Voice of Truth

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി അധികാരമേറ്റു

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. തലസ്ഥാനത്തെത്തിയ നിയുക്ത ഗവര്‍ണറെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പത്‌നി രേഷ്മ ആരിഫിനൊപ്പമാണ് അദ്ദേഹം എത്തിയത്.

മന്ത്രി കെ.ടി. ജലീല്‍ അദ്ദേഹത്തെ സ്വീകരണപ്പന്തലിലേക്ക് നയിച്ചു. എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. വ്യോമയാന മന്ത്രിയായിരിക്കെ ആരിഫ് മുഹമ്മദ് ഖാനാണ് തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പദവി നല്‍കിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പൂച്ചെണ്ട് നല്‍കി. മന്ത്രി എ.കെ. ബാലന്‍ പണ്ട് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന കാലം ഓര്‍ത്തെടുത്തു. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി എ. സമ്പത്തിന് സംസ്ഥാനത്തും ചുമതലയുണ്ടോയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരാഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയുക്ത ഗവര്‍ണറെ പിന്നീട് രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്ന പാലക്കാട്ടുകാരന്‍ കെ.ആര്‍. മോഹനനും സ്വീകരിക്കാന്‍ എത്തി. അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എത്തിയത്. പരിചയം പുതുക്കിയും ആശംസകള്‍ നേര്‍ന്നുമാണ് നിയുക്ത ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പോയത്. രാജ്ഭവനിലെത്തിയ അദ്ദേഹത്തെയും ഭാര്യ രേഷ്മയെയും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധൊദാവത്ത് സ്വീകരിച്ചു. മന്ത്രി കെ.ടി. ജലീല്‍, കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിയുക്ത ഗവര്‍ണര്‍ക്കൊപ്പം മക്കളായ മുസ്തഫ, കബീര്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും എത്തി. രാജ്ഭവനിലെ ജീവനക്കാരുടെ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയാണ് നിയുക്ത ഗവര്‍ണര്‍ പരിചയപ്പെട്ടത്.