ നിന്നും കരേറുക എളുപ്പമായിരിക്കില്ല. ഒരര്‍ത്ഥത്തില്‍ വിജയത്തിലേക്കുള്ള ഏണിപ്പടി തുടങ്ങുന്നത് പരാജയത്തില്‍ നിന്നാണ്. അവയില്‍ നിന്നും പാഠം പഠിച്ച് പുതിയ അര്‍ത്ഥതലങ്ങളിലേക്ക് ജീവിതത്തെ നയിക്കുന്നവര്‍ ക്കാണ് വിജയം.

Leave A Reply

Your email address will not be published.