Voice of Truth

മന്ത്രവാദിയുടെ ഉറപ്പിൽ കുലുക്കമില്ലാതെ ചന്ദ്രൻ ; എരിഞ്ഞടങ്ങിയത് രണ്ട് ജീവനുകൾ

വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ക്കും ദുര്‍മന്ത്രവാദത്തിനും സ്ഥിരമായി എത്തിയിരുന്ന കോട്ടൂര്‍ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ലേഖയും , മകള്‍ വൈഷ്ണവിയും  ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നത്.

ആത്മഹത്യ നടക്കുന്നതിന് തലേദിവസം രാത്രി 7 മണിമുതല്‍ രാത്രി പതിനൊന്നരവരെ മന്ത്രവാദി ഇവരുടെ വീട്ടുവളപ്പിലെ ക്ഷേത്രത്തില്‍ ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസം ബാങ്കുകാര്‍ നടത്താന്‍ തീരുമാനിച്ച ജപ്തി നടപടികളും വീടും സ്ഥലവും വില്‍ക്കുന്നതിനായുള്ള അഡ്വാന്‍സ് കൈപ്പറ്റലും നടക്കില്ലെന്ന്  മന്ത്രവാദത്തിനൊടുവില്‍ ഇയാള്‍ ചന്ദ്രനേയും അയാളുടെ മാതാവ് കൃഷ്ണമ്മയേയും ധരിപ്പിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഉറഞ്ഞുതുള്ളിയ കൃഷ്ണമ്മയും ജപ്തിയും വസ്തുവില്‍പ്പനയും നടക്കില്ലെന്നാണ് പ്രവചിച്ചത്. ഇത് വിശ്വാസത്തിലെടുത്തതിനാലാണ് അടുത്തദിവസം ബാങ്കുകാര്‍ ജപ്തി നടപടികള്‍ക്കായി രാവിലെ ബന്ധപ്പെട്ടപ്പോഴും ചന്ദ്രന്‍ കുലുക്കമില്ലാതെ നിന്നത്.

എന്നാല്‍ ബാങ്കില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍വന്നതോടെ ലേഖയും മകള്‍ വൈഷ്ണവിയും സമ്മ‌ര്‍ദ്ദത്തിലായി. ബാങ്കുകാര്‍ വിളിക്കുന്നതായി സഹോദരീ  ഭര്‍ത്താവിനോട് ലേഖ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന വീട്ടില്‍ കൃഷ്ണമ്മയുടെ മുറി പൊലീസിന് ഇന്നലെ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് അവരുടെ മുറികള്‍ പരിശോധിക്കുന്നതിനൊപ്പം ലേഖയുടെ സഹോദരങ്ങളെയും  അടുത്ത ബന്ധുക്കളെയും നേരില്‍കണ്ടും വിവരങ്ങള്‍ ശേഖരിക്കും.

Leave A Reply

Your email address will not be published.