Voice of Truth

അടൂർ ഉൾപ്പെടെയുള്ള സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു

രാജ്യത്ത് പെരുകുന്ന അക്രമസംഭവങ്ങളിലും, ആൾക്കൂട്ട കലാപങ്ങളിലും, വർഗ്ഗീയ ലഹളകളിലും ആശങ്കയറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ, രേവതി, മണിരത്നം, അപർണാസെൻ, ശ്യാം ബെനഗൽ, രാമചന്ദ്ര ഗുഹ, അനുരാഗ് കശ്യപ് തുടങ്ങിയവരുൾപ്പെടെ അമ്പതോളം പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ജൂലായ് 23നാണ് അവർ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന നിരവധി സംഭവങ്ങളിൽ സമാധാനകാംക്ഷികളായ തങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. മുസ്ലിങ്ങൾക്കും ദളിതർക്കും എതിരെ വർദ്ധിച്ചുവരുന്ന ആക്രമണം അവസാനിപ്പിക്കാൻ നടപടി വേണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലാണ് ജയ് ശ്രീറാം മുദ്രാവാക്യം ഉയർത്തുന്നത്. രാമനെ ഇത്തരത്തിൽ അക്രമികൾ ഉപയോഗിക്കുന്നത് തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നുമായിരുന്നു തുറന്ന കത്തിൽ ആവശ്യപ്പെട്ടത്.

ഈ കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയിരിക്കുന്നതായും, വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച്, അഭിഭാഷകനും ഹിന്ദു മഹാസഭാ നേതാവുമായ സുധീർകുമാർ ഓജ നൽകിയ പരാതിയിൽ കേസെടുക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് സുര്യകാന്ത് തിവാരി ആഗസ്റ്റ് 20നാണ് ഉത്തരവിട്ടത്. ഇതേതുടർന്ന് ബീഹാർ പോലീസ് ആണ് നാല്പത്തൊമ്പത് സാംസ്കാരിക പ്രമുഖർക്കെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിന് ദ്രോഹം ചെയ്യൽ, മതവികാരം വ്രണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. താൻ അടക്കമുള്ള ആരും രാഷ്ട്രീയ താത്പര്യത്തോടെയല്ല പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതെന്ന് കേസിനോട് പ്രതികരിച്ചുകൊണ്ട് അടൂർ വ്യക്തമാക്കിയിരുന്നു. കത്തെഴുതിയവരിൽ ആരും രാഷ്ട്രീയക്കാരല്ലെന്നും എല്ലാവരും സാംസ്‌കാരിക പ്രവർത്തകരാണെന്നും പറഞ്ഞ അദ്ദേഹം. ആൾക്കൂട്ടക്കൊലപാതക വിഷയത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകണം എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നതെന്നും വ്യക്തമാക്കിയിരുന്നു.

കേസിൽ അടൂർ രണ്ടാം പ്രതിയും രേവതി അഞ്ചാം പ്രതിയുമാണ്. ഗാന്ധിജയന്തി ദിനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഗോഡ്‌സെയെ ദൈവത്തെ പോലെ പ്രകീർത്തിക്കുന്നവർ രാജ്യദ്രോഹികൾ അല്ലെന്നും ഒരു കോടതിയും അവരെ ചോദ്യം ചെയ്യുന്നില്ലെന്നും പറഞ്ഞ അടൂർ, അങ്ങനെയുള്ളവരെ നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ചു വിടുകയാണെന്നും വിമർശിച്ചു. ‘ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇത്തരം ഒരു കേസ് കോടതി അംഗീകരിച്ചത് തന്നെ ആശങ്കാജനകവും ജനാധിപത്യ വിരുദ്ധവും ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമാണ്’ എന്നായിരുന്നു അടൂരിന്റെ പ്രതികരണം.

കത്തിൽ ഒപ്പിട്ടതിന് അടൂരിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തുവന്നിരുന്നു. അടൂർ ചന്ദ്രനിലേക്ക് പോകട്ടെയെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പരാമർശം. സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിനെതിരെയുള്ള വികാരം ശക്തിപ്പെടുന്നതിനിടെ ബിജെപി നേതാവ് പികെ കൃഷ്ണദാസും രംഗത്തെത്തി. അടൂർ ഗോപാല കൃഷ്ണൻ ആരോപണങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൂരിനെ പോലെയുള്ളവര്‍ നാവ് വാടകയ്ക്ക് കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് പികെ കൃഷ്ണദാസ് ഈ വിഷയം പരാമർശിച്ചത്.

സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വിഎസ് അച്യുതാനന്ദൻ, ശശി തരൂർ, ബെന്നി ബെഹനാൻ, വിടി ബൽറാം തുടങ്ങി നിരവധിപ്പേർ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാൽ ജയിലിലാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്ന് രാഹുൽഗാന്ധി പ്രതികരിച്ചു.

Leave A Reply

Your email address will not be published.