കോളേജ് രാഷ്ട്രീയം ഒരിക്കല്‍ക്കൂടി വെള്ളിത്തിരയിലെത്തുന്നു.
മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകമാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ വര്‍ഷമായിരുന്നു അഭിമന്യുവിനെ രാഷ്ട്രീയ എതിരാളികള്‍ വകവരുത്തിയത്. മലയാളികളുടെ നെഞ്ചില്‍ തീ കോരിയിട്ട ഒന്നായിരുന്നു ആ സംഭവം. അതേതുടര്‍ന്ന് ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമന്യുവിന്റെ അമ്മയുടെ കണ്ണീരണിഞ്ഞ വിലാപവാക്കുകള്‍ തന്നെയാണ് സിനിമയുടെ പേരും. നാന്‍ പെറ്റ മകന്‍.
ചിത്രത്തില്‍ അഭിമന്യു ആയി മിനോണ്‍ എത്തുന്നു. ശ്രീനിവാസന്‍, ജോയ് മാത്യു, സരയു, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സജി എസ് പലമേല്‍ ആണ് സംവിധായകന്‍.
ചിത്രത്തിന് വേണ്ടി മുരുകന്‍ കാട്ടാക്കട രചിച്ച്, ബിജിപാല്‍ ഈണം പകര്‍ന്ന ടൈറ്റില്‍ സോംഗ് വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രമേയത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉള്‍ക്കൊള്ളുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് പുഷ്പവതിയാണ്.
മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി, ശരമേറ്റു പിടയുന്നു കാടിന്റെ ഹൃദയം…
മലമുഴക്കിപ്പക്ഷി നിലവിളിക്കുന്നു, മലകളില്‍ തട്ടി അത് മാറ്റൊലിക്കുന്നു…
നാന്‍ പെറ്റ മകനേ…. നാന്‍ പെറ്റ മകനേ…
ഇങ്ങനെ തുടങ്ങുന്ന ആ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ ജൂലായില്‍ സംഭവിച്ച അഭിമന്യുവിന്റെ കൊലപാതകം കേരളത്തിലെ കാമ്പസ് കൊലപാതകങ്ങളില്‍ അവസാനത്തേതാണ്. അഭിമന്യു എന്ന യുവാവിന്റെ മരണം സാംസ്കാരിക കേരളത്തിന് സൃഷ്ടിച്ച ആഘാതം ചെറുതായിരുന്നില്ല. അവന്റെ കുടുംബ, ജീവിത സാഹചര്യങ്ങളും, വ്യക്തിത്വവും, മാതാപിതാക്കളും, അമ്മയുടെ കണ്ണീരുമെല്ലാം ഒരുപാട് ചര്‍ച്ചചെയ്യപ്പെടുകയും ക്യാമ്പസിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അനേകര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തിന്റെ കലാലയ രാഷ്ട്രീയത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണം എന്നാഗ്രഹിക്കുകയും വാദിക്കുകയും ചെയ്ത അനേകര്‍ക്ക് ഈ ചലച്ചിത്രം ശക്തി പകരുമെന്ന് കരുതാം. കലാലയ രാഷ്ട്രീയം ക്രിയാത്മകവും നന്മയിലും സ്നേഹത്തിലും സേവനസന്നദ്ധതയിലും വേരുറച്ചതും ആവണമെന്നും, അപ്രകാരമല്ലാത്ത പ്രത്യയ ശാസ്ത്രങ്ങള്‍ കലാലയങ്ങളുടെ മതില്‍കെട്ടിന് വെളിയില്‍ നിര്‍ത്തണമെന്നുമുള്ള സന്ദേശം കേരളത്തിന് നല്‍കാന്‍ ഈ ചലച്ചിത്രത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം.