പെപ്‌സികോയുടെ ബ്രാന്‍ഡഡ് ചിപ്‌സ് ആയ ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് അനുമതിയില്ലാതെ കൃഷി ചെയ്യുകയും വില്‍ക്കുകയും ചെയ്തു എന്നപേരിലാണ് ഗുജറാത്തിലെ ചില കര്‍ഷകര്‍ക്ക് മേല്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പ്രത്യേക ഇനം ഉരുളക്കിഴങ്ങ് പെപ്‌സികോ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്ത് അതിന്റെ ഉല്‍പ്പാദനത്തിനും ഉപയോഗത്തിനുമുള്ള അവകാശം സ്വന്തമാക്കിയിട്ടുള്ളതാണ് എന്ന് അവകാശപ്പെടുന്നു. 2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്ട് സെക്ഷന്‍ 39/1 പ്രകാരം, അത്തരം വിളകളുടെ ഉല്‍പ്പാദനം, വിതരണം, വില്‍പന, കൈമാറ്റം, ഉപയോഗം അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും.
FL 2027 എന്ന ഹൈബ്രീഡ് ഉരുളക്കിഴങ്ങ് ഇന്ത്യയില്‍ എത്തിയത് 2009ല്‍ ആണ്. ചിപ്‌സിന് കൂടുതല്‍ മികച്ച ഈ ഇനം അന്നുമുതല്‍ കൃഷി ചെയ്യുന്നത് ലെയ്‌സ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ്. പഞ്ചാബിലെ ചില കര്‍ഷകര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പെപ്‌സികോ ഈ ഇനം ഉരുളക്കിഴങ്ങ് വര്‍ഷങ്ങളായി കൃഷി ചെയ്യിക്കുന്നത്. 60000ത്തോളം ടണ്‍ ഉരുളക്കിഴങ്ങ് ലെയ്‌സ് നിര്‍മ്മിക്കുന്നതിനായി പ്രതിവര്‍ഷം പെപ്‌സികോ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്നുണ്ട് എന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്ന കണക്ക്.
പ്രസ്തുത നിയമം ലംഘിച്ചുകൊണ്ട് അനുമതിയില്ലാതെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനും, വില്‍പ്പന നടത്തിയതിനുമായി കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന നാല് കര്‍ഷകരില്‍നിന്നായി നാല് കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. പരാതി ഫയലില്‍ സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ട കോടതി, പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വിലയിരുത്തിയത്. പ്രസ്തുത കര്‍ഷകര്‍ ആ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിനെ തടഞ്ഞില്ലെങ്കില്‍ കമ്പനിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നും അത് അന്യായമാനെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്.
വിവിധ കര്‍ഷക സംഘങ്ങളും നിയമസഹായ സമൂഹങ്ങളും കര്‍ഷകര്‍ക്കെതിരായി ചുമത്തപ്പെട്ട ഈ കേസ് പിന്‍വലിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍, സാധാരണ കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നും, നിയമ സംവിധാനങ്ങളില്‍ ഉയര്‍ന്ന സ്ഥാനം അവര്‍ക്ക് നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് ആക്റ്റില്‍ പ്രഥമ പരിഗണന കര്‍ഷകന് ആയിരിക്കണം എന്നും ചില സംഘടനകള്‍ ആവശ്യം ഉന്നയിക്കുന്നു.
വലിയ അസമത്വത്തിലും വെല്ലുവിളികളിലും രാജ്യത്തിലെ കര്‍ഷകര്‍ കഴിയുമ്പോള്‍, ഇത്തരമൊരു വലിയ കേസ് ചില കര്‍ഷകര്‍ക്കെതിരെ ഉയര്‍ന്നുവരുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന വിലയിരുത്തലുകളുണ്ട്. എല്ലാ കാര്‍ഷികവിളകള്‍ക്കും പരിധികളില്ലാതെ വില കുറഞ്ഞു നില്‍ക്കുകയും, ജീവിതം പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിളവിന് വേണ്ടിയാവാം കര്‍ഷകര്‍, മികച്ച ഇനങ്ങള്‍ അന്വേഷിച്ചിറങ്ങുന്നത്. പലപ്പോഴും അവര്‍ക്ക് സഹായത്തിനെത്താത്ത നിയമത്തിന്റെ വേലിക്കെട്ടുകള്‍ അത്തരം സാഹചര്യങ്ങളില്‍ അവര്‍ പരിഗണിച്ചെന്നു വരികയില്ല. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ കര്‍ഷകരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. നിയമത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും അവരെ ബോധവാന്‍മാരാക്കുന്നതോടൊപ്പം, അവരുടെ ജീവിത സാഹചര്യങ്ങളിലെ സുരക്ഷിതത്വവും, നിയമ പരിരക്ഷയും ഉറപ്പുവരുത്തുകയും വേണം.
ഈ പ്രത്യേക സാഹചര്യത്തിലും സര്‍ക്കാരുകളുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണ്. വിദേശ കമ്പനികളുടെ ലാഭത്തെക്കാള്‍ പ്രധാനം രാജ്യത്തിലെ പൗരന്മാരുടെ സുരക്ഷ തന്നെയാണ്. ഇരുവര്‍ക്കും സുഗമമായി മുന്നേറുവാന്‍ തക്കതായ പശ്ചാത്തലം ഒരുക്കേണ്ട ചുമതല സര്‍ക്കാരുകള്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല.