Voice of Truth

അമ്മയെ ആട്ടിപ്പുറത്താക്കുന്നതാരാണ്?

ഇന്ന് അമ്മയെ വീട്ടില്‍ നിന്ന് ഇന്ന് ആട്ടിപുറത്താക്കുന്നവരൊക്കെ വിവരമില്ലാത്തവരും വിദ്യാഭ്യാസമില്ലത്തവരുമാണെന്ന് ധരിക്കരുത്. അവരൊക്കെ വലിയ ബഹുമതികളുടെ അക്ഷരക്കൂട്ടങ്ങള്‍ സ്വന്തം പേരിന് പിന്നില്‍ എഴുതിവെക്കുന്നവരും ഉന്നതസോപാനങ്ങളില്‍ കഴിയുന്നവരുമാണ്. എന്നാല്‍ സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ വേണ്ടത് സമ്പത്തല്ല, ആത്മജ്ഞാനമാണ്. സ്‌നേഹത്തിന്റെ ജ്ഞാനമാണ്.

പ്രവാചകന്‍ നബിയെ കാണാന്‍ ഒരാളെത്തി. അയാള്‍ ചോദിച്ചു. ഞാന്‍ ഏറ്റവും നന്നായി പെരുമാറേണ്ടത് ആരോടാണ്? നബി പറഞ്ഞു. ‘നിന്റെ ഉമ്മയോട്.’ അയാള്‍ തുടര്‍ന്ന് ചോദിച്ചു: ‘പിന്നെ ആരോട്?’ നബി മറുപടി പറഞ്ഞു: ‘നിന്റെ ഉമ്മയോട്.’ അയാള്‍ ഇതേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. നബിയുടെ പഴയ മറുപടിക്ക് മാറ്റമില്ല. നാലാം തവണയും അദേഹം ഈ ചോദ്യം ഉരുവിട്ടപ്പോള്‍ നബിപറഞ്ഞു: ‘നിന്റെ ഉപ്പയോട്.’

ഉപ്പയെക്കാള്‍ ആദ്യത്തെ മൂന്ന് സ്ഥാനം നബി ഉമ്മക്ക് നല്‍കി. പിതാവ് സഹിക്കാത്ത മൂന്ന് കാര്യങ്ങള്‍ മാതാവ് സഹിച്ചു എന്നതിനാലാണത്. ഗര്‍ഭം ചുമന്നു, പ്രസവിച്ചു, മുലയൂട്ടി വളര്‍ത്തി. ഈ മൂന്നു കാര്യങ്ങള്‍ പിതാവിനു കഴിയാത്തതാണ്. അതിനാലാണ് മാതാവിന് ആദ്യ മൂന്നു സ്ഥാനം. മൂന്നുവട്ടം മാതാവും നാലാമത് മാത്രം പിതാവും കടന്നുവരുന്ന വ്യാഖ്യാനമില്ലാത്ത സുകൃതത്തിന്റെ പേരാണ് അമ്മ.

അമ്മയെ വീട്ടില്‍നിന്നും ആട്ടിപ്പുറത്താക്കുമ്പോള്‍ ഈ ലോകത്തിലെ ഓരോ മനുഷ്യനും ചിന്തിക്കാന്‍ കഴിയട്ടെ, ഒമ്പതരമാസത്തോളം നീ നിന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ കഴിഞ്ഞ സമയത്തെക്കുറിച്ച്. അന്ന് നിന്റെ ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാന്‍ അമ്മയുടെ ശരീരത്തില്‍ നിന്നൊരു കേബിള്‍ വയറിട്ട് നല്‍കിയിരുന്നു, നിന്റെ ദേഹത്തേക്ക്. ആ കേബിള്‍ വയറിലൂടെ നിനക്ക് ആഹാരം നല്‍കിയിരുന്നു, അതിലൂടെയാണ് നീ ശ്വസിച്ചത്. അതിലൂടെയാണ് നീ പോഷകാംശം സ്വീകരിച്ചത്. നീ ജനിച്ച് വിദ്യനേടി ആകാശം മുട്ടുന്ന ആളായി വളരുമ്പോഴും നിന്റെ മാറത്ത് അതിന്റെയൊരു മുദ്ര ബാക്കിവെണമെന്ന് ദൈവം തീരുമാനിച്ചു. അതാണ് പൊക്കിള്‍ക്കൊടി. മാതാവിനെ ചവിട്ടാന്‍ കാലോങ്ങുന്നവന്റെ മാറിലിരുന്ന് ഈ മുദ്ര തേങ്ങണം. അമ്മയുടെ ഒമ്പതരമാസത്തെ ജീവത്യാഗത്തിന്റെ മുദ്ര മരണംവരെ അവന്റെ ദേഹത്ത് കിടക്കണമെന്ന് സര്‍വ്വേശ്വരന്‍ തീരുമാനിച്ചിരിക്കുന്നു. അച്ഛന്റെ മുദ്ര പോലും വേണമെങ്കില്‍ ശരീരത്തില്‍ നിന്നും മാറ്റപ്പെടാം.എന്നാല്‍ മാതാവിന്റെ മുദ്രയെന്ന പൊക്കില്‍ക്കൊടി നീക്കം ചെയ്യാന്‍ ഈ ലോകത്ത് ഒരു ശസ്ത്രക്രിയകൊണ്ടും സാധ്യമല്ല. അത്ര വലിയ അടയാളമായി അത് ജ്വലിച്ച് നില്‍ക്കുന്നു.

ഈ ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം ഏതാണ്? അത് ദാരിദ്ര്യമല്ല. കാരണം ഇഷ്ടം പോലെ പട്ടിണി ലോകത്തുണ്ട്. ഒട്ടകത്തിന്റെ വിസര്‍ജ്യം ആഹരിക്കാന്‍ കാത്തുനില്‍ക്കുന്ന സുഡാനിലെ ഒരു ദരിദ്രബാലന്റെ ചിത്രംനീറുന്ന നോവായി എന്റെ മനസിലിന്നും നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ട് ഞാന്‍ പറയുന്നു, ”ദാരിദ്ര്യമല്ല ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം.
നിരക്ഷകരതയുമല്ല. കാരണം ഇന്നും ഒരുപാട് നിരക്ഷരര്‍ ലോകത്തുണ്ട്. തൊഴില്‍ രഹിതരുമുണ്ട്. അതുകൊണ്ട് ഇതൊന്നുമല്ല ലോകം നേരിടുന്ന മഹത്തായ പ്രശ്‌നം.

യഥാര്‍ത്ഥ പ്രശ്‌നമായി എനിക്ക് തോന്നുന്നത് സ്‌നേഹശൂന്യതയാണ്. അതില്‍ നിന്നാണ് വര്‍ഗീയത ഉണ്ടാകുന്നത്. ഭീകരവാദം ഉണ്ടാകുന്നത്. അതെ അതില്‍ നിന്നാണ് മാതാവിനെ ആട്ടിപ്പുറത്താക്കാനുള്ള അവസരം ഉണ്ടാകുന്നത്. അതില്‍ നിന്നാണ് പ്രായമായ അച്ഛനെ അവഗണിക്കാനുള്ള മനോഭാവം വളരുന്നത്.

”മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം” എന്ന് പ്രവാചകന്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് പ്രായമെത്തിയാല്‍ അവരോട് ഛെ എന്ന് വാക്കുപോലും പറയരുതെന്നും ഖുറാന്‍ വിലക്കിയിട്ടുണ്ട്. ഛെ എന്ന ഒരു വാക്ക് മതി അവരുടെ മനസിന് വേദന സൃഷ്ടിക്കാന്‍. നീ നിന്റെ അച്ഛനെ തൊഴിക്കണമെന്നില്ല. അനുചിതമായ ഇത്തരമൊരു വാക്ക് ഉച്ചരിച്ചാല്‍ മതി അവരുടെ ഹൃദയം നോവാന്‍. അതിനാല്‍ വാക്കുകൊണ്ട് പോലും അവരുടെ ഹൃദയം വേദനിപ്പിക്കരുത്. ദൈവത്തോട് നന്ദി ചെയ്യുന്നതുപോലെ നീ നിന്റെ മാതാപിതാക്കളോടും നന്ദി ചെയ്യണമെന്നും ഖുറാന്‍ കല്‍പ്പിക്കുന്നുണ്ട്. അതിനാല്‍ ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം സ്‌നേഹ ശൂന്യതയാണെന്ന് നാം മറക്കാതിരിക്കുക. അതോര്‍മ്മിപ്പിച്ചത് മദര്‍ തെരേസയാണ്. ഒരുപാട് മക്കളെ മാറോട് ചേര്‍ത്ത് പിടിച്ചൊരമ്മ. സ്‌നേഹമെല്ലാ ജയിക്കും സ്‌നേഹമെല്ലാം പൊറുക്കും എന്ന് പഠിപ്പിച്ച ആ അമ്മയുടെ വാക്കുകള്‍ നമ്മുടെ മനസില്‍ മായാതെ നില്‍ക്കട്ടെ.

കുഞ്ഞുബാല്യത്തിലേക്ക് ഒന്നുകൂടി മടങ്ങാം. നാം രാത്രി ഉറങ്ങിക്കിടക്കുമ്പോഴാകാം നമ്മുടെ പിതാവ് ജോലികഴിഞ്ഞ് ക്ഷീണിതനായിവന്നത്. അര്‍ദ്ധരാത്രിക്കുശേഷം തൊട്ടിലില്‍ക്കിടക്കുന്ന എ ന്നെയോ നിങ്ങളെയോ നോക്കി അമ്മയോട് അച്ഛന്‍ ചോദിക്കുന്നത്, ”എന്റെ മോന്‍ ഉറങ്ങിയോ?” എന്നാകും.

‘എന്റെ മോന്‍’ ഈ ലോകത്തില്‍ പരിഭാഷ ഇല്ലാത്ത പദങ്ങളിലൊന്നാണത്. ”കുഞ്ഞ് ഉറങ്ങിയെന്ന്…” അമ്മ സ്‌നേഹത്തോടെ പറഞ്ഞിട്ടുണ്ടാകാം. അപ്പോള്‍ പിതാവ് തൊട്ടിലില്‍ നിന്ന് നമ്മെ വാരിയെടുത്ത് മൂക്കോട് ചേര്‍ത്ത് ചുംബിച്ചത്. കവിളത്തും ശിരസിലും നെറ്റിയിലുമല്ല കുഞ്ഞിക്കാലുകള്‍ മൂക്കോട് ചേര്‍ത്ത് വച്ച് ആ പാവപ്പെട്ട മനുഷ്യന്‍ വിതുമ്പിയത്. അതിന്റെയൊരു സ്‌നേഹത്തിന്റെ മുഹൂര്‍ത്തം ഓര്‍മ്മയുണ്ടെങ്കില്‍ കേരളത്തിലെ വൃദ്ധസദനങ്ങള്‍ മുഴുവന്‍ അടച്ചിടാനും അവിടെയുള്ള വൃദ്ധ മാതാപിതാക്കളെ സ്വന്തം വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ഇവിടുത്തെ മക്കള്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആശയം ഇങ്ങനെയാണ്. ”വീട്ടിലെത്തിയശേഷം അമ്മയും അച്ഛനും ഒറ്റക്ക് കരയും. കാരണം മണ്ണുകൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തിന് പോ ലും ചന്തയില്‍ വലിയ വിലയായിരുന്നു. എന്നാല്‍ മക്കള്‍ക്ക് ജന്മമേകിയ മാതാപിതാക്കള്‍ക്കാവട്ടെ യാതൊരു വിലയുമില്ല..ആ കളിപ്പാട്ടത്തിന്റെ വിലയെങ്കിലും അമ്മക്കും അച്ഛനും അമ്മക്കും തിരിച്ചേല്‍പ്പിക്കുന്ന മഹാപ്രഭാതം നമ്മുടെ മനസിലുണ്ടാകട്ടെ.

അബ്ദുള്‍ സമദ് സമാദാനി

Leave A Reply

Your email address will not be published.