ലണ്ടൻ: ഇതുവരെ കാണാത്ത ഒരു ക്രിക്കറ്റ് മാമാങ്കത്തിന് ലോകത്തെ സാക്ഷിയാക്കി ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് സ്വന്തമാക്കി. ഇത്തരമൊരു പോരാട്ടം ചരിത്രത്തിൽ ആദ്യമെന്ന് കാഴ്ചക്കാർ ഒന്നടങ്കം പറയുന്നു. ലോഡ്‌സിലെ മൈതാനത്തിൽ ഒമ്പത് മണിക്കൂർ പിന്നിട്ട, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകളുടെ തീപാറുന്ന പോരാട്ടത്തിനൊടുവിൽ കൂടുതൽ ബൗണ്ടറികൾ എടുത്ത മികവിലാണ് ഇംഗ്ളണ്ടിനെ തേടി കപ്പ് എത്തിയത്.
ദേശീയ ചിന്തകൾക്കപ്പുറം ഏറെ വൈകാരികമായിരുന്നു മത്സരത്തിന്റെ അന്ത്യം. ഇന്ത്യ കളിയിൽനിന്നു പുറത്തായതോടെ ഹോട്ട്സ്റ്റാറിൽ കളികാണുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ഫൈനൽ സമനിലയിലായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറായപ്പോൾ റെക്കോർഡോടെ തിരികെയെത്തിയത് ഉദാഹരണമാണ്. ഒന്നരക്കോടിയിലേറെ പേർ ഇന്നലെ നടന്ന കളിയിലെ സൂപ്പർ ഓവർ ഹോട്ട്സ്റ്റാറിൽ മാത്രം കണ്ടു. അത്രമാത്രം ആവേശഭരിതമായിരുന്നു ആ നിമിഷങ്ങൾ.
രണ്ടാമത് ബാറ്റ് ചെയ്ത ടീമായ ഇംഗ്ലണ്ട്, അവസാന പന്തിൽ ആദ്യ ടീമായ ന്യൂസിലൻഡിന്റെ സ്‌കോറിൽ എത്തുക. തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയ പതിനഞ്ച് റൺസ് തന്നെ തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലൻഡ് നേടുക. അണുവിട വിട്ടുകൊടുക്കാത്ത ഒരു നാടകീയമായ പോരാട്ടം. ഇംഗ്ലണ്ടുകാർ പോലും ന്യൂസിലൻഡ് ടീമിനെയും, ന്യൂസിലൻഡുകാർ ഇംഗ്ലണ്ട് ടീമിനെയും ആരാധിച്ചുപോയിരിക്കണം. രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിയിട്ടും കപ്പിൽ മുത്തമിടാൻ ഭാഗ്യമില്ലാതെ പോയ ന്യൂസിഡന്റിനോടൊപ്പം ചിലർ നിലകൊണ്ടപ്പോൾ, ക്രിക്കറ്റ് ജന്മകൊണ്ട നാടായിട്ടും കഴിഞ്ഞ നാൽപ്പത്തിനാല് വർഷങ്ങളായി ജേതാക്കളാകാൻ കഴിയാത്ത ഇംഗ്ലണ്ടിന് കപ്പ് ലഭിക്കണമെന്നും അനേകർ ആഗ്രഹിച്ചിരിക്കണം.
1975 ൽ തങ്ങളുടെ കന്നി ലോകകപ്പ് ഫൈനലിൽ, ഭാഗ്യദോഷം കൊണ്ട് വഴുതിപ്പോയ കപ്പ്, അന്ന് കളി നടന്ന അതേ മൈതാനത്ത് വച്ചുതന്നെ നേടിയെടുക്കുവാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു വസ്തുത. ലോഡ്‌സിൽ വച്ചായിരുന്നു അന്നും ഫൈനൽ.
ഒടുവിൽ എല്ലാം തികഞ്ഞ ഒരു പോരാട്ടത്തിനൊടുവിൽ, കൂടുതൽ ബൗണ്ടറികൾ നേടി എന്ന കാരണത്താൽ മാത്രം ഇംഗ്ലണ്ട് കപ്പിൽ ചുംബിച്ചപ്പോൾ അനേകർ നിരാശരായി. ഫൈനലിൽ ഭാഗ്യദോഷം കൊണ്ട് മാത്രം പരാജിതരായ ന്യൂസിലൻഡ് സ്വദേശത്തേയ്ക്ക് മടങ്ങുന്നത് നെഞ്ചു വിരിച്ചു തന്നെയാണ്. വിജയത്തോടൊപ്പം നിൽക്കുന്നു ഈ പരാജയം.
ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ജേതാക്കളാകുമ്പോൾ രണ്ടുപേരാണ് ഏറ്റവും കൂടുതൽ പുകഴ്ത്തപ്പെടുന്നത്. വിജയത്തിന് ചുക്കാൻ പിടിച്ച ബെൻ സ്റ്റോക്ക്‌സും, അദ്ദേഹത്തോടൊപ്പം പങ്കാളിയായി വലിയ കൂട്ടുകെട്ട് തീർത്ത ജോസ് ബട്ട്ലറും.
മികച്ച ഫോമിലായിരുന്നുവെങ്കിലും ന്യൂസിലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നിൽ പതറിയ ഇന്ത്യ സെമിഫൈനലിൽ കളിയിൽനിന്നു പുറത്തായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമുണ്ട്. നാലുവർഷങ്ങൾക്ക് ശേഷം അടുത്ത ലോകകപ്പ് അരങ്ങേറുമ്പോൾ അതിനു വേദിയാവുന്നത് ഭാരതമാണ്. മുമ്പ് ഇന്ത്യ ലോകകപ്പിന് വേദിയായിട്ടുണ്ടെങ്കിലും, അയൽ രാജ്യങ്ങളുടെ കൂടി സംയുക്ത പങ്കാളിത്തത്തോടെയാണ് ഒരുക്കങ്ങൾ നടന്നിരുന്നതെങ്കിൽ, അടുത്ത ലോകകപ്പ് ഇന്ത്യയുടെ മാത്രം ആതിഥേയത്വത്തിലാവും നടക്കുക എന്ന പ്രത്യേകത കൂടിയുണ്ട്.
തുടർച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം കപ്പ് സ്വന്തമാക്കുന്നത്. അടുത്ത തവണയും അത് ആവർത്തിക്കുമെന്ന് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷിക്കാം.