Voice of Truth

ഓര്‍ഗനൈസ്ഡ് ക്രൈം നിരക്ക് കേരളത്തില്‍ ആശങ്കാജനകമാംവിധം കൂടുന്നു

മനുഷ്യര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പലതരം ഉണ്ട്. പ്രധാനമായും രണ്ടുവിധത്തിലാണ് മനുഷ്യര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഒന്നാമത്തേത്, വ്യക്തികള്‍ തനിച്ചു ചെയ്യുന്ന കുറ്റകൃത്യങ്ങള്‍. മോഷണം, പിടിച്ചുപറി, ചില കൊലപാതകങ്ങള്‍, ലഹരിവസ്തുക്കളുടെ ഉല്‍പ്പാദനം, വിതരണം, കള്ളക്കടത്ത് തുടങ്ങി പല മേഖലകളിലും ഒറ്റപ്പെട്ട വ്യക്തികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട്. അത് എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഇനിയും ഉണ്ടാകും.

രണ്ടാമത്തേത്, ചില വ്യക്തികള്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന കുറ്റകൃത്യങ്ങള്‍ ആണ്. ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയശേഷം നടത്തുന്ന കൊള്ള, മോഷണം, ഭവനഭേദനം, കച്ചവട സ്ഥാപനങ്ങളിലെ മോഷണം, കൊലപാതകം, കള്ളക്കടത്ത്, ലഹരിവ്യാപാരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമാണ് അത്തരം കുറ്റകൃത്യങ്ങളിലെ പങ്കാളികളും പ്രതികളും.

മൂന്നാമത്തേത്, വലിയൊരു ഗൂഢാലോചനയുടെ ഫലമായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ആണ്. അത്തരം കുറ്റകൃത്യങ്ങളെയാണ് ഓര്‍ഗനൈസ്ഡ് ക്രൈം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നവരും നടപ്പാക്കുന്നവരും നടപ്പാക്കാന്‍ സഹായിക്കുന്നവരുമായ വലിയൊരു സംഘം ഉണ്ടായിരിക്കും. ഗൂഢാലോചന നടത്തുന്നവരും സഹായം ചെയ്യുന്നവരും മിക്കവാറും രംഗത്ത് വരില്ല. കുറ്റകൃത്യം നടപ്പാക്കുന്നവര്‍ മാത്രമായിരിക്കും പലപ്പോഴും പിടിക്കപ്പെടുക. അവര്‍ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും ഗൂഢാലോചന നടത്തിയവരും സഹായികളും മിക്കപ്പോഴും അന്വേഷണപരിധിക്ക് പുറത്തായിരിക്കും.

കേരളത്തില്‍ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം നിരക്ക് കൂടിവരുന്നുവെന്നുള്ളത് വലിയ ആശങ്ക ഉണ്ടാക്കേണ്ടതാണ്. പ്രധാനായും ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈംസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചില മേഖലകള്‍ ദൃശ്യമാണ്. സ്വര്‍ണത്തിന്റെയും ലഹരിവസ്തുക്കളുടെയും കള്ളക്കടത്ത് കഥകള്‍ ധാരാളം പുറത്തുവരുന്നു. കൊലപാതക കഥകള്‍ പുറത്തുവരുന്നു.

കേരളത്തില്‍ നടക്കുന്ന ഒട്ടനവധി സ്വര്‍ണക്കള്ളക്കടത്തും ലഹരിവ്യാപാരവും കൊലപാതകങ്ങളും ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്. കേരളത്തില്‍ നടന്നിട്ടുള്ള പല നിയമവിരുദ്ധ ഭൂമി ഇടപാടുകളും ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്. എം.ജി സര്‍വകലാശാലയുമായി പുറത്തുവരുന്ന മാര്‍ക്കുദാനം എന്ന തെറ്റ് ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണ്. പി.എസ്.സി പരീക്ഷാതട്ടിപ്പ് ഓര്‍ഗനൈസ്ഡ് ക്രൈം ആയിരുന്നു.

കൂടത്തായി കൊലപാതക പരമ്പര അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതനുസരിച്ച്, അത് ഓര്‍ഗനൈസ്ഡ് ക്രൈം ആയിരുന്നുവെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുന്നു. മരട് ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് പിന്നില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഉണ്ട്. പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ പിന്നില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ഉണ്ട്.

നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്: ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ പിന്നില്‍ ആശയങ്ങള്‍ ഉണ്ടാക്കുന്നതും ബുദ്ധി ഉപദേശിക്കുന്നതും സംഘര്‍ഷവും സഹായവും നല്‍കുന്നതും ഉന്നതരും രാഷ്ട്രീയക്കാരും ധനികരും നിയമപാലന ചുമതല ഉള്ളവരുമെല്ലാം ചേര്‍ന്നുള്ള ഒരു കൂട്ടുകെട്ടാണ്.
ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈമിനെപ്പറ്റി നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അതിനെതിരെ നമ്മള്‍ ശബ്ദം ഉയര്‍ത്തണം. പ്രതിരോധം തീര്‍ക്കണം. ഇല്ലെങ്കില്‍ നാളെ സാധാരണക്കാര്‍ക്കും മര്യാദക്കാര്‍ക്കും ഇവിടെ ജീവിക്കാന്‍ കൂടുതല്‍ പ്രയാസമാകും.