തിരുവനന്തപുരം: ആയിരത്തിനാനൂറോളം കോടി രൂപ വൻകിട സ്ഥാപനങ്ങളിൽനിന്നും സർക്കാർ വകുപ്പുകളിൽ നിന്നും ഇലക്ട്രിസിറ്റി ബോർഡിന് പിരിഞ്ഞുകിട്ടാൻ ഉണ്ടായിരിക്കെ, അതിൽ നടപടിയെടുക്കാതെയാണ് സാധാരണക്കാർക്ക് മേൽ അമിതഭാരം ചുമത്തുന്നത് എന്ന ആരോപണം ഉയരുന്നു. കഴിഞ്ഞ മാർച്ചിലെ കണക്കുകൾ അനുസരിച്ചാണ് ഇത്രയും കുടിശിഖ നിലനിൽക്കുന്നതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ അനുസരിച്ച് കെഎസ്ഇബിക്ക് ലഭിക്കാനുള്ള തുകയുടെ കണക്ക് ഇപ്രകാരമാണ്:
- സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ – 937.48 കോടി രൂപ
- കേരള വാട്ടര്‍ അതോറിറ്റി – 153.80 കോടി രൂപ
- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ – 98.31 കോടി രൂപ
- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ – 95.71 കോടി രൂപ
- കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ – 43.57 കോടി രൂപ
- തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ – 4.20 കോടി രൂപ
- കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ – 2.32 കോടി രൂപ
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട ഭീമമായ തുകകൾ പലതും നിയമക്കുരുക്കുകളിൽ പെട്ട് കിടക്കുകയാണ് എന്നതാണ് ബോർഡിന്റെ വാദം. എന്നാൽ, ഫലപ്രദമായ രീതിയിൽ കേസ് നടത്തുവാനുള്ള പരിശ്രമങ്ങൾ നടക്കുന്നില്ല എന്നാണ് ആരോപണം. ഇത്തരത്തിലുള്ള വലിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തടസപ്പെട്ടുകിടക്കുന്ന തുക വാങ്ങിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവർ അലംഭാവം പുലർത്തുന്നതായും ആക്ഷേപമുണ്ട്.
സംസ്ഥാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാസ്ഥാപനങ്ങളിലും നിന്ന് ലഭിക്കേണ്ട പണത്തിന്റെ കാര്യത്തിലും വൈദ്യുതി വകുപ്പ് നിരുത്തരവാദിത്തപരമായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നത് വ്യക്തമാണ്. വാട്ടർ അഥോറിറ്റിയിൽ നിന്ന് ലഭിക്കേണ്ട തുക അടുത്ത മൂന്നു വർഷങ്ങൾകൊണ്ട് തവണകളായി കൊടുത്ത് തീർക്കാൻ മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടുണ്ട്. മറ്റുള്ളവയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 2802.60 കോടി രൂപയാണ് കെഎസ്ഇബി ലിമിറ്റിഡിനു കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്. ഈ വർഷത്തിലെ ക്രോഡീകരിച്ച കണക്കു പ്രകാരം കെഎസ്ഇബി ലിമിറ്റഡിന് വൈദ്യുതി കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 1388.20 കോടി രൂപയായി കുറഞ്ഞിരിക്കുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ പത്തൊമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് എന്ന വിശദീകരണത്തോടെയാണ് കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്നതായുള്ള തീരുമാനം വൈദ്യുതി വകുപ്പ് അറിയിച്ചത്. എന്നാൽ, പതിനൊന്ന് വർഷം മുമ്പ്, പാരമ്പര്യേതര സ്രോതസുകളിൽനിന്നുള്ള വൈദ്യത ഉൽപ്പാദനം അഞ്ച് ശതമാനമാക്കി വർദ്ധിപ്പിക്കണം എന്ന തീരുമാനം എവിടെയുമെത്തിയിട്ടില്ല. കാലാനുസൃതമായി സർക്കാർ നടപ്പാക്കേണ്ട പദ്ധതികളുടെ പൂർത്തീകരണത്തിൽ സംഭവിച്ച വീഴ്ചകളും നടപടികളിൽ വന്ന പാളിച്ചകളുമാണ് ഇന്ന് സാധാരണക്കാർക്ക് മേൽ വലിയ ബാധ്യതയായി പതിച്ചിരിക്കുന്നത് എന്നതാണ് വാസ്തവം.
0.3 ശതമാനം മാത്രമാണ് നിർദ്ദിഷ്ട പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്ന് കഴിഞ്ഞ പത്ത് വർഷങ്ങൾകൊണ്ട് ഉൽപ്പാദിപ്പിക്കാൻ കേരളാ ഇലക്ട്രിസിറ്റി ബോർഡിന് കഴിഞ്ഞത്. പ്രധാന പാരമ്പര്യേതര വൈദ്യുത സ്രോതസായ സൗരോർജ്ജത്തിന്റെ ഉപയോഗത്തിൽ കേരളം ഏറ്റവും പിന്നിലാണ്. ദക്ഷിണേന്ത്യയിലെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങൾ നാലായിരത്തിലധികം മെഗാവാട്ട്സ് വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുമ്പോൾ, ഇവിടെ പത്ത് മെഗാവാട്ട് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. പ്രസരണ നഷ്ടം കുറയ്ക്കുവാനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല. സർക്കാരിന്റെയും, വൈദ്യുതി വകുപ്പിന്റെയും നിരുത്തരവാദിത്തപരമായ സമീപനങ്ങൾ ഇവിടെയും വില്ലനായി മാറിയിരിക്കുകയാണ്.