വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുക എന്ന നിലപാട് ദീർഘകാലമായി സ്വീകരിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ ആ നിലപാട് ശക്തമാക്കിയിരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് ഈ നിലപാട് അവതരിപ്പിച്ചത്. കഴിഞ്ഞ 11, 12 തിയ്യതികളിലായിരുന്നു യോഗം ചേർന്നത്.
ഈ നയത്തോട് ആരംഭം മുതലുള്ള കേരളത്തിന്റെ എതിർപ്പ് ഇപ്പോഴും തുടരുകയാണ്. എന്നാൽ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പകരം പങ്കെടുത്ത സംസ്ഥാന സർക്കാർ പ്രതിനിധികള്‍ കേന്ദ്ര നിര്‍ദേശത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി എന്നാണ് റിപ്പോർട്ട്.
സംസ്ഥാന വൈദ്യുതി ബോർഡുകൾ മറ്റ് സ്വകാര്യ ഏജൻസികൾക്ക് മൊത്തവിതരണം നടത്തുകയും, ഈ സ്വകാര്യ ഏജൻസികൾ വൈദ്യുതി വിതരണം നടത്തുകയും ചെയ്യുക എന്നതാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ആശയം. കഴിഞ്ഞ യോഗത്തിൽ കേന്ദ്ര മന്ത്രി ആര്‍കെ സിങ് ഈ നിലപാട് ആവർത്തിച്ചിരുന്നു. ഈ സംവിധാനം നിലവിൽവന്നാൽ കെഎസ്ഇബിയുടെ പ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കും.
വൈദ്യുതി നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചേക്കാനുള്ള സാധ്യതയാണ് പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമാകും എന്ന മറുവാദം കേന്ദ്രം ഉന്നയിക്കുന്നു.
വൈദ്യുതി വിതരണ മേഖലയിലെ സ്വാകാര്യവത്കരത്തിന് നിയമനിര്‍മ്മാണം വന്നാല്‍ കേരളത്തിനും മാറിനില്‍ക്കാനാവില്ല. വൈദ്യുതി വിതരണത്തിൽ കെഎസ്ഇബിക്കുള്ള നിയന്ത്രണം നഷ്ടപ്പെട്ടാൽ കേരള ജനയ്ക്ക് അത് കനത്ത പ്രഹരമായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.