വാള്‍മാര്‍ട്ട്, റിലയന്‍സ്, ബിഗ്ബസാര്‍ തുടങ്ങിയ കമ്പനികളുടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെരുകും തോറും ചെറുകിട കച്ചവടങ്ങളുടെ ഭാവി ഇരുട്ടിലാകും എന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഗ്രാമീണ മേഖലകളിലും, ചെറു പട്ടണങ്ങളിലുമുള്ള സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കുകയാണ് റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ വലിയ കമ്പനികള്‍. പോയിന്‍റ് ഓഫ് സെയില്‍ (PoS) മെഷീനുകള്‍ വഴി അത്തരം എണ്ണമറ്റ കച്ചവടസ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
റിലയന്‍സ് റീട്ടെയില്‍ ഇതിനകം, അഹമ്മദാബാദിലുള്ള ആയിരത്തിഇരുനൂറ് ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ പരീക്ഷണാര്‍ത്ഥം തങ്ങളുടെ വ്യാപാരപദ്ധതിക്ക് ആരംഭം കുറിച്ചുകഴിഞ്ഞു. അതുപോലെതന്നെ, അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ലക്നൗവിലുള്ള ചില ചെറുകിട കച്ചവടസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമാനമായ പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നു. ജര്‍മനി ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയും രംഗത്തുണ്ട്. ഹൈദരാബാദിലും ബാംഗ്ലൂരുമുള്ള നൂറോളം ചെറുകിട കച്ചവടസ്ഥാപനങ്ങളില്‍ അവര്‍ പരീക്ഷണാര്‍ത്ഥം പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന മൊബൈല്‍ PoS മെഷീനുകള്‍ വിവിധോദ്ദേശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചവയാണ്. ബാര്‍കോഡ് സ്കാന്‍ ചെയ്യാനും, ബില്‍ പ്രിന്‍റ് ചെയ്യാനും, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാനും, മാതൃ കമ്പനികളുമായി ബന്ധപ്പെടുവാനും ഹോള്‍സെയില്‍ ഓര്‍ഡറുകള്‍ നല്‍കുവാനും, ടാക്സ് കണക്കാക്കുവാനും അവ ഉപയോഗിക്കാം. മെഷീൻ ഉപയോഗിച്ച് നൽകുന്ന ഓർഡർ അനുസരിച്ച് റിലയൻസിന്റെ ഹോൾസെയിൽ വിഭാഗം തന്നെയാണ് ചരക്ക് എത്തിച്ചു നൽകുക.

ഇത്തരമൊരു നവീകരണത്തിലേയ്ക്ക് ചെറുകിട കച്ചവടക്കാര്‍ മടികൂടാതെ കടന്നുവരുവാന്‍ അവര്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യത ഇല്ലാത്ത വിധം കമ്പനികള്‍ ഈ സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന PoS മെഷീനുകള്‍ വലിയ വിലയുള്ളതെങ്കില്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന, ജിയോ സിം ഉപയോഗിക്കാവുന്ന PoS മെഷീന് റിലയന്‍സ് ഈടാക്കുന്നത് മൂവായിരം രൂപ മാത്രമാണ്. അതും റീഫണ്ട് ചെയ്യപ്പെടും.
ഇത് തങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാണ് എന്ന് മെഷീന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുള്ള കച്ചവടക്കാര്‍ പറയുന്നു. ചെറുകിട കച്ചവടക്കാരെയും വളരെ എളുപ്പത്തില്‍ ആധുനികവല്‍ക്കരിക്കുവാന്‍ ഈ ചെറു ഉപകരണംകൊണ്ട് കഴിയുന്നു. കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണം സ്വീകരിക്കുവാനും, കണക്കുകള്‍ സൂക്ഷിക്കുവാനും, ടാക്സ് കണക്കുകൂട്ടുവാനും വിദ്യാഭ്യാസം കുറഞ്ഞ കച്ചവടക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും വളരെ എളുപ്പം സാധിക്കുന്നു.
ഈ പുതിയ പരിഷ്കരണത്തിലൂടെ ഭാരതത്തിലെ ചെറുകിട കച്ചവടക്കാര്‍ വിപ്ലവകരമായ ഒരു മുന്നേറ്റത്തിന്റെ പാതയിലാണ്. വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ പോലുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനികളെ പിന്തുടര്‍ന്ന്, ആധുനിക സജ്ജീകരണങ്ങളോടെ മികച്ച ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുവാന്‍ ഭാവിയില്‍ അവര്‍ക്ക് കഴിയും. വലിയ നിരവധി കമ്പനികള്‍ എണ്ണമറ്റ ഇത്തരം ചെറു സ്ഥാപനങ്ങളെ വരും കാലങ്ങളില്‍ മികച്ച രീതിയില്‍ തങ്ങളുടെ ബിസിനസില്‍ പങ്കാളികളാക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ വലിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
ജിയോയുടെ കൂടി പങ്കാളിത്തത്തില്‍, രാജ്യത്തിലെ ലക്ഷക്കണക്കിന് കച്ചവടസ്ഥാപനങ്ങളെ തങ്ങളുടെ ബിസിനസ് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ റിലയന്‍സ് ചെയ്തുകൊണ്ടിരിക്കുന്നത്. വാള്‍മാര്‍ട്ടിന് നിലവില്‍ ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ത്യയിലുണ്ട് അതിന്റെ ഭാഗമായി ചെറു വ്യാപാര സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചിരുന്നു. എന്നാല്‍, PoS മെഷീനുകള്‍ സമീപകാലത്താണ് അവതരിപ്പിച്ചത്.
ഭാരതത്തിന്റെ വാണിജ്യ, കാര്‍ഷിക മേഖലകളില്‍ ഈ മുന്നേറ്റം വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. കര്‍ഷകരുമായും കരാറിലെത്തി മികച്ച കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സഹായിക്കുകയും മുകച്ച ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്ന റിലയന്‍സ് പോലുള്ള കമ്പനികളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ വിപ്ലവകരമായ മാറ്റങ്ങളിലേയ്ക്ക് വാണിജ്യരംഗത്തെ നയിക്കാന്‍ പര്യാപ്തമാണ്. കീടനാശിനികളും, രാസവളപ്രയോഗവും നിയന്ത്രിക്കപ്പെടുവാനും, ആരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ ശാസ്ത്രീയമായി ഉല്‍പ്പാദിപ്പിക്കപ്പെടുവാനും ഇത്തരം മുന്നേറ്റങ്ങള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കാം.