സംസ്ഥാനത്തിന്റെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങുന്നതായി റിപ്പോർട്ട്.
കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലെല്ലാം തീര്‍പ്പു കല്പിക്കപ്പെട്ടത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ക്രമാതീതമായ ചെലവായിരുന്നു ഏറ്റവും പ്രധാനപ്പെട്ട തടസ്സം. ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന തീരുമാനത്തോടെ ദേശീയ പാത വികസനം ഇനി സുഗമമായി നടക്കും.
കഴിഞ്ഞ മാസം 15ന് ഗഡ്ഗരിയുമായി ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തടസ്സങ്ങള്‍ ഒഴിവാക്കാനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്വരമായ നടപടികളാണ് കൈക്കൊണ്ടത്. ഇന്നലെ പാര്‍ലമെന്റ് ഹൗസിലെ മന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ നടപടികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചു.
45മീറ്റര്‍ പാതയായി കേരളത്തിലെ ദേശീയപാത വികസിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരും ദേശീയപാത ഉദ്യോഗസ്ഥരും കേരളത്തില്‍ എത്തി നടപടി ക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. ഭൂമി ലഭ്യതയുടെ പ്രശ്‌നം കണക്കിലെടുത്ത് ഡിസൈനില്‍ പരമാവധി മാറ്റം വരുത്തി വരുത്തി ദേശീയപാത വികസനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ബൈപ്പാസിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതാണ്. ഇത് സംബന്ധിച്ച കരാര്‍ കഴിഞ്ഞ വര്‍ഷം തന്നെ നല്‍കിയിട്ടുള്ളതാണ്. ഈ പദ്ധതിക്ക് മറ്റ് തടസങ്ങളില്ല.
വടക്കഞ്ചേരി-തൃശൂര്‍ ആറു വരി പാതയിലെ കുതിരാന്‍ ടണല്‍ നിര്‍മ്മാണം സ്തംഭിച്ചിട്ട് കുറെ നാളുകളായി. കോണ്‍ട്രാക്ടര്‍ പണി ഉപേക്ഷിച്ചതാണ് പ്രധാന തടസ്സം. ഇക്കാര്യത്തില്‍ ബദല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ തടസങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും.