Voice of Truth

കേരളം വീണ്ടും നിപ ഭീതിയില്‍… പരിഭ്രാന്തി ആവശ്യമില്ല. മുന്‍കരുതല്‍ വേണം.

എറണാകുളം: ലോകത്തില്‍ തന്നെ അപൂര്‍വ്വമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചരിത്രമാണ് നിപ വൈറസ് ബാധയ്ക്ക് ഉള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിപ വൈറസ് ഇന്‍ഫെക്ഷന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒടുവില്‍, കേരളത്തിലെ കോഴിക്കോടുള്ള ചങ്ങരോത്ത് ആണ് നിപ ഔട്ട്‌ബ്രേക്ക്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കേരളത്തെയും ലോകത്തെയും ഭീതിയിലാഴ്ത്തിയ, ഏതാനും ആഴ്ചകളില്‍ സകലരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസ് ബാധ ഇന്നും മലയാളികളുടെ ഉള്ളില്‍ ഭീതിയായി നിലനില്‍ക്കുന്നുണ്ട്. അന്ന് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സമൂഹത്തിന്റെയും സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് രോഗബാധ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ലാബ് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ 2018ലെ നിപ വൈറസ് ബാധയെ തുടര്‍ന്ന് പതിനാറുപേരാണ് മരണത്തിന് കീഴടങ്ങിയത് എന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. രോഗബാധയേറ്റ പതിനെട്ടുപേരില്‍ രണ്ടുപേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിരുന്നു. കൂടുതല്‍ പേരിലേയ്ക്ക് പകരാതിരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതാണ്‌ പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറിയത്.

തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നിപ ബാധയെന്ന സംശയം ഉയര്‍ന്നത് നിയന്ത്രണാതീതമായ കടുത്ത പനിയെ തുടര്‍ന്നാണ്‌. മുമ്പ് മറ്റുചില ആശുപത്രികളിലും ചികിത്സ തേടിയിരുന്നെങ്കിലും ദിവസങ്ങളായിട്ടും പനി കുറയാത്ത സാഹചര്യത്തില്‍ ഇയാള്‍ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുകയായിരുന്നു. നിപയുടേതിന് സമാനമായ ചില ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി തന്നെ, നിപയ്ക്ക് സാധ്യതയുണ്ടെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എന്നാല്‍, രോഗിയുമായി അടുത്തിടപഴകിയ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. രോഗിയുമായി ബന്ധമുള്ള എണ്‍പത്തിയാറു പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

രോഗം നിപ വൈറസ്ബാധ തന്നെയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ എറണാകുളത്തും തൃശൂരും തൊടുപുഴയിലുമുള്ള ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. അതേത്തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ക്കെതിരെ അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിപയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും നിപ വൈറസ് ബാധ തന്നെയാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യമല്ല എന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുന്നുണ്ട്. നിപ ബാധയെന്ന് സ്ഥിരീകരിക്കപ്പെടുവാൻ പൂനെ വൈറോളജി ലാബിൽ നിന്നുള്ള റിസൾട്ട് ലഭിക്കേണ്ടതുണ്ട്.

ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രം രോഗബാധ ഒഴിവാക്കാന്‍ കഴിയും എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നത് തന്നെയാണ് വാസ്തവം. എന്നാല്‍, മറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകളും മറ്റും സമൂഹത്തെ അകാരണമായി ഭയപ്പെടുത്തുകയാണ്. നിപ വൈറസ് ബാധ തന്നെയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ ആരോഗ്യവകുപ്പ് ഈ സാഹചര്യത്തെ നേരിടാന്‍ സജ്ജമാണ് എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കുന്നു. കളമശ്ശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍കോളേജുകളില്‍ സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ആരംഭിച്ചിട്ടുണ്ട്: 1077, 1056

Leave A Reply

Your email address will not be published.