click to play the video
സ്‌കൂള്‍ കലോത്സവത്തിന് തിരശീല ഉയര്‍ന്ന നാളുകളാണിത്. പന്തീരായിരത്തിലേറെ കുട്ടികളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരച്ചത്. അനേകനാളുകളായി കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത കഴിവുകള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കാനെത്തിയ എല്ലാ കലാകാരന്മാര്‍ക്കും സിഗ്നല്‍ ടിവിയുടെ അഭിനന്ദനങ്ങള്‍.
239 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ എല്ലാവര്‍ക്കും വിജയിക്കാനാവില്ലല്ലോ.. ചിലരെങ്കിലും ജഡ്ജസിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തവരുടെ നിരയിലാകുന്നത് സ്വഭാവികം.
അവരോട് മാത്രമായി ഒരു കാര്യം പറയട്ടെ. കഠിനമായി നിങ്ങള്‍ പരിശ്രമിച്ചു. എന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല എന്ന വിലയിരുത്തലുണ്ടാകുമ്പോള്‍ അതില്‍ മനം മടുക്കരുത്. കാരണം ജീവിതത്തില്‍ വിജയങ്ങള്‍ മാത്രമല്ലല്ലോ ഉള്ളത്. പരാജയങ്ങളും അതിന്റെ ഭാഗമാണ്.
എണ്ണിയാലൊടുങ്ങാത്ത പരാജയങ്ങളിലൂടെയും പീഡാസഹനങ്ങളിലൂടെയും കടന്നുപോയിട്ടും വിജയതിലകമണിഞ്ഞ ഏതാനും പേരെ പരിചയപ്പെടൂ. തുടര്‍ച്ചയായി പരാജയങ്ങളുണ്ടായിട്ടും അതിലൊന്നിലും അവര്‍ തെല്ലും പതറിയില്ല, കുലുങ്ങിയില്ല. മാത്രമല്ല ആ പ്രതികൂലങ്ങളെ അവര്‍ അനുകൂലങ്ങളാക്കി മാറ്റുകയും ചെയ്തു. സിഗ്നല്‍ ന്യൂസ് ഡെസ്‌ക് തയാറാക്കിയ റിപ്പോര്‍ട്ട്.
ഇത് നൂര്‍ ജലീല. വൈകല്യം തീര്‍ത്ത പരിമിതികള്‍ കഠിനാധ്വാനത്തിന്റെ പിന്‍ബലത്തില്‍ മാറ്റിമറിച്ചതാണ് ഈ പെണ്‍കുട്ടിയെ വേറിട്ടതാക്കന്നത്. ദൈവം അനുഗ്രഹിച്ചിട്ടും പരാതിപറയാന്‍ മാത്രം ശീലിച്ച സമൂഹത്തിന്റെ പൊതുബോധത്തോടാണ് ഇന്ന് അവളേറ്റുമുട്ടുന്നത്. ബാല്യത്തില്‍ ഒരിക്കല്‍ അവള്‍ ചോദിച്ചു; എല്ലാവര്‍ക്കും കൈമുട്ട് കഴിഞ്ഞ് നീളവും അഞ്ച് വിരലുകളും കാല്‍പാദവും ഒക്കെ ഉള്ളപ്പോള്‍ എനിക്ക് മാത്രമതൊന്നും ഇല്ലാത്തതെന്താ? അന്ന് അതിന് ഉത്തരം പറഞ്ഞത് അവളുടെ ഉപ്പയായിരുന്നു, ഏതാനും പഴയ പത്രങ്ങള്‍ എടുത്തുകൊണ്ടുവന്ന് അതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ, പരാജയപ്പെട്ടവരുടെ, അംഗപരിമിതരുടെ ചിത്രങ്ങളും വാര്‍ത്തകളും കാണിച്ചിട്ട് അവളോട് ചോദിച്ചു; ഈ ലോകത്ത് നീ മാത്രമാണോ ഇങ്ങനെയുളളത്. അല്ല, എന്ന് അവള്‍ മറുപടി പറഞ്ഞു. പിന്നീട് അവളുടെ ഓരോ ചോദ്യത്തിനും ഉപ്പ മറുപടി നല്‍കി. അപ്പോള്‍ നൂര്‍ ഇങ്ങനെ സ്വയം പറഞ്ഞു. എനിക്ക് അവരെക്കാള്‍ ഒരുപടി മുന്നോട്ടുപോകാന്‍ സാധിക്കില്ലേ? ആ ആത്മവിശ്വാസത്തിലാണ് പിന്നീട് ‘നൂര്‍’ വളര്‍ന്നത്.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ്? സ്‌കൂള്‍ കുട്ടികള്‍ക്കായി ഐ.സി.എസ്.എസി നടത്തിയ അഖിലേന്ത്യ ചിത്രരചന മത്സരത്തില്‍ പങ്കെടുത്തതും ഒന്നാംസ്ഥാനം നേടിയതും പിന്നീടങ്ങോട്ട് അവള്‍ ശാരീരികമായ എല്ലാ പ്രതിസന്ധികളോടും പോരാടി മുന്നോട്ടുപോയി. പിന്നാലെ പല അംഗീകാരങ്ങളും അവളെ തേടിവന്നു.
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ നൂറിന് സിവില്‍ സര്‍വിസ് നേടി ഇന്ത്യയിലെ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും സേവനം ചെയ്യാനാണിഷ്ടം.
ഇതൊരു കൈകളില്ലാത്ത പെണ്‍കുട്ടിവരച്ച ചിത്രങ്ങളാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
അതെ, സ്വപ്‌ന അഗസ്റ്റിന്‍ എന്നൊരു യുവതി തന്റെ കാലുകൊണ്ട് വരച്ച ചിത്രങ്ങളാണിത്. എല്ലാ പ്രതിബന്ധങ്ങളെയും തോല്പിച്ച ഈ യുവതി വരകളുടേയും വര്‍ണ്ണങ്ങളുടേയും ലോകം കൊണ്ട് വൈകല്യത്തിനുമേല്‍ പാലമിട്ട് പ്രകൃതിയോട് സംവദിക്കുന്നു. ഇതേവരെ രണ്ടായിരത്തോളം ചിത്രങ്ങള്‍ ഇവള്‍ വരച്ചിട്ടുണ്ട്. ജന്മനാ കൈകളില്ലെങ്കിലും പ്രവര്‍ത്തി ചെയ്യുവാന്‍ കാലുകള്‍ തന്നെ ധാരാളം എന്ന മട്ടിലാണ് ചിത്രരചന.
പത്ത് വര്‍ഷമായി കാലുകൊണ്ട് ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട്. കാലു കൊണ്ട് തന്നെ അനായാസം ടച്ച് മൊബൈല്‍ ഉപയോഗിക്കുവാനും കോതമംഗലം പോത്താനിക്കാട് സ്വദേശിനിയായ സ്വപ്നക്ക് കഴിയും. ചങ്ങനാശേരിയിലെ സ്‌കൂളിലാണ് ആദ്യകാല വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടത്തിയ ചിത്ര പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സ്യകന്യക, ഉണ്ണിയേശു, മാലാഖമാര്‍, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, പ്രകൃതിദൃശ്യങ്ങള്‍, പുരാണ കഥാപാത്രങ്ങള്‍ എന്നിവയെല്ലാം എത്ര മനോഹരമായിട്ടാണ് സ്വപ്‌ന വരയ്ക്കുന്നത്.
പ്രകൃതിയാണ് തനിക്ക് പ്രചോദനമെന്നും പ്രകൃതിയില്‍ കാണുന്ന ദൃശ്യങ്ങള്‍ വര്‍ണ്ണം ചാലിച്ച് വരയ്ക്കുമ്പോഴാണ് തനിക്ക് എറെ സംതൃപ്തി ലഭിക്കുന്നതെന്നും സ്വപ്ന പറയുന്നു. ജൈവ പ്രകൃതിയിലെ ലാസ്യ ഭാവങ്ങളിലാണ് ഈ ചിത്രകാരിക്ക് ഏറെ കമ്പമെന്ന് പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ ബോധ്യപ്പെടും. 700 അംഗങ്ങളുള്ള വൈകല്യം ബാധിച്ചവരുടെ ലോക സംഘടനയായ മൗത്ത് ആന്റ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്സ് അസോസിയേഷനില്‍ കേരളത്തില്‍ നിന്നുള്ള ആറു പേരില്‍ ഒരാളാണ് സ്വപ്ന.
ഭാരതത്തില്‍ നിന്ന് 20 പേരാണ് സംഘടനയിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് അച്ഛന്‍ അഗസ്റ്റിന്‍ മരിച്ചതോടെ ചിത്രപ്രദര്‍ശനത്തിന് അമ്മ സോഫിയാണ് കൂട്ട്.
ഓസ്‌ട്രേലിയക്കാരന്‍ നിക് വുജിക്കിനെക്കുറിച്ച് കൂടി കേള്‍ക്കുക. പരിശ്രമശീലത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ജീവിതം. കഠിന പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടെയും കറകളഞ്ഞ ദൃഷ്ടാന്തമാണ് നിക് .
1982-ല്‍ ഡിസംബര്‍ നാലിന് മെല്‍ബണില്‍ ജനിക്കുമ്പോള്‍ നിക് വെറുമൊരു മാംസപിണ്ഡം മാത്രമായിരുന്നു. കൈയും കാലുമില്ലാത്ത വികൃതരൂപം. ലോകത്തിന്റെ ദൃഷ്ടിയില്‍ കൊന്ന് വലിച്ചെറിയേണ്ടുന്ന ബീഭത്സരൂപം. എന്നാല്‍ ദൈവം നൈക്കിനെ സ്‌നേഹിച്ചു. മാതാപിതാക്കളും. അവര്‍ അവനെ സ്‌കൂളിലയച്ചു. നൈക്ക് എല്ലാ പ്രതിബന്ധങ്ങളോടും പോരാടി ഉയരങ്ങളിലെത്തിയിരിക്കുന്നു. ലോകം മുഴുവന്‍ അവന്‍ ഓടി നടക്കുന്നു. പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടികളെന്ന് ലോകത്തോട് പ്രഘോഷിക്കുന്നു. അനേകര്‍ക്ക് ജീവിതത്തിന്റെ തെളിഞ്ഞ ചിത്രമാണിവര്‍ നല്‍കുന്നത്.
പരാജയങ്ങള്‍ നേരിട്ടപ്പോള്‍ പേടിച്ചോടിയിരുന്നെങ്കില്‍ ലോകം ആദരിക്കുന്ന ഒരു എബ്രഹാം ലിങ്കണ്‍ ഉണ്ടാകുമായിരുന്നില്ല. പ്രതീക്ഷച്ചപ്പോഴെല്ലാം വിജയങ്ങളായിരുന്നെങ്കിലും അങ്ങനെതന്നെ. എന്നാല്‍ പ്രതിബന്ധങ്ങളോടുള്ള ഉറച്ച പോരാട്ടമാണ് അദ്ദേഹത്തെ ലോകത്തിന് മുന്നില്‍ ആദരണീയനാക്കിയത്. സാധാരണ ഒരാള്‍ നേരിടുന്നതിനേക്കാള്‍ ഇരട്ടി പ്രതിബന്ധങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതില്‍ മനം പതറാതെ നിലനിന്നു എന്നതാണ് ലിങ്കന്റെ വിജയം. 21-ാം വയസിലാണ് അദ്ദേഹം ബിസിനസില്‍ പരാജയപ്പെട്ട് വെറും’സീറോ’യായത്. രാഷ്ട്രീയത്തില്‍ അരക്കൈ നോക്കാമെന്നുവെച്ച് 22-ാം വയസില്‍ നിയമസഭയിലേക്ക് ലിങ്കണ്‍ മത്സരിച്ചു. അവിടെ ദയനീയ തോല്‍വി. 34-ഉം 36-ഉം വയസില്‍ വീണ്ടും വീണ്ടും മത്സരിച്ചു, ജയിച്ചില്ല. സെനറ്റില്‍ രണ്ടു പ്രാവശ്യവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഒരു തവണയും മത്സരിച്ചു. അവിടെയും പരാജയമായിരുന്നു. അവസാനം 52-ാം വയസില്‍ അമേരിക്കന്‍ പ്രസിഡന്റായി ഉയര്‍ത്തപ്പെട്ടു.
കിടക്കയില്‍ തീരെ അവശനായി വിശ്രമിക്കുമ്പോഴാണ് ഇം ഗ്ലീഷ് സാഹിത്യത്തിലെ അതുല്യപ്രതിഭ ആര്‍.എല്‍.സ്റ്റീവന്‍ സണ്‍ ‘ട്രഷര്‍ ഐലന്റ്’, ബ്ലാക്ക് ആരോ എന്നിവ രചിക്കുന്നത്. ജോര്‍ജ് ബേണ്‍സിന് ചലച്ചിത്രാഭിനയത്തിന് അവാര്‍ഡ് ലഭിക്കുന്നത് എണ്‍പതാമത്തെ വയസിലാണ്. ലിയോ ടോ ള്‍ സ്റ്റോയിയാകട്ടെ, ഇതേ പ്രായത്തില്‍ ‘ഐ കെനോട്ട് ബി സൈലന്റ്’ എന്ന ഗ്രന്ഥം രചിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ‘ഇംഗ്ലീഷ് ജനതയുടെ ചരിത്രം’ എന്ന ഗ്രന്ഥമെഴുതിയത് ഇതേ പ്രായത്തിലാണ്. 90 വയസുള്ളപ്പോഴാണ് ഡോ.ആല്‍ബര്‍ട്ട് ഷൈ്വ റ്റ്‌സര്‍ ആഫ്രിക്ക സന്ദര്‍ശിക്കുന്നത്. 91-ാം വയസില്‍ പാബ്ലോപിക്കാസോയുടെ ചിത്രങ്ങള്‍ ഖ്യാതി നേടി. ജോര്‍ജ് ബര്‍ണാഡ് ഷാ ഇതേ പ്രായത്തിലും നാടകങ്ങള്‍ രചിക്കുന്നുണ്ടായിരുന്നു. റസല്‍ ലോകസമാധാനത്തിന് തുടക്കമിട്ടത് 94-ാമത്തെ വയസിലാണ്.
പ്രതിസന്ധികളിലൂടെ തന്നെയാണ് ഇവരുടെ ജീവിതങ്ങളെല്ലാം കടന്നുപോയത്. എന്നാല്‍ അവര്‍ അതിനെ നേരിട്ട രീതിയാണ് അവരുടെ വിജയങ്ങള്‍ക്ക് വഴിത്തിരിവായത്. ഉത്സാഹവും അധ്വാനശീലവും പരിശ്രമവുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും നേരിട്ട് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയും. മനസില്‍ നിന്നും നിഷേധചിന്തകള്‍ ഒഴിവാക്കുക അതാണ് ഏറ്റവും പ്രാഥമികമായ പടി. രര്‍ത്ഥത്തില്‍ വിജയത്തിലേക്കുള്ള ഏണിപ്പടി തുടങ്ങുന്നത് പരാജയത്തില്‍ നിന്നാണ്. അവയില്‍ നിന്നും പാഠം പഠിച്ച് പുതിയ അര്‍ത്ഥതലങ്ങളിലേക്ക് ജീവിതത്തെ നയിക്കുന്നവര്‍ക്കാണ് വിജയം. മത്സരത്തിനായി ഒരുങ്ങി വന്നവരേ നിങ്ങളിനി തെല്ലും പേടിക്കണ്ട.. കാരണം പരാജയമാണ് വിജയത്തിന്റെ ചവിട്ടുപടി. എല്ലാവര്‍ക്കും വിജയാശംസകള്‍.