- ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു അന്ത്യം.
- കഴിഞ്ഞ രണ്ടാഴ്ചയായി തീരെ അവശതയിലായ അദ്ദേഹത്തിന് 95 വയസായിരുന്നു
- സംസ്കാര കർമ്മങ്ങൾ വൈകിട്ട് നാലുമണിക്ക് ലോധി റോഡ് ശ്‌മശാനത്തിൽ
സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകരിലൊരാളും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വവുമായിരുന്ന രാം ജത്മലാനി അന്തരിച്ചു. 95 വയസായിരുന്നു. കേന്ദ്ര നീതി ന്യായ വകുപ്പ്, ഗ്രാമവികസന വകുപ്പ് മന്ത്രി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തോളം നീണ്ട രോഗാവസ്ഥകൾക്കൊടുവിൽ ഇന്ന് രാവിലെ 7.45 നായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി കിടപ്പിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഏറെ സവിശേഷതകളുള്ള ഒരു അഭിഭാഷകനും, ഒരു മാതൃകാ വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്ന് തന്റെ അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. കോടതിയിലും, പാർലമെന്റിലും അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി അടുത്തടപഴകുവാൻ ഏറെ അവസരങ്ങൾ ലഭിച്ചത് അനുഗ്രഹമായി കരുതുന്നുവെന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ മോദി പറഞ്ഞു.
ഒരഭിഭാഷകൻ എന്ന നിലയിൽ ഒട്ടനവധി പ്രമാദവും പ്രമുഖവുമായ കേസുകൾക്കുവേണ്ടി അദ്ദേഹം വാദിക്കുകയും ഇതിന്റെപേരിൽ പലപ്പോഴും കടുത്ത വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം.
ഒരു ക്രിമിനൽ ലോയർ എന്ന നിലയിൽ ഏറ്റവും പ്രമാദവും, പ്രശസ്തരുമായി ബന്ധപ്പെട്ടതുമായ കേസുകളിലായിരുന്നു അദ്ദേഹം ഇടപെട്ടിരുന്നത്.വാദപ്രതിവാദങ്ങൾക്കിടയിൽ ശ്രദ്ധേയമായിരുന്ന അദ്ദേഹത്തിന്റെ സവിശേഷമായ ശൈലികളും, ക്രോസ് എക്‌സാമിനേഷൻ ടെക്നിക്കുകളും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന്റെ തെളിവുകളായി പരിഗണിക്കപ്പെട്ടു. അത്തരം സവിശേഷതകളാണ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകനാക്കി മാറ്റിയത്.
1950ൽ ആരംഭിച്ച അഭിഭാഷകവൃത്തിയിൽ ഘട്ടംഘട്ടമായി വളർന്ന അദ്ദേഹം, ഹാജി മസ്താൻ മുതൽ ഇന്ദിരാഗാന്ധിയുടെ ഘാതകർ വരെയും, രാജീവ് ഗാന്ധി മുതൽ, എൽകെ അദ്വാനി വരെയുമുള്ളവർക്കായി കേസുകൾ വാദിച്ചു.
1971 മുതൽ രാഷ്ട്രീയത്തിലും ഇടപെട്ടുതുടങ്ങിയ അദ്ദേഹം ആറാമത്തെയും ഏഴാമത്തെയും ലോക്സഭയിൽ മുംബൈയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി ടിക്കറ്റിൽ പാർലമെന്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി പദവിയിലിരിക്കെ അദ്ദേഹം നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്നു. എന്നാൽ, 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം വാജ്പേയിക്കെതിരെ ലഖ്‌നൗ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നീട് , 2010 ൽ വീണ്ടും ബിജെപിയിൽ തിരിച്ചെത്തിയ അദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.