Voice of Truth

മെട്രോയ്‌ക്ക് ശേഷം കൊച്ചിയിൽ ട്രാം സർവീസ് ആരംഭിക്കാനും പദ്ധതി. രൂപരേഖ തയാറാക്കി, സർക്കാർ അനുമതി ലഭിച്ചാൽ പണികൾ ഉടൻ ആരംഭിക്കും

ഒരു മെട്രോകൊണ്ട് അവസാനിക്കുന്നതല്ല കൊച്ചിയിലെ ഗതാഗതക്കുരുക്ക്. എന്നും അധികാരികൾക്കും യാത്രക്കാർക്കും അത് തലവേദനയാണ്. ഭീമമായ മുതൽമുടക്ക് നിലവിലുള്ള മെട്രോയുടെ വികസനത്തിന് വിലങ്ങുതടിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രാം രീതിയിലുള്ള ചെറു മെട്രോ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. നിർമ്മാണ ചെലവ് വളരെ കുറവാണ് എന്നുള്ളത് തന്നെയാണ് പ്രധാന ആകർഷകത്വവും, പ്രായോഗികതയും. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതനുസരിച്ച് പദ്ധതി പൂർത്തീകരിക്കപ്പെടുവാൻ ആയിരം കോടി രൂപയാണ് ബഡ്ജറ്റ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ്‌ വഴി തോപ്പുംപടിവരെയാണ്‌ ട്രാം സർവീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദ റിപ്പോർട്ട്‌ തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിച്ചുകഴിഞ്ഞു. കൊച്ചി മെട്രോ റെയിൽ കടന്നുപോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലം മുതൽ ഹൈക്കോടതി, മറൈൻഡ്രൈവ്, പാർക്ക് അവന്യൂ, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്‌‌യാർഡ്‌, പെരുമാനൂർ, നേവൽ ബേസ്, വില്ലിങ്ടൺ വഴി തോപ്പുംപടിയിലെത്തുന്നതാണ്‌ പാതയുടെ ആദ്യഘട്ടം. തോപ്പുംപടിയിൽ നിന്നും ഫോർട്ട്‌കൊച്ചിയിലേക്കാണ്‌ രണ്ടാംഘട്ടം നിർമിക്കാനുദ്ദേശിക്കുന്നത്‌.

പൂർണമായും സെൻസർ അധിഷ്‌ഠിത സാങ്കേതിക വിദ്യയിലുള്ള ട്രാം ‘വിർച്ച്വൽ ട്രാക്ക്‌’ സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇരുമ്പ്‌ പാളങ്ങൾക്കുപകരം റോഡിനടിയിൽ സ്ഥാപിക്കുന്ന കേബിൾ വഴിയാണ്‌ ട്രാമിലേക്ക്‌ സന്ദേശങ്ങൾ ലഭിക്കുക. ഗതാഗതക്കുരുക്കില്ലാതെ, നിലവിലെ റോഡിന്റെ ഒരു ഭാഗത്ത്‌ സ്ഥാപിക്കുന്ന കേബിളിന്‌ മുകളിലൂടെയായിരിക്കും ട്രാം സർവീസ്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന എൻജിനായതിനാൽ അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. ഏത്‌ വളവും തിരിയും. ട്രാമിന്‌ മുകളിൽ വൈദ്യുതി ലൈനുണ്ടാകില്ല. പകരം ബാറ്ററിയിൽ ഓടും. വേഗ നിയന്ത്രണം മാത്രമാകും ഡ്രൈവറുടെ ചുമതല.

രണ്ട്‌ സ്‌റ്റേഷനുകൾ പിന്നിടുമ്പോൾ ബാറ്ററി ചാർജ്‌ ചെയ്യാവുന്ന വിധം ഓരോ സ്ഥലത്തും ട്രാൻസ്‌ ഷെൽട്ടറുകളുണ്ടാകും. 15 സെക്കൻഡുകൾക്കുള്ളിൽ ബാറ്ററി ചാർജാകും. മറ്റ്‌ വലിയ വാഹനങ്ങളിലേതുപോലുള്ള ബാറ്ററി ട്രാമിന്‌ ആവശ്യമില്ല. മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രാമിന്റെ പരമാവധി നീളം 66 മീറ്ററാണ്‌. എത്ര കോച്ചുകൾ വേണമെങ്കിലും കൂട്ടിച്ചേർക്കാം. മൂന്ന്‌ കോച്ചാണെങ്കിൽ 300 യാത്രക്കാരെവരെ ഉൾക്കൊള്ളാനാകും.

മലിനീകരണമില്ലാതെ പ്രകൃതി സൗഹൃദ ഗതാഗതത്തിനായി ഗതാഗത വകുപ്പ്‌ തയ്യാറാക്കിയ ചെറു മെട്രോ റെയിൽപദ്ധതി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌.ട്രാം കൂടി കൊച്ചിയിലെത്തുന്നതോടെ നഗരഗതാഗതം പുതിയ വഴിത്തിരിവിലാകും.

Leave A Reply

Your email address will not be published.