തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുൻനിർത്തി നാൽപ്പതിലേറെ പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. അതേസമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും ഇപ്പോള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് പുനര്‍ നിര്‍ണയം ചെയ്യുന്നതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടിവരുമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ പുനസംഘടന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറി തല സമിതി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ വിഭജിക്കേണ്ട പഞ്ചായത്ത് സംബന്ധിച്ച വിശദവിവരം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2011ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തേണ്ടത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 27,430 ആണ്. എന്നാല്‍ പല പഞ്ചായത്തുകളിലും 50,000 ത്തിലധികം ജനസംഖ്യയുണ്ട്.
ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്തുകളോ രൂപീകരിക്കണം. ഇതിന് അടിസ്ഥാനമാക്കാന്‍ കഴിയും വിധം തങ്ങളുടെ മേഖലയില്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ വിശദമായ വിവരം ഈ മാസം 20ന് മുന്പായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സര്‍ക്കാര്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ ലിസ്റ്റ് തയാറാക്കി ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മറ്റിയാണ് അന്തിമമായി പഞ്ചായത്ത് വിഭജനം പൂര്‍ത്തിയാക്കുക. ജനസംഖ്യപരിഗണിച്ച് 40 മുതല്‍ 50 വരെ പുതിയ പഞ്ചായത്തുകള്‍ ഉണ്ടായേക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റിയായോ മുന്‍സിപ്പിലാറ്റികളെ കോര്‍പറേഷനായോ ഉയര്‍ത്തില്ല. കഴിഞ്ഞ തവണ രൂപകൊണ്ട നഗരസഭകളുടെ അടിസ്ഥാന സൌകര്യം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അധിക സാന്പത്തിക ബാധ്യത വരുത്തിവെക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമപഞ്ചായത്തുകളുമാണ് നിലവിലുള്ളത്.