Voice of Truth

മുഖ സൗന്ദര്യത്തിന് പരിധികളില്ലാതെ…

കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടന്നാലും തലതിരിഞ്ഞുകിടന്ന് സുഖപ്രസവം സാധ്യമാകാതെ വന്നാലും സിസേറിയന്‍ അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാലും ‘ഏങ്ങനെയെങ്കിലും എന്റെ ഡോക്ടറെ, ഈ ഓപ്പറേഷന്‍ ഒന്ന് ഒഴിവാക്കിത്തരണം’ എന്ന് അഭ്യര്‍ത്ഥിക്കുന്ന അമ്മമാരെയും ബന്ധുക്കളെയും സ്ഥിരം കണ്ടുമുട്ടാറുണ്ട്. ശരീരത്തില്‍ മാരകമായ അവസ്ഥ വന്ന് മരുന്നുകൊണ്ട് മാറുന്നില്ലെങ്കില്‍ മാത്രമേ മിക്കവരും ശസ്ത്രക്രിയയ്ക്കു വിധേയമാകാറുള്ളൂ. പക്ഷെ സൗന്ദര്യ വര്‍ദ്ധനവിനായി ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്ന പ്രവണത ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരെയധികം കൂടുതലാണ്. പണ്ടൊക്കെ സിനിമാനടികള്‍ മൂക്കിന്റെ ഷേപ്പ് ശരിയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്‌തെന്നു കേട്ടിട്ടുണ്ട്. കൗമാരപ്രായത്തില്‍ പ്ലാസ്റ്റിക് സര്‍ജറി എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് മേല്‍പ്പറഞ്ഞ സന്ദര്‍ഭത്തിലായിരുന്നു. അതിനാല്‍ സൗന്ദര്യവര്‍ദ്ധനവിനു ചെയ്യപ്പെടുന്ന സര്‍ജറികളാണ് പ്ലാസ്റ്റിക് സര്‍ജറികളെന്ന് എന്റെയുള്ളില്‍ ഒരു ചിന്ത അന്നുമുതല്‍ രൂഢമൂലമായിരുന്നു. മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ അവസാനവര്‍ഷമാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗമൊക്കെ പരിചയപ്പെടുന്നത്. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ചില ജന്‍മവൈകല്യങ്ങളുടെ ചികിത്സയും (മുച്ചുണ്ട്, മുക്കിറി) പൊള്ളലേറ്റവരുടെ ചികിത്സയും അപകടത്തില്‍പ്പെട്ടവരുടെ റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറിയും മറ്റുമായിരുന്നു. എന്നാല്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന് തെറ്റിദ്ധരിച്ച ഞാന്‍ അവിടെ സിനിമാനടികളോ ചാനല്‍ അവതാരകരോ സൗന്ദര്യവര്‍ദ്ധക സംവിധാനം അന്വേഷിച്ചു വരുന്നുണ്ടോയെന്ന് എന്റെ കണ്ണുകള്‍ തേടിയിരുന്നു.

മുഖത്തിന്റെ ഷേപ്പ് ഏതാണ്ട് ഒരേ പോലെയിരിക്കുന്ന ചൈനക്കാര്‍ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ ചെയ്യിയ്ക്കുവാന്‍ പ്രവണത കൂടുതല്‍ കാണിക്കുന്നു. നിലവില്‍ ഇത്തരം 10,000ലധികം ക്ലിനിക്കുകള്‍ ചൈനയിലുണ്ടത്രെ. വര്‍ഷം തോറും 30% അധികം ക്ലിനിക്കുകള്‍ പുതിയതായി തുടങ്ങുന്നു. നല്ല വരുമാനം ലഭിക്കുന്നതു കൊണ്ടാണല്ലോ അനേകം ക്ലിനിക്കുകള്‍ പുതിയതായി തുടങ്ങുന്നതും.
400 ബില്യണ്‍ യുവാന്റെ (4,13,160 കോടി രൂപ) ശസ്ത്രക്രിയകളാണ് വര്‍ഷം തോറും ആ രാജ്യത്ത് നടക്കുന്നത്. 2019ല്‍ 800 കോടി യുവാന്റെ ആദായമുണ്ടാക്കി കോസ്മറ്റിക് സര്‍ജറി മാര്‍ക്കറ്റില്‍ ലോകത്തെ മൂന്നാം സ്ഥാനത്തെത്താന്‍ ചൈന വെമ്പുകയാണ്. നിലവില്‍ ഒന്നാം സ്ഥാനം യു.എസും രണ്ടാമത് ബ്രസീലുമാണ്. ഏകദേശം 70 ലക്ഷം ചൈനക്കാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൂട്ടുന്നു. കൂടുതലും സ്ത്രീകളാണ് ഉപഭോക്താക്കള്‍. കണ്ണുകള്‍ക്കും മൂക്കിനും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ശസ്ത്രക്രിയകള്‍ക്കാണ് ഡിമാന്റ് അധികവും.സ്തനാകൃതിക്കും, അധരഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും ക്ലിനിക്കിലെത്തുന്നവരും കുറവല്ലാ. ഇതിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങളും ധാരാളമുണ്ട്. മതിയായ നിയമപരിരക്ഷ ഇല്ലാത്തതിനാല്‍ വ്യാജന്‍മാരും രംഗം കീഴടക്കുന്നു.

ഇന്ന് അനേകം പെണ്‍കുട്ടികള്‍ സിനിമാ, ചാനല്‍ മേഖലകളില്‍ കയറിപ്പറ്റാന്‍ ഒരുപാട് സൗന്ദര്യവര്‍ദ്ധകരീതികള്‍ അവലംബിക്കുവാന്‍ തയ്യാറാകുന്നു. ഭീമമായ പണം മുടക്കി മുഖം മിനുക്കാനും കലകള്‍ കളയാനും വന്‍കിട ബ്യൂട്ടിപാര്‍ലറുകളെ സമീപിക്കുന്നു. ഇതിനുള്ള പണം കണ്ടെത്താന്‍ സ്വന്തം ശരീരം വരെ വില്‍ക്കാന്‍ തയ്യാറാകുന്നത് ഇന്ന് പുത്തരിയല്ലാ. മുടി വടിപോലെ നീട്ടി ന്യൂജന്‍ സ്റ്റൈലില്‍ നടക്കുന്നത് പെണ്‍കുട്ടികളുടെ ഹരമാണ്. ആണ്‍കുട്ടികളും മുടി നീട്ടിവളര്‍ത്തി കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നതും നഗരങ്ങളില്‍ സാധാരണമായിരിക്കുന്നു. മുഖത്തിന്റെ സൗന്ദര്യത്തേക്കാളുപരി ഹൃദയസൗന്ദര്യം ആര്‍ജ്ജിക്കുവാനാണ് നാം ശ്രമിക്കേണ്ടത്.

ബീച്ചു കാണിക്കാമെന്നും സിനിമായ്ക്കു കൊണ്ടുപോകാമെന്നും ഐസ് ക്രീം വാങ്ങിത്തരാമെന്നും പറഞ്ഞ് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ വശീകരിച്ചു കൊണ്ടുപോകുമ്പോള്‍ അതിന്റെ പുറകിലെ ചതി മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പെണ്‍കുട്ടികള്‍ക്കു ലഭിക്കാനായി നമുക്കു പ്രാര്‍ത്ഥിക്കാം.

Leave A Reply

Your email address will not be published.