Voice of Truth

പഴയ 100 മറന്നേക്കൂ, ഇനി പൊലീസിനെ വിളിക്കാൻ 112

അടിയന്തിര സഹായങ്ങളിൽ പൊലീസ് സഹായം തേടാൻ വിളിക്കേണ്ട നമ്പർ ഇന്നുമുതൽ 112 ആയിരിക്കും. രാജ്യം മുഴുവൻ ഒറ്റ എമർജൻസി നമ്പർ എന്ന കേന്ദ്ര പദ്ധതിയെ പിന്തുടർന്നാണ് കേരളത്തിലും മാറ്റം വരുത്തിയിരിക്കുന്നത്. കേവലം നമ്പർ മാറ്റം എന്നതിലുപരി, ആധുനികമായ ഏറെ സംവിധാനങ്ങളുടെ പിൻബലവും പുതിയ എമർജൻസി സിസ്റ്റവുമായി ബന്ധപ്പെട്ട് ഉണ്ടാവും. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

അധികം വൈകാതെ സംസ്ഥാനത്തെ എല്ലാ എമർജൻസി ഫോൺ സൗകര്യങ്ങളും കേന്ദ്രീകൃതമായ ഒറ്റ സംവിധാനത്തിലേക്ക് മാറും എന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ, ഫയർഫോഴ്സിനെ വിളിക്കാൻ 101ഉം, ആരോഗ്യരംഗത്തെ സേവനങ്ങൾക്ക് 108ഉം, കുട്ടികൾക്ക് സഹായത്തിനായി 181ഉമാണ് ഉള്ളത്. ഇവയും ഉടൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമാകും. എല്ലാ അടിയന്തരസേവനങ്ങൾക്കും രാജ്യവ്യാപകമായി ഒറ്റ നമ്പര്‍ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തുക. ജിപിഎസ് വഴി പരാതിക്കാരന്‍റെ സ്ഥലം മനസിലാക്കാനാകും. അതത് ജില്ലകളിലെ കൺട്രോൾ റൂം സെന്ററുകൾ വഴി കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധപ്പെടുത്തിയതിനാൽ ഉടനടി സേവനം കിട്ടും. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിന്‍റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

Leave A Reply

Your email address will not be published.