കഴിഞ്ഞ ദിവസം കണ്ട ഒരു പത്രവാര്‍ത്ത ഇങ്ങനെയാണ്: സ്വന്തം കുഞ്ഞിനെ നോക്കുവാന്‍ നേരമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് കൊടുത്തു. അപ്പന്‍ എഞ്ചിനീയര്‍. അമ്മ കോളജ് അധ്യാപിക. രണ്ടുപേര്‍ക്കും തിരക്കാണുപോല്‍! അതുകൊണ്ട് കുട്ടിയെ സംരക്ഷിക്കുവാന്‍ നേരമില്ലത്രേ! തന്മൂലം ദത്ത് കൊടുത്തു; അതും നിയമപരമായിട്ടല്ലാതെ. തങ്ങളുടെ ഒരു സുഹൃത്തുവഴി ആര്‍ക്കോ ദത്ത് കൊടുത്തു.
ഈ സംഭവത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെയാണ്: ദത്ത് കൊടുത്തു കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് വേണ്ടായിരുന്നു എന്ന് തോന്നി. കുഞ്ഞിന്റെ അസാന്നിധ്യത്തില്‍ വീട്ടിലും ഹൃദയത്തിലും അനുഭവപ്പെട്ട ശൂന്യതയും കുറ്റബോധവും ആയിരിക്കും കാരണം. അതിനാല്‍ അവര്‍ കുട്ടിയെ തിരികെ കിട്ടുവാന്‍ ആഗ്രഹിച്ചു. ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞു. അപ്പോള്‍ ദത്തു കൊടുക്കാന്‍ സഹായിച്ച സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: കുട്ടിയെ വാങ്ങിയവരെപ്പറ്റി തനിക്ക് വിവരമൊന്നുമില്ല. അപ്പോള്‍ മാതാപിതാക്കള്‍ പോലിസിന് പരാതി നല്‍കി. അങ്ങനെ പോലിസ് കേസ് എടുത്തു.
ഈ കുട്ടിയുടെ അച്ഛന്‍ എഞ്ചിനീയര്‍, അമ്മ കോളജ് അധ്യാപിക. രണ്ടാള്‍ക്കും വിദ്യാഭ്യാസം ഉണ്ട്. അത്യാവശ്യം സാമ്പത്തികസ്ഥിതിയും ഉണ്ടാകണം. പക്ഷേ അവര്‍ക്ക് വിവരം ഇല്ലാതെ പോയി.
ഒരുവശത്ത് ഇതുപോലെ മക്കളെ വേണ്ടാതെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന ദമ്പതികള്‍. മറുവശത്ത് ഒരു കുഞ്ഞുപോലും ഇല്ലാതെ വേദനിക്കുന്ന ദമ്പതികള്‍. ഇതിനുപുറമെയാണ്, ദത്ത് എടുക്കാന്‍പോലും ഒരു കുഞ്ഞിനെ കിട്ടാതെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അനേകം ദമ്പതികള്‍.
എന്തുകൊണ്ടാണ് മാതാപിതാക്കള്‍ക്ക് ഇങ്ങനെ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുവാനും കൊല്ലുവാനുമൊക്കെ തോന്നുന്നത്? അവരുടെ മൂല്യബോധത്തിലെ തെറ്റുകള്‍കൊണ്ടാണ്. ചിലര്‍ക്ക് സുഖം മാത്രം മതി. വേറെ ചിലര്‍ക്ക് സമ്പത്ത് മാത്രം മതി. വേറെ ചിലര്‍ക്ക് ഇതിന്റെകൂടെ അമിതമായ സ്വാതന്ത്ര്യംകൂടി വേണം. കുഞ്ഞ് ഇതിനൊക്കെ തടസമാണെന്ന് തോന്നിയാല്‍ പിന്നെ ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ?
സ്വന്തം കുഞ്ഞിനെപ്പോലും സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ പിന്നെ ആരെ സ്‌നേഹിക്കും? സ്വന്തം കുഞ്ഞിനുവേണ്ടിപോലും അസൗകര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തവര്‍ പിന്നെ ആര്‍ക്കുവേണ്ടി കഷ്ടപ്പെടും? അവര്‍ കാണിക്കുന്നത് കാപട്യം മാത്രമായിരിക്കും.
അസാധാരണമായ ഒരു പോലിസ് കേസ്……
Prev Post