ഫിലിപ്പിയന്‍സില്‍ താമസിച്ചിരുന്ന ചൈനക്കാരനായ ബാലന്‍ സൈക്കിള്‍ വാങ്ങുന്നതിന് ചില്ലിക്കാശുകള്‍ സ്വരുക്കൂട്ടാനാരംഭിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ജപ്പാന്റെ ആക്രമണത്തില്‍ തന്റെ നാട് തകര്‍ന്നുവെന്ന വാര്‍ത്തയാണ് ബാലന്‍ കേള്‍ക്കുന്നത്. ആ വാര്‍ത്ത അവന്റെ മനസിനെ വല്ലാതെ പൊള്ളലേല്‍പ്പിച്ചു. തന്റെ ജനം അപ്പത്തിനും വെള്ളത്തിനും വേണ്ടി കേഴുകയാണെന്ന് അവന്‍ മനസിലാക്കി. അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് മാത്രമായി ആ ദിനങ്ങളില്‍ അവന്റെ ചിന്ത. സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണമെടുത്ത് അവന്‍ എണ്ണിനോക്കി. കൃത്യം ‘മൂന്നര പവന്‍.’ അതുമായി അവന്‍ ബേക്കറിയിലേക്കോടി. ആ തുകയ്ക്ക് മുഴുവന്‍ ബ്രഡുവാങ്ങി. വലിയ ക്യാരി ബാഗില്‍ പൊതിഞ്ഞ് മാനിലയില്‍ ചൈനക്കാര്‍ക്കായി തുറന്നിരിക്കുന്ന ദുരിതാശ്വസ ക്യാമ്പിലെത്തി. ഒരു വലിയ ബാഗു നിറയെ ബ്രഡുമായി വന്ന ബാലന്റെ സഹായമനോഭാവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം തോന്നി. പക്ഷേ, ഈ ബ്രഡ് ചൈനയിലേക്ക് അയച്ചാല്‍ അവിടെയത്തുമ്പോഴേക്കും അത് കേടാകും. ആര്‍ക്കും പ്രയോജനപ്പെടില്ല.
അതുകൊണ്ട് അവര്‍ ആ ബ്രഡ് അന്നുതന്നെ ലേലത്തിന് വച്ചു. ‘സ്വദേശികളുടെ വിയര്‍പ്പിന്റെ അപ്പം’ എന്നായിരുന്നു ബ്രഡിന് അവര്‍ നല്‍കിയ പേര്. ഏതാനും മണിക്കൂറുകള്‍ക്കകം അത് മുഴുവന്‍ വിറ്റുതീര്‍ന്നു. 20 പവനാണ് ലഭിച്ചത്. തുടര്‍ന്ന് അവര്‍ ആ പണത്തിന് കൂടുതല്‍ ബ്രഡ് വാങ്ങി ഒരിക്കല്‍ക്കൂടി ലേലം നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ക്ക് 400 പവനോളം ലഭിച്ചു. ആ പണം ചൈനയിലേക്ക് അവര്‍ അയച്ച് കൊടുത്തു. സഹായിക്കാന്‍ തയ്യാറായ ഒരു ബാലന്റെ കാഴ്ചപ്പാടാണ് ഈ വലിയ നിക്ഷേപത്തിന് പിന്‍ബലമായി തീര്‍ന്നത്.
തന്നെക്കാള്‍ കഴിവും പ്രാപ്തിയുമുള്ള മറ്റാരെങ്കിലും ചെയ്യട്ടെയെന്ന് കരുതി നാം മാറി നില്‍ക്കുമ്പോള്‍ സഹായം അര്‍ഹിക്കുന്ന ഒരു വ്യക്തിയുടെ ആവശ്യം തിരസ്‌കരിക്കപ്പെടുന്നു. ഞാന്‍ ചെയ്യേണ്ട കാര്യം എനിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സ്വന്തം ആവശ്യം പോലെ കരുതുന്നവര്‍ക്ക് മാത്രമേ ഏത് പ്രതിസന്ധിയിലും വിജയം നേടാന്‍ കഴിയൂ. അന്യരെ സഹായിച്ചാല്‍ തനിക്ക് എന്ത് നേട്ടമെന്ന് ചിന്തിക്കുന്നവര്‍ക്കും ലാഭം മാത്രം പ്രതീക്ഷിച്ച് കാരുണ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്കും ദൈവകാരുണ്യത്തിന്റെ കാണിക്കയിലിടം ലഭിക്കില്ല. എന്നാല്‍ സ്‌നേഹം നിറഞ്ഞ ഒരു പുഞ്ചിരിപോലും ഒരാളുടെ ജീവിതത്തെ അടിമുടി മാറ്റി മറിക്കും.