ഇസ്ലാമാബാദ്: കാശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിലേക്ക് മാറ്റാനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് നിയമ മന്ത്രാലയത്തോട് പാക് സർക്കാർ ചോദിച്ചിരുന്നു. ഇതേത്തുടർന്ന് നിയമ മന്ത്രാലയം ഇമ്രാൻ ഖാന് സമർപ്പിച്ച റിപ്പോർട്ടിൽ കാശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ നിലനിൽക്കില്ലെന്നാണ്അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിലെത്തിക്കാനുള്ള കരാർ ഇന്ത്യയും പാകിസ്താനും തമ്മിലില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
കാശ്മീർ വിഷയം അന്താരാഷ്ട്ര കോടതിയിലേക്ക് കൊണ്ടുപോകാൻ സർക്കാർ തീരുമാനിച്ചതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞിരുന്നു. നിയമപരമായ വിഷയങ്ങൾ പാരിഗണിച്ചാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു, എന്നാൽ ഈ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.
പാകിസ്താൻ യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്നും അതേസമയം കാശ്മീരിനുവേണ്ടി അവസാനം വരെ പോരാടുമെന്നും കാശ്മീരിനുവേണ്ടി സംഘടിപ്പിച്ച നയ പ്രഖ്യാപന റാലിയിൽ ഇമ്രാൻ ഖാൻ പറഞ്ഞു. ഹിറ്റ്ലർ ജർമ്മനിയിൽ നടപ്പാക്കിയതുപോലെയുള്ള അജണ്ടകളാണ് കാശ്മീരിൽ ആർഎസ്എസ് ബിജെപി സർക്കാരിലൂടെ കാശ്മീരിൽ നടപ്പാക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കാശ്മീർ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ആഗോള വിഷയമായി ഉയർത്തുമെന്നും ഇമ്രാൻ വ്യക്തമാക്കി.
ആയിരക്കണക്കിനു ജനങ്ങളെ തടവിൽ വെക്കുന്നതിലൂടെ നിങ്ങൾ കൂടുതൽപ്പേരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. ഇതാണ് ഇന്ത്യയോട് തനിക്ക് പറയുവാനുള്ളത്. മുസഫറാബാദിൽ വെച്ചുനടന്ന റാലിയിൽ ഇമ്രാൻ ഖാൻ പറഞ്ഞു. ജനങ്ങൾ ഇന്ത്യക്കെതിരാകും. ഇന്ത്യയിലെ മുസ്ലിങ്ങൾ മാത്രമല്ല ലോകത്താകമാനമുള്ള 1.25 ബില്യൻ ഇസ്ലാം മത വിശ്വാസികൾ ഇവ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇമ്രാൻ വ്യക്തമാക്കി.