Voice of Truth

വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍. കലാലയങ്ങളിലെ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണമോ?

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് നെഞ്ചില്‍ കുത്തേല്‍ക്കുന്ന സാഹചര്യത്തില്‍ എത്തിയതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും എസ്എഫ്ഐക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സഹപാഠിയെ മർദ്ദിച്ചത് ചോദ്യം ചെയ്ത അഖിൽ എന്ന വിദ്യാർത്ഥിയ്ക്കാണ് കുത്തേറ്റത്.

കഴിഞ്ഞ കുറെ നാളുകളായി വിദ്യാര്‍ത്ഥി നേതാക്കളെ കൊണ്ട് തങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് പൊതു നിരത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും, അനാവശ്യകാര്യങ്ങള്‍ക്ക് പോലും കയ്യേറ്റം നടത്തുകയും ക്യാമ്പസിലെ സമാധാനം നശിപ്പിക്കുകയുമാണ് കഴിഞ്ഞ കുറേ കാലങ്ങളായി വിദ്യാര്‍ഥി നേതാക്കള്‍ ചമഞ്ഞ് ചിലര്‍ ചെയ്തുവന്നിരുന്നത് എന്ന് അവര്‍ പറയുന്നു. തങ്ങളുടെ യൂണിറ്റ് ഓഫീസുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എസ് എഫ് ഐ യൂണിറ്റിനു മുന്നില്‍ വച്ച് പാട്ട് പാടി എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ആദ്യഘട്ടത്തില്‍ കയ്യേറ്റം നടന്നിരുന്നു. എന്നാല്‍, അതേത്തുടര്‍ന്ന് ഇന്ന് നടന്ന സംഭവം ബൈക്ക് റേസ് ചെയ്തതിന്റെ പേരിലായിരുന്നു ആരംഭിച്ചതെന്നും പറയപ്പെടുന്നു. തങ്ങളുടെ കൂട്ടത്തില്‍ ഒരുവന്റെ ജീവനെടുക്കുവാന്‍ പോലും അക്രമികള്‍ തുനിഞ്ഞതിനെ തുടര്‍ന്ന് സഹികെട്ട വിദ്യാര്‍ത്ഥികള്‍ സംഘടനയ്ക്കെതിരെ പ്രതിഷേധം നടത്തുകയും സംഘടനയുടെ യൂണിറ്റ് ഓഫീസ് പിടിച്ചെടുക്കുവാന്‍ ഒരുങ്ങുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ സംഘടനാ പ്രതിനിധികള്‍ രംഗത്ത് വന്നതോടെ വീണ്ടും സംഘര്‍ഷം അരങ്ങേറി. അഡ്മിഷന്‍റെ തിരക്കിലായിരുന്നതിനാല്‍ ഈ സംഭവങ്ങള്‍ താന്‍ അറിഞ്ഞില്ല എന്നാണ് പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്സ് വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. പരിക്കിനെ തുടര്‍ന്ന് അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലിന് രണ്ട് കുത്തേറ്റതായും ഒരു മുറിവിന് ആഴമുണ്ടെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, അപകട നില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അഖിൽ മുമ്പും കാമ്പസിൽ അക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പിതാവ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുനിന്നുള്ള അക്രമികളും എത്തിച്ചേര്‍ന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമം അരങ്ങേറിയത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. മുമ്പ് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികൂടിയാണ് നസീം. ഇന്ന് കാമ്പസില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്കെതിരെ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്തു.

കലാലയങ്ങളിലെ കൊലപാതക രാഷ്ട്രീയം ഇനിയും തുടരണമോ?

കലാലയ രാഷ്ട്രീയം കലാപ രാഷ്ട്രീയമായി മാറിയിട്ടുള്ള അനുഭവങ്ങള്‍ കേരളത്തില്‍ എണ്ണമറ്റതാണ്. നിയമപാലന സംവിധാനങ്ങള്‍ക്കും കോടതിക്കും കലാലയ രാഷ്ട്രീയം പതിവായി തലവേദന സൃഷ്ടിക്കുന്നു. കോടതികൾ പലപ്പോഴും കലാലയത്തിലെ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുകയുണ്ടായിട്ടുണ്ട്. രൂക്ഷ വിമര്‍ശനങ്ങളോടെ 2017 ഒക്ടോബറില്‍ ഹൈക്കോടതി രംഗത്ത് വരികയും നിരോധനത്തിനുള്ള ഉത്തരവ് നല്‍കുകയും ചെയ്തത് ഉദാഹരണമാണ്. അതിനു മുമ്പും ശേഷവും, കലാലയ രാഷ്ട്രീയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കോടതി രംഗത്ത് വന്നിട്ടുണ്ട്. 2017 ഒക്ടോബര്‍ പതിമൂന്നിന് കലാലയ രാഷ്ട്രീയം പഠനത്തിനുള്ള അന്തരീക്ഷം തകര്‍ക്കുന്നുവെന്ന് ആരോപിച്ച കോടതി, സമാധാനപരമായ കലാലയ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് എന്ന് കടുത്ത ഭാഷയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ചുരുങ്ങിയ കാലങ്ങള്‍ക്കിപ്പുറം പൂര്‍വ്വാധികം സ്വാതന്ത്ര്യത്തോടെ കലാലയത്തില്‍ തിരിച്ചെത്തിയ രാഷ്ട്രീയം വീണ്ടും കാട്ടാള വേഷം ധരിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നാം പലത് കണ്ടു കഴിഞ്ഞു. മഹാരാജാസിലെ അഭിമന്യുവിന്റെ മരണം കേരളത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. തുടര്‍ന്ന് കേവലം ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ന് വീണ്ടും കാമ്പസില്‍ രക്തം വീണിരിക്കുന്നത്. എല്ലായ്‌പ്പോഴും, കലാലയ രാഷ്ട്രീയത്തിന്റെ മറവില്‍ കാമ്പസിനുള്ളില്‍ അക്രമിസംഘങ്ങളെ വളര്‍ത്തുന്നത് മാതൃ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് എന്നതാണ് വാസ്തവം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ആയുധങ്ങളായി കലാലയങ്ങളെയും, കുട്ടി നേതാക്കളെയും പാര്‍ട്ടികള്‍ ദുരുപയോഗിക്കുന്നതും പതിവാണ്.

ദുരനുഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയതിനെതിരെയുള്ള പൊതുവികാരം ശക്തിപ്പെടുകയാണ്‌. കലാലയത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് കലാലയരാഷ്ട്രീയത്തിന് ക്രിയാത്മകമായ പാത തുറന്നുകൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ്. അതിന് ഇനിയും കഴിയാത്ത പക്ഷം, കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കോടതിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതാവും ഉചിതം.

Leave A Reply

Your email address will not be published.