Voice of Truth

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നേതൃത്വം കഠിന പ്രയത്നം നടത്തുമ്പോഴും കേരള പോലീസ് വരുത്തിവയ്ക്കുന്നത് വലിയ ദുഷ്പേരുകള്‍. നെടുങ്കണ്ടം കസ്റ്റഡി മരണം വിവാദമാകുമ്പോള്‍…

കോട്ടയം: കഴിഞ്ഞ പന്ത്രണ്ടാം തിയതിമുതല്‍ പോലിസ് പിടിയിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര്‍ പത്താം ദിവസമായ ഇരുപത്തിയൊന്നാം തിയതി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലിസ് കടുത്ത പ്രതിരോധത്തില്‍. പോലിസ് കസ്റ്റഡി അന്യായമെന്നും, രാജ്കുമാറിന് ക്രൂരമായ മര്‍ദ്ദനം ഏറ്റിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മരണത്തിനു ശേഷം, അഞ്ച് ദിവസത്തിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ചും, പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

പുറം ലോകത്തിന് മുന്നില്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തതും, ആഗോള സമൂഹത്തിനുമുന്നില്‍ നാം തലകുനിക്കേണ്ടി വരുന്നതുമായ പോലിസ് അതിക്രമത്തിന്റെ കഥകള്‍ കേരളത്തില്‍ അപൂര്‍വ്വമല്ല. കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന നീതിയുടെ കാര്യത്തില്‍ തികച്ചും വിപരീതമായ അനുഭവങ്ങളാണ് മറ്റു രാജ്യങ്ങള്‍ക്ക് വിവരിക്കാനുള്ളത്. തികച്ചും പ്രാകൃതവും, കുറ്റകരവുമാണ് ഇന്നും നമ്മുടെ നീതിപാലകര്‍ അനുവര്‍ത്തിക്കുന്ന ശൈലി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കൊല്ലപ്പെട്ട രാജ്‌കുമാർ പ്രതിയായത് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ്.

എന്നാല്‍, അനവധി സാധാരണക്കാര്‍ക്ക് പണം നഷ്ടപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ ഉന്നതരായ ചിലര്‍ ഉണ്ട് എന്ന വെളിപ്പെടുത്തലുകളുണ്ട്. ഈ സാഹചര്യത്തില്‍ പോലിസിന്റെ ഇടപെടലുകള്‍ സംശയാസ്പദമാണ് എന്ന് അനേകര്‍ ആരോപിക്കുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പോലിസ് വെളിപ്പെടുത്തുന്ന കണക്കുകള്‍ വ്യാജമാണ് എന്ന് മാധ്യമങ്ങള്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസ്തുത കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ടാം തിയതി രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും, പതിനഞ്ചാം തിയതി മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയ അയാളെ കോടതി റിമാന്റില്‍ നല്‍കുകയായിരുന്നു. ആ ദിവസങ്ങളില്‍ പലപ്പോഴായി ഗുരുതരമായി മാര്‍ദ്ദനമേറ്റ രാജ്‌കുമാറിന് പോലിസ് ആവശ്യമായ വൈദ്യ സഹായം നല്‍കിയിരുന്നില്ല. പതിനെട്ട്, പത്തൊമ്പത് തിയതികളിലായി കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തിച്ചിരുന്നുവെങ്കിലും ഓപിയില്‍ പരിശോധിപ്പിച്ച ശേഷം പോലിസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം തിരികെ കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തൊന്നാം തിയതിയോടെ മരണാസന്നനിലയിലെത്തിയ രാജ്‌കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

മരണത്തിനു മുമ്പുള്ള രാത്രി മണിക്കൂറുകളോളം വേദനിച്ചു നിലവിളിച്ച രാജ്‌കുമാറിനെ പോലിസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നു എന്ന് സഹതടവുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുടിക്കാന്‍ വെള്ളം പോലും നല്‍കുവാന്‍ അവര്‍ തയ്യാറായില്ല. ജയിലിലും രാജ്‌കുമാറിന് മര്‍ദ്ദനമേറ്റിരുന്നു എന്നും അവര്‍ പറയുന്നു. ജൂണ്‍ ഇരുപത്തൊന്നിന് യോഗദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ രാജ്‌കുമാറിനെ മരിച്ചുകിടക്കുന്ന നിലയിലാണ് മറ്റുള്ളവര്‍ കണ്ടതെന്ന് സഹതടവുകാരന്‍ കുമളി സ്വദേശി സുനില്‍ പറയുന്നു.

പോലിസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് നാട്ടുകാര്‍ രാജ്‌കുമാറിനെ കയ്യേറ്റം ചെയ്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതാണ്‌ മരണകാരണമായത് എന്ന വിശദീകരണം പോലീസിന്റെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നുവെങ്കിലും, അതില്‍ വാസ്തവമില്ല എന്ന്, സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസില്‍ പരത്തി നല്‍കിയ ആലീസ് എന്ന സ്ത്രീ പറയുന്നു. പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു എന്നാണ് ദൃക്സാക്ഷി കൂടിയായ അവരുടെ വാക്കുകള്‍. തന്റെ പരാതിയെ പോലീസ് വളച്ചൊടിക്കുകയാണ് എന്നും അവർ ആരോപിക്കുന്നു.

മാധ്യമങ്ങളുടെ ഇടപെടലുകളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്നത്, നെടുങ്കണ്ടത്ത് സംഭവിച്ചതിനു പിന്നില്‍ കേരള പോലീസിന്റെ കുറ്റകരമായ അനാസ്ഥയും, പോലിസ് സേനയിലെയും മറ്റുചില ഉന്നതരുടെയും ദുരൂഹമായ ഇടപെടലുകളുണ്ട് എന്നാണ്. രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നെടുങ്കണ്ടം കസ്റ്റഡിമരണ കേസ് രാഷ്ട്രീയമായ ചില വഴിത്തിരിവുകളിലേയ്ക്ക് എത്തിനില്‍ക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാന്‍ ആരംഭിച്ചിരിക്കുന്നു.

അപമാനകരമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും പരസ്പരം പഴിചാരലുകള്‍ക്കും മദ്ധ്യേ, യഥാര്‍ത്ഥ വിഷയം പലരും വിസ്മരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മനുഷ്യത്വരഹിതമായ ഇത്തരം സമീപനങ്ങള്‍ കളങ്കമായി മാറുന്നത് സര്‍ക്കാരിന് മാത്രമല്ല, ഈ സമൂഹത്തിനു മുഴുവനുമാണ്. സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനവും, ക്രൂരതകളും ഈ ആധുനിക സമൂഹത്തിന് പൊറുക്കാന്‍ കഴിയാത്തവിധമുള്ള നീതി നിഷേധവുമാണ് യഥാര്‍ത്ഥ വിഷയം. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകസമൂഹം നീതിപാലന പ്രക്രിയകളിൽനിന്ന് തൂത്തെറിഞ്ഞ കസ്റ്റഡി പീഡനങ്ങളും മരണങ്ങളും ഇന്നും കേരള പോലിസില്‍ പതിവ് സംഭവങ്ങളാണ്. ഈ അപമാനകരമായ യാഥാര്‍ത്ഥ്യം ഈ ലോകസമൂഹത്തിനു മുന്നില്‍ പലപ്പോഴും ചര്‍ച്ചാവിഷയമാണ്.

ഒരു അപരിഷ്കൃത, സംസ്കാരരഹിത സമൂഹം എന്ന് ലോകം നമ്മെ വിലയിരുത്താതിരിക്കട്ടെ.

Leave A Reply

Your email address will not be published.