എറണാകുളം: കേവലം പതിമൂന്ന് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മലയാളികളെ പരിഭ്രാന്തിയിലാഴ്ത്തിയ മാരകമായ നിപ വൈറസ് രോഗബാധ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍. നിപ എന്ന് സംശയിച്ച് പരിശോധനയ്ക്കയച്ച ആറുപേര്‍ക്കും രോഗബാധയില്ല എന്ന സ്ഥിരീകരണം പൂനെ, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി നല്‍കിയതോടെയാണ് ഇത്. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പനി പൂര്‍ണ്ണമായി ഭേദമായിട്ടില്ല. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഓര്‍മ്മക്കുറവ് ഉണ്ട് എന്നും ചികിത്സകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ നിപ വൈറസ് വലിയ അളവില്‍ പടര്‍ന്നിട്ടില്ല എന്നതിന്റെ ശുഭസൂചനയാണ് പരിശോധനാഫലം എന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ നിപ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിക്ക് മാത്രമാണ്. ഒരാളുടെ റിസല്‍ട്ട് കൂടി ലഭിക്കുവാനുണ്ട്. ചിലര്‍കൂടി നിരീക്ഷണത്തില്‍ തുടരുന്നു. എങ്കിലും ആശങ്കകളുടെ ആവശ്യമില്ല എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
മുമ്പ് പരിശോധനകള്‍ നടത്തിയ സംഘങ്ങള്‍ക്ക് നിപയുടെ ഉത്ഭവം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വൈറസിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള വിദഗ്ദ സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. പറവൂരില്‍ വിദ്യാര്‍ത്ഥിയുടെ വീടിനുപരിസരത്തുനിന്നും, സമീപത്തുള്ള പന്നി ഫാമില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ഇതുവരെയും, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തൊടുപുഴയില്‍ നടന്ന പരിശോധനയിലും സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപനത്തിലും ലാബിലും, താമസിച്ച വീടിന്റെ പരിസരങ്ങളിലും പരിശോധനകള്‍ നടത്തിയിരുന്നു. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നതോടെ ഇടുക്കി ജില്ലയുടെ ആശങ്കകള്‍ അകലുകയാണ്.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പനിക്ക് ചികിത്സ തേടിയെത്തിയ രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരീക്ഷണത്തിലുണ്ട്. ഐസൊലേഷൻ വാർഡിലാണ് അവർ ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും, മുന്‍കരുതലിന്റെ ഭാഗം മാത്രമാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്ന് എത്തിയവരാണ് രോഗികള്‍ എന്നതിനാലാണ് നിരീക്ഷണം. കൂടാതെ, തൃശൂരിൽ രണ്ടുപേരും കോഴിക്കോട് ഒരാളും നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴിൽ ആറുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതെങ്കിലും എല്ലാവരും ഐസൊലേഷൻ വാർഡിൽ തന്നെ തുടരുകയാണ്. കൂടാതെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മുന്നൂറിൽപരം പേരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
അഞ്ചു ദിവസങ്ങളോളമായി മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ ഭീഷണിയ്ക്ക് മന്ത്രിയുടെ വിശദീകരണത്തോടെ ആശ്വാസമാവുകയാണ്. വിവരം അറിഞ്ഞത് മുതല്‍ പ്രവര്‍ത്തന നിരതയായ ബഹു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സുസജ്ജരായ ഒരു വലിയ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരുടെ സേവന സന്നദ്ധതയെ കേരളസമൂഹം ഒന്നടങ്കം അഭിനന്ദിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരുന്നുണ്ട്.