Voice of Truth

മോദിയുടെ അമേരിക്കൻ സന്ദർശന യാത്രയ്ക്കായി വ്യോമപാത തുറന്നുനൽകില്ലെന്ന് പാക്കിസ്ഥാൻ. പാക് തീരുമാനം പ്രൊട്ടോക്കോളിന് എതിര്

ബാലാക്കോട്ട് വ്യോമാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വ്യോമ പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടുവെങ്കിലും, പ്രധാനമന്ത്രിയുടെ വിമാനത്തിനും അനുമതി നിഷേധിച്ച് പാക്കിസ്ഥാൻ.

ഇന്ത്യന്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് പാസഞ്ചര്‍ വിമാനത്തിൽ അല്ല എന്നതിനാൽ, പ്രൊട്ടോക്കോള്‍ അനുസരിച്ച് വ്യോമപാത ഒരുക്കേണ്ടത് മര്യാദയാണ്. എന്നാല്‍ ഇനിയും തുടരുന്ന അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമാക്കിക്കൊണ്ട് മോദിയുടെ വിമാനത്തിന് അകാശപാത വിട്ടുനൽകേണ്ടെന്ന് പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുപത്തൊന്നിനാണ് മോദി ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലേയ്ക്ക് യാത്രതിരിക്കുക. പാക്കിസ്ഥാൻ വഴിയുള്ള വ്യോമപാത നിഷേധിക്കപ്പെട്ടതോടെ, എയര്‍ ഇന്ത്യ വണ്‍ ഡല്‍ഹി – ഫ്രാങ്ക്ഫര്‍ട്ട് – ഹ്യൂസ്റ്റണ്‍ വഴിയാണ് യാത്ര ചെയ്യേണ്ടിവരിക. ഏകദേശം ഒരു മണിക്കൂര്‍ അധികയാത്രയാണിത്. യൂറോപ്പിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ വിമാനം കടത്തിവിടാനും പാകിസ്ഥാന്‍ വിസമ്മതിച്ചിരുന്നു. അന്ന് ആ തീരുമാനത്തെ ഇന്ത്യ അപലപിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് നരേന്ദ്രമോദി യാത്രചെയ്തപ്പോൾ പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുവാൻ അനുമതി ലഭിച്ചിരുന്നു.

കശ്‍മീരിലെ നിലവിലുള്ള കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചകൾക്കില്ല എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം പ്രഖ്യാപിച്ച കര്‍ഫ്യൂ പൂര്‍ണമായും എടുത്തുകളഞ്ഞതായാണ് ഇന്ത്യയുടെ വാദം.

Leave A Reply

Your email address will not be published.