Voice of Truth

ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ; ഇനിമുതൽ ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് മുതലായവ യാത്രക്കാർക്കും നിർബ്ബന്ധം

തിരുവനന്തപുരം: ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇടയ്ക്ക് കർശനമാക്കിയിരുന്നുവെങ്കിലും ചിലവർഷങ്ങളായി കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരുടെ കാര്യത്തിൽ നിയമപാലകർ ഒരു പരിധിവരെ കണ്ണടയ്ക്കാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനിമുതൽ കേരളത്തിന്റെ നിരത്തുകളിൽ ഓടുന്ന ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നയാൾക്കും ഹെൽമെറ്റ് നിർബ്ബന്ധമാകും. പിൻസീറ്റിലിരിക്കുന്ന യാത്രക്കാർക്കും സീറ്റ്ബെൽറ്റ് ധരിക്കേണ്ടതായും വരും. ഇതുസംബന്ധിച്ച പരിശോധനകൾ കർശനമാക്കുവാൻ ഡിജിപിയ്ക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധിയെ പരാമർശിച്ചുകൊണ്ട് കഴിഞ്ഞ ആറാംതീയതി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ലഭിച്ചിരിക്കുന്ന കത്തിൽ, ഈ സുരക്ഷാ നിർദ്ദേശങ്ങൾ സുപ്രീംകോടതിയുടെ വിധിയിൽ ഉൾപ്പെട്ടിരുന്നതാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്.

ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകൾ കുത്തനെ ഉയർത്തിക്കൊണ്ടുള്ള നിർദ്ദേശം കഴിഞ്ഞ നാളുകളിൽ വാർത്തയായിരുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും, നിയമ ലംഘനങ്ങളും കർശനമായി നിയന്ത്രിക്കുവാൻ ലക്ഷ്യമിട്ടുള്ള പരിഷ്കരണങ്ങളാണ് ഈ നാളുകളിൽ വകുപ്പ് തലത്തിൽ കൈക്കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളിലേതിൽ നിന്ന് വിഭിന്നമായി അയഞ്ഞ സമീപനമാണ് ഇത്തരം കേസുകളിൽ സംസ്ഥാനം പുലർത്തി വന്നിരുന്നത് എന്ന സ്വയം വിമർശനവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ, റോഡ് സുരക്ഷാ സംബന്ധമായ മറ്റു മാനദണ്ഡങ്ങളും, അവശ്യ സൗകര്യങ്ങളുടെ വികസനവും തുടങ്ങിയ കാര്യങ്ങളിൽ മാറ്റമുണ്ടാകാതെ, ശിക്ഷാ നടപടികൾ കർശനമാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങൾ ദോഷകരമാകുമെന്ന വിലയിരുത്തലുകളുണ്ട്.

Leave A Reply

Your email address will not be published.