സ്വന്തം മരണം നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? അതായത് ശവപ്പെട്ടിയില്‍ ജീവനോടെ കിടന്ന് സ്വന്തം മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സൗത്ത് കൊറിയയിലെ ജനങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാകണം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണുവാന്‍ തുടങ്ങിയിരിക്കുന്നു.
2012 ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരുപരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 ത്തില്‍ അധികം ആളുകള്‍ ഈ വിധം ശവപ്പെട്ടിയില്‍കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തിട്ടുണ്ട്. ഓരോദിവസവും മരണത്തിന് ഒരുങ്ങുവാന്‍ അവര്‍ മനസുകൊണ്ട് ആഗ്രഹിക്കുകയാണ്.
സ്വന്തം ഇഷ്ടപ്രകാരം ശവപ്പെട്ടിയില്‍ കിടന്ന് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ അവരുടെ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെ ശവപ്പെട്ടിയില്‍കിടന്ന് സ്വന്തം മൃതസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മരണത്തെപ്പറ്റിയും ജീവിതത്തെപറ്റിയും കൂടുതല്‍ ചിന്തിക്കുന്നു എന്നാണ് അനുഭവസാക്ഷ്യങ്ങള്‍. ഒരുവശത്ത് ജീവിച്ചിരിക്കുന്നതിന്റെ വില മനസിലാക്കാന്‍ സഹായിക്കുന്നു. മറുവശത്ത് അത് മരണത്തിനായി ആളുകളെ ഒരുക്കുകയും ചെയ്യുന്നു.
ലോകത്തില്‍ ഒരുലക്ഷം ആളുകള്‍ക്ക് പതിനൊന്ന് പേരോളം വെച്ച് ശരാശരി ആത്മഹത്യ ചെയ്യുമ്പോള്‍ സൗത്ത് കൊറിയയില്‍ ഇത് ഒരുലക്ഷത്തില്‍ ഇരുപത് എന്ന തോതിലാണ്. അതായത് സൗത്ത് കൊറിയയിലെ ആത്മഹത്യാനിരക്ക് ലോകശരാശരിയുടെ ഏകദേശം ഇരട്ടിയാണെന്ന് സാരം.
എന്നാല്‍ ഇങ്ങനെ സ്വന്തം സംസ്‌കാരശുശ്രൂഷയില്‍ വിധേയപ്പെടുന്നവരില്‍ പല മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അവര്‍ ജീവിതത്തെ കൂടുതല്‍ വിലമതിക്കുവാന്‍ തുടങ്ങുന്നു. അതിനര്‍ഥം അവര്‍ ആത്മഹത്യക്ക് തയാറെടുക്കുകയില്ല എന്നാണ്. അവര്‍ ക്ഷമ കൊടുക്കുവാനും സ്വീകരിക്കുവാനും തയാറാകുന്നു. അതിനാല്‍ ആത്മഹത്യാനിരക്ക് കുറയുവാനും ഈ അനുഭവം കാരണമാകുന്നുണ്ട്.
സ്വന്തം ജീവന്റെ വില മനസിലാക്കാനും തങ്ങള്‍ ജീവനൊടുക്കിയാല്‍ വേദനിക്കുന്നവര്‍ ഉണ്ടാകും എന്ന് തിരിച്ചറിയുവാനും ഈ അനുഭവം ആളുകളെ സഹായിക്കുന്നുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജീവന്റെ വില തിരിച്ചറിയുവാനും മരണത്തിന് കൂടുതല്‍ ഒരുങ്ങാനും കൂടുതല്‍ നല്ല ജീവിതം നയിക്കുവാനും ഈ മൃതസംസ്‌കാര ശുശ്രൂഷ സഹായിക്കുന്നു എന്നത് നല്ല കാര്യം തന്നെയാണ്.