കോട്ടയം: എച്ച്1എന്‍1 സംശയിച്ച ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് എന്ന രോഗിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് ഇന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍കോളേജിലേയ്ക്ക് അയച്ചത്. അവിടെ ചികിത്സ നിഷേധിക്കപ്പെട്ട അദ്ദേഹം മണിക്കൂറുകള്‍ പരിചരണം ലഭിക്കാതെ, വൈകിട്ട് നാലുമണിയോടെ ആംബുലന്‍സില്‍ കിടന്ന് മരിക്കുകയായിരുന്നു. രോഗികളുടെ ആധിക്യം മൂലമുണ്ടായ സൗകര്യക്കുറവ് ആയിരിക്കാം ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച മന്ത്രി, അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കോട്ടയം മെഡിക്കല്‍കോളേജിനു മുന്നിലെത്തിയ രോഗിയെ ആംബുലന്‍സില്‍നിന്നിറക്കി പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ പരാതി. കട്ടപ്പനയില്‍നിന്നുള്ള ഡിസ്ചാര്‍ജ് സമ്മറി മാത്രം നോക്കിയശേഷം, വെന്റിലേറ്ററും ബെഡും ഒഴിവില്ല എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു. ഒരു ഡോക്ടറെയും, അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പിആര്‍ഒയെയും കണ്ട് ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും കനിവുണ്ടായില്ല. ആംബുലന്‍സിലെ ഓക്സിജന്റെ അളവ് കുറയുകയാണ് എന്ന് അറിയിച്ചിട്ടും കേട്ടഭാവം നടിച്ചില്ല എന്ന്, ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് പറയുന്നു.
മെഡിക്കല്‍കോളേജില്‍ ചികിത്സ ലഭിക്കാതെ വന്നതിനാല്‍ കോട്ടയത്തെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൂടി രോഗിയെ എത്തിച്ചു എങ്കിലും അവിടെയും ചികിത്സ ലഭിച്ചില്ല. ഒടുവില്‍ തിരികെ നാലുമണിയോടെ മെഡിക്കല്‍കോളേജില്‍ തന്നെ തിരികെ എത്തിയെങ്കിലും വീണ്ടും ചികിത്സ നിഷേധിക്കുകയാണ് ഉണ്ടായത്. ആദ്യം മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ബോധമുണ്ടായിരുന്ന രോഗി വിദഗ്ദ പരിചരണം വൈകിയതോടെ ക്രമേണ കൂടുതൽ ഗുരുതരമായ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. അതോടെ രോഗി ആംബുലന്‍സില്‍ കിടന്നുതന്നെ മരണത്തിന് കീഴടങ്ങി. മരണവിവരം അറിയിച്ച ശേഷം, മരണം സ്ഥിരീകരിക്കാന്‍ പോലും മെഡിക്കല്‍കോളേജിലെ ചികിത്സകര്‍ തയ്യാറായില്ല എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഒരു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ആശുപത്രി അധികൃതര്‍ ഇടപെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണാസന്നനായ ഒരു രോഗിക്ക് കോട്ടയം മെഡിക്കല്‍കോളേജില്‍ നേരിട്ട അവഗണനയെ ചൊല്ലി പ്രതിഷേധം പുകയുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജിന് വെളിയിൽ പ്രതിഷേധ പ്രകടനം നടത്തി. രോഗികളുടെ ബാഹുല്യമാകാം കാരണം എന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചുവെങ്കിലും, ഇത്തരത്തില്‍ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് പ്രഥമശുശ്രൂഷപോലും ലഭിക്കാതിരിക്കുവാന്‍ അത് ന്യായീകരണമല്ല എന്നാണ് വിമര്‍ശനം. ജീവനുവേണ്ടി വിലപിക്കുന്ന ഒരു രോഗിക്ക് നിർദാക്ഷിണ്യം ചികിത്സ നിഷേധിക്കുവാനും ആട്ടിയകറ്റുവാനും കഴിയും വിധം മനുഷ്യത്വം നഷ്ടപ്പെട്ട ആശുപത്രി നേതൃത്വം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്.
സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ഈ സംഭവം. അശ്രദ്ധയും കെടുകാര്യസ്ഥതയും ഇവിടെ തുടർക്കഥയാവുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.