ഊട്ടിയിൽ മദ്യപാനത്തിനുശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ 10,000 രൂപ പിഴ ഈടാക്കാൻ നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടു. നീലഗിരി ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ 55 മദ്യക്കടകളുണ്ട്.
മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയിൽ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ല. ഈ കടകളിൽനിന്നു ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. മദ്യപാനത്തിനുശേഷം പൊതുവിടങ്ങളിലും കാടുകളിലുമൊക്കെയാണ് കുപ്പികൾ വലിച്ചെറിയുന്നത്. ഒരു ദിവസം 20,000-ത്തോളം കുപ്പികളാണ് ജില്ലയിൽനിന്നു നീക്കംചെയ്യാറുള്ളത്. കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നത് പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വൻതുക പിഴയീടാക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
വലിച്ചെറിയുന്നതു കണ്ടാൽ പിടികൂടി പിഴ ഈടാക്കും. വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളിൽ ഭൂരിഭാഗവും പാറകളിൽ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികൾ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.